സ്വപ്ന ഭവനം പടുത്തുയർത്താൻ ലോൺ തുക വർദ്ധിപ്പിക്കുന്നതിന് ചില വഴികളുണ്ട്. അതായത് വായ്പ എടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും അനുസരിച്ചാണ് ബാങ്കുകൾ ലോൺ തുക അനുവദിക്കുന്നത്.
സ്വന്തമായി വീട് വേണമെന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമായിരിക്കും. എന്നാൽ നിർമ്മാണച്ചെലവുകൾക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആധി പലരുടെയും സ്വപ്നങ്ങൾക്ക് മങ്ങലേല്പിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഭവനവായ്പകൾ വലിയൊരാശ്വാസം തന്നെയാണ് എന്നാൽ കുറഞ്ഞ വായ്പാതുകയും, കൂടിയ പലിശനിരക്കുമാണ് പലർക്കും തിരിച്ചടിയാവുന്നത്. റിപ്പോ നിരക്ക് ഉയരുന്നത് ഭവനവായ്പകളെ ബാധിക്കും .2022 മേയ് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചു. ഇതിനെത്തുടർന്ന്, വായ്പ നൽകുന്ന സ്ഥാപനങ്ങൾ ഭവനവായ്പകളുടെ പലിശ നിരക്ക് വർധിപ്പിച്ചു, ഇത് ഉയർന്ന ഇഎംഐയ്ക്കും കുറഞ്ഞ ഭവനവായ്പ തുകയ്ക്കും കാരണവുമായി.
ഭവനവായ്പാ തുക എങ്ങനെ വർദ്ധിപ്പിക്കാം?
നിങ്ങളുടെ സ്വപ്ന ഭവനം പടുത്തുയർത്താൻ ലോൺ തുക വർദ്ധിപ്പിക്കുന്നതിന് ചില വഴികളുണ്ട്. അതായത് വായ്പ എടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും അനുസരിച്ചാണ് ബാങ്കുകൾ ലോൺ തുക അനുവദിക്കുന്നത്. ഉപഭോക്താവിന്റെ പ്രായം, ശമ്പളം, വരുമാന സ്രോതസ്സുകൾ, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ ബാങ്കുകൾ കണക്കിലെടുക്കും.
ALSO READ: ഐഡി പ്രൂഫും, അപേക്ഷാ ഫോമും വേണ്ടെന്ന് എസ്ബിഐ; 2000 ത്തിന്റെ നോട്ട് ഇന്ന് മുതൽ മാറ്റിയെടുക്കാം
ക്രെഡിറ്റ് സ്കോർ
മികച്ച ക്രെഡിറ്റ് സ്കോർ ഒരു വായ്പക്കാരനെ കുറഞ്ഞ നിരക്കിൽ ഉയർന്ന തുക വായ്പയ്ക്ക് യോഗ്യനാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്‌ഡിഎഫ്‌സി പോലുള്ള വായ്പാ സ്ഥാപനങ്ങൾ വായ്പയെടുക്കുന്നയാൾക്ക് നല്ല ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ വായ്പ പലിശ നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
വായ്പാ കാലാവധി വർദ്ധിപ്പിക്കുക
നിങ്ങളുടെ ലോൺ കാലാവധി വർദ്ധിപ്പിക്കുന്നത് ഇഎംഐ കുറയ്ക്കുന്നതിനും ഉയർന്ന ഭവനവായ്പ തുക ലഭ്യമാക്കുന്നതിനും നിങ്ങളെ സഹായിക്കും. എന്നാൽ ദൈർഘ്യമേറിയ കാലാവധി വായ്പയുടെ പലിശ ചെലവ് വർദ്ധിപ്പിക്കും, അതിനാൽ വായ്പയെടുക്കുന്നവർ തീരുമാനമെടുക്കുന്നതിന് ഇക്കാര്യം ഓർക്കണം
സഹ-വായ്പക്കാരനെ ചേർക്കുക
മികച്ച ക്രെഡിറ്റ് സ്‌കോറും വരുമാനവുമുള്ള നിങ്ങളുടെ പങ്കാളിയെയോ കുടുംബാംഗത്തെയോ സഹ-വായ്പാക്കാരൻ ആക്കുന്നത് നല്ലതാണ്.. സംയുക്തമായി ഭവനവായ്പ എടുക്കുന്നതിന് പങ്കാളിയെയോ മാതാപിതാക്കളെയോ ഒപ്പം ചേർക്കാമെന്ന് ചുരുക്കം. കടം വാങ്ങുന്നവരുടെ മൊത്തം വരുമാനം നോക്കിയാണ് കടം കൊടുക്കുന്നവർ സാധാരണയായി വായ്പാ അർഹത തീരുമാനിക്കുന്നത്.
ഡൗൺ പേയ്‌മെന്റ് വർദ്ധിപ്പിക്കുക
ഡൗൺ പേയ്‌മെന്റ് വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. കടം വാങ്ങുന്നവർക്ക് മതിയായ സമ്പാദ്യം ഉണ്ടെങ്കിൽ, അവർക്ക് ഡൗൺ പേയ്‌മെന്റ് വർദ്ധിപ്പിക്കാനും വായ്പതിരിച്ചടവ് തുക കുറയ്ക്കാനും കഴിയും. ഇത് ഇഎംഐ തുക കുറയ്ക്കുകയും വായ്പ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കുകയും ചെയ്യും