2,000 രൂപ നോട്ട് പിൻവലിക്കൽ; 76 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

By Web Team  |  First Published Jul 4, 2023, 11:46 AM IST

2023 ജൂൺ 30 വരെയുള്ള കാലയളവിൽ, 2.72 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകൾ ബാങ്കുകളിലെത്തിയെന്നും, ആർബിഐ വ്യക്തമാക്കുന്നു.


ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിട്ടുണ്ട്.  2023 ജൂൺ 30 വരെയുള്ള കാലയളവിൽ, 2.72 ലക്ഷം കോടി രൂപയുടെ 2000 ത്തിന്റെ നോട്ടുകൾ ബാങ്കുകളിലെത്തിയെന്നും, ആർബിഐ വ്യക്തമാക്കുന്നു. ബാങ്കുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമുള്ള കണക്കുകളാണിത്. ഇനി 0.84 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താനുണ്ടെന്നും ആർബിഐ പ്രസ്താവനയിൽ പറയുന്നു.

ALSO READ: മാറ്റങ്ങളുണ്ട്; ബാങ്ക് ലോക്കർ നിയമങ്ങൾ പുതുക്കി എസ്ബിഐ

2000 രൂപ മൂല്യമുള്ള മൊത്തം ബാങ്ക് നോട്ടുകളിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും, ബാക്കിയുള്ള 13 ശതമാനം നോട്ടുകൾ ആളുകൾ മാറ്റിയെടുത്തെന്നുമാണ്  പ്രധാന ബാങ്കുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ 2000 രൂപ നോട്ടുകളിൽ 50 ശതമനാവും തിരിച്ചെത്തിയതായി റിസർവ്വ് ബാങ്ക് ഓഫ്ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ  തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും കൂടുതൽ നോട്ടുകൾ നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്താദാസ് പറഞ്ഞിരുന്നു. ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 ത്തിന്റെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.

സെപ്റ്റംബർ 30നകം നോട്ടുകൾ പൊതുജനങ്ങൾക്ക് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം.  2000 രൂപ നോട്ടുകൾ ആളുകൾക്ക് ബാങ്കുകളിൽ എത്തി മാറിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഒരു സമയം ഇരുപതിനായിരം രൂപയുടെ നോട്ടുകൾ മാത്രമാകും മാറാനാകുക. എന്നാൽ 2000 രൂപ നോട്ടുകളുടെ നിക്ഷേപത്തിനു പരിധിയില്ല.

Latest Videos

click me!