പണം കൈകാര്യം ചെയ്യാൻ അറിയില്ലേ? മോശം സാമ്പത്തിക ശീലങ്ങള്‍ എങ്ങനെ ഒഴിവാക്കാം

By Web Team  |  First Published Nov 20, 2023, 7:36 PM IST

അശ്രദ്ധമായി പണം കൈകാര്യം ചെയ്യുന്ന ശീലം ഇല്ലാതാക്കാൻ സഹായിക്കുന്ന ഫലപ്രദമായ മാർഗങ്ങളുണ്ട്. മോശം സാമ്പത്തിക ശീലങ്ങളും അവ മറികടക്കുന്നതിനുള്ള വഴികളും പരിശോധിക്കാം


ണം കൈകാര്യം ചെയ്യുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിൽ  ശ്രദ്ധാലുവല്ലെങ്കിൽ, ചില ശീലങ്ങൾ ആ വ്യക്തികളെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തും. എന്നിരുന്നാലും, അശ്രദ്ധമായി പണം കൈകാര്യം ചെയ്യുന്ന ശീലം ഇല്ലാതാക്കാൻ സഹായിക്കുന്ന ഫലപ്രദമായ മാർഗങ്ങളുണ്ട്. മോശം സാമ്പത്തിക ശീലങ്ങളും അവ മറികടക്കുന്നതിനുള്ള വഴികളും പരിശോധിക്കാം.

അമിത ചെലവ്

പണം ചെലവിടുന്നതിൽ അച്ചടക്കത്തോടെയുള്ള സമീപനം വളർത്തിയെടുക്കാൻ സഹായിക്കുന്ന വഴിയാണ് ബജറ്റിംഗ്. ഒരു ബജറ്റ് ഇല്ലെങ്കിൽ, അമിതമായി ചെലവഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് ഒഴിവാക്കാൻ, പ്രതിമാസ ബജറ്റ് ഉണ്ടാക്കിയാൽ  വരുമാനവും ചെലവും മനസിലാക്കാം. സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി  ചെലവുകൾ വെട്ടിക്കുറയ്ക്കാനും,  മുൻഗണന നൽകേണ്ട  മേഖലകൾ തിരിച്ചറിനും ബജറ്റ്  നിങ്ങളെ സഹായിക്കും.

അമിത കടം

വിവേചനരഹിതമായ വായ്പ ഉപഭോഗം അമിതമായ കടത്തിലേക്ക് നയിച്ചേക്കാം. ഇത് പലപ്പോഴും വൈകി  പിഴ പലിശ നൽകുന്നതിലേക്കടക്കം നയിക്കാം. ഇത് ഒഴിവാക്കാനുള്ള പ്രധാന കാര്യം, കടം  വിനാശകരമായി ഉപയോഗിക്കുന്നതിന് പകരം ഉൽപ്പാദനപരമായി ഉപയോഗിക്കാമെന്ന് മനസിലാക്കുകയാണ്.  പ്രതിമാസ ചെലവുകൾക്കായി ഒരു ബഡ്ജറ്റ് ഉണ്ടാക്കുക. ഉദാഹരണത്തിന്, ആസ്തി നിർമ്മിക്കാൻ സഹായിക്കുന്ന ഒരു വായ്പയാണ് ഹോം ലോൺ. പക്ഷേ, കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കടത്തിലേക്ക് നയിക്കുന്ന വിനാശകരമായ വായ്പയുടെ ഒരു രൂപമാണ്.

അടിയന്തര ഫണ്ടില്ലാത്ത അവസ്ഥ

ഒരു അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഉപയോഗിക്കേണ്ടി വന്നാലോ ? അങ്ങനെ ചെയ്യുന്നത് സമ്പാദ്യം ഇല്ലാതാക്കാം . അപ്രതീക്ഷിത സാഹചര്യങ്ങളിൽ  സഹായികരമാകുന്ന ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക.  എമർജൻസി ഫണ്ടിന്റെ അഭാവത്തിൽ, അപ്രതീക്ഷിത ചെലവുകൾ നികത്താൻ ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ അല്ലെങ്കിൽ മറ്റ് ഉയർന്ന പലിശയുള്ള വായ്പാ മാർഗങ്ങളെ ആശ്രയിക്കാൻ  നിർബന്ധിതരായേക്കാം, ഇവയെല്ലാം വലിയ കടത്തിൽ വീഴ്ത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.

ഇൻഷുറൻസ് ഇല്ല

അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് വ്യക്തികളെയും ആസ്തികളെയും സംരക്ഷിക്കുന്നതിനുള്ള ഒരു സുരക്ഷാ വലയമായി ഇൻഷുറൻസ് പ്രവർത്തിക്കുന്നു.   കുടുംബത്തിന്റെ മെഡിക്കൽ ചരിത്രവും ആവശ്യങ്ങളും വിലയിരുത്തുകയും വാർഷിക വരുമാനത്തിന്റെ 50% എങ്കിലും കൂടുതൽ ആരോഗ്യ പരിരക്ഷ നേടുകയും ചെയ്യണം. ചെലവേറിയ ആശുപത്രിവാസം ആവശ്യമായ സാഹചര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഇൻഷുറൻസ് സഹായകരമാകും .ഇതോടൊപ്പം മതിയായ ലൈഫ് ഇൻഷുറൻസ് പോളിസിയും ഉറപ്പാക്കണം

റിട്ടയർമെന്റ് ആസൂത്രണം ചെയ്യാത്ത അവസ്ഥ

വിരമിക്കൽ എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണ്. റിട്ടയർമെന്റ് ആസൂത്രണം എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും നല്ലത്.  എത്രത്തോളം നിക്ഷേപം തുടരുന്നുവോ അത്രയും മികച്ച റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കുന്നതിന് സാധിക്കും .

ക്രെഡിറ്റ് കാർഡിന്റെ നിരുത്തരവാദപരമായ ഉപയോഗം

ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാതിരിക്കുക, ക്രെഡിറ്റ് കാർഡിലെ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കുക എന്നിവ നിരുത്തരവാദപരമായ പണമിടപാടുകളുടെ ചില ഉദാഹരണങ്ങളാണ്. ഈ ശീലങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുക മാത്രമല്ല, കടക്കെണിയിലാക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ബില്ലുകൾ പൂർണ്ണമായി, കൃത്യസമയത്ത് അടയ്ക്കുകയും നിങ്ങളുടെ ലഭ്യമായ മൊത്തം ക്രെഡിറ്റ് പരിധിയുടെ 30% ഉള്ളിൽ തുടരുകയും ചെയ്യുക എന്നതാണ് നല്ലത്.

tags
click me!