2000 രൂപ നോട്ടുകളിൽ 72 ശതമാനവും ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

By Aavani P K  |  First Published Jun 24, 2023, 7:07 PM IST

2000 രൂപ നോട്ടുകൾ മാറുന്നതിനും നിക്ഷേപിക്കുന്നതിനും ജനങ്ങൾക്ക് സൗകര്യമൊരുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.


പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്..മെയ് 23 മുതൽ 2000 രൂപ നോട്ടുകൾ ആളുകൾക്ക് ബാങ്കുകളിൽ മാറിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഒരു സമയം 20000 രൂപയുടെ നോട്ടുകൾ മാത്രമാകും മാറാനാകുക. നിക്ഷേപത്തിനു പരിധിയില്ല. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. 2000 രൂപ നോട്ടുകൾ മാറുന്നതിനും നിക്ഷേപിക്കുന്നതിനും ജനങ്ങൾക്ക് സൗകര്യമൊരുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മെയ് 23 മുതലാണ് 2000 രൂപ കറൻസി നോട്ടുകൾ മാറ്റാനുള്ള സൗകര്യം ആരംഭിച്ചത്.
 

പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ 2000 രൂപ നോട്ടുകളിൽ 50 ശതമനാവും തിരിച്ചെത്തിയതായി റിസർവ്വ് ബാങ്ക് ഓഫ്ഇന്ത്യ വ്യക്തമാക്കിയിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും കൂടുതൽ നോട്ടുകൾ നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ ഗവർണർ ശക്തികാന്താദാസ് പറഞ്ഞിരുന്നു. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 3.62 ലക്ഷം കോടി രൂപയുടെ  2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.

2018- 19ൽ 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തിയിരുന്നു. 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയതെന്നും അവയുടെ കണക്കാക്കിയ 4- 5 വർഷത്തെ ആയുസ് അവസാനിക്കാറായെന്നും  നേരത്തെ ആർബിഐ അറിയിച്ചിരുന്നു.

click me!