ഇ കോമേഴ്സ് ആപ്പുകള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ദൗര്‍ബല്യങ്ങളെല്ലാം ചൂഷണം ചെയ്തുകൊണ്ടുള്ള വില്‍പനയാണ് നടത്തുന്നതെന്ന് ചുരുക്കം. ഈ വില്‍പന തന്ത്രങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം
പ്രത്യേക ഡിസ്കൗണ്ട്, ഫെസ്റ്റിവല്‍ ഓഫര്‍ എന്നിങ്ങനെയൊക്കെയുള്ള പേരുകളില്‍ വമ്പിച്ച കച്ചവടമാണ് ഉല്‍സവ സീസണായതോടെ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓഫര്‍ ഉള്ളതുകൊണ്ട് എന്തെങ്കിലും വാങ്ങിക്കാം എന്നു കരുതിയാലും വിചാരിച്ചതില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കുന്നവരാണ് പലരും. ഇ കോമേഴ്സ് ആപ്പുകള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ദൗര്‍ബല്യങ്ങളെല്ലാം ചൂഷണം ചെയ്തുകൊണ്ടുള്ള വില്‍പനയാണ് നടത്തുന്നതെന്ന് ചുരുക്കം. ഈ വില്‍പന തന്ത്രങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് പരിശോധിക്കാം
1. ഗോള്‍ഡിലോക്സ് തന്ത്രം
undefined
ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്‍റെ ഒരു പ്രത്യേക വില നിലവാരത്തിലുള്ള മോഡല്‍ വിറ്റുപോകണമെന്ന് ഒരു കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ വ്യത്യസ്ത ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്ത വിലയ്ക്ക് വില്‍ക്കും. ഉദാഹരണത്തിന് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ആണ് കൂടുതലായി വില്‍ക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നതെങ്കില്‍ പ്രീമിയം മോഡലും ബേസിക് മോഡലും സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ കൂടെ കമ്പനി അവസരിപ്പിക്കും. പ്രീമിയം മോഡലിന് ഉയര്‍ന്ന വിലയായിരിക്കും. ബേസിക് മോഡലിന് കുറഞ്ഞ വിലയാണെങ്കിലും ഫീച്ചേഴ്സ് കുറവായിരിക്കും. സ്വാഭാവികമായും ആളുകള്‍ കൂടുതലായി വാങ്ങുന്നത് സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും
എങ്ങനെ ഈ തന്ത്രത്തില്‍ നിന്ന് രക്ഷപ്പെടാം?
ഉപഭോക്താവിന്‍റെ ആവശ്യം എന്താണോ അതനുസരിച്ചുള്ള ഉല്‍പ്പന്നം തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. വില്‍ക്കുന്ന കമ്പനി നിര്‍ദേശിക്കുന്നതായിരിക്കരുത് ഉപഭോക്താവിന്‍റെ ഇഷ്ടം
2. ക്യൂരിയോസിറ്റി ഗ്യാപ്പ് ടെക്നിക്
ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന്‍റെ ചെറിയൊരു വിവരണം മാത്രം നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന വിദ്യയാണിത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് പോലെ ഉപഭോക്താവിന്‍റെ ആകാംക്ഷ ചൂഷണം ചെയ്യുകയാണിവിടെ
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഉല്‍പ്പന്നത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല, പക്ഷെ ആ ഉല്‍പ്പന്നം വാങ്ങുന്നതിന് മുന്‍പ് പല തവണ ആലോചിക്കുക, അതേ ഉല്‍പ്പന്നം മറ്റു കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്യുക.
3. ഫ്രെയിമിംഗ് ഇഫക്ട്
ഒരു ഉല്‍പ്പന്നത്തിന്‍റെ യഥാര്‍ത്ഥ വില 500 രൂപ.. അതേ ഉല്‍പ്പന്നം 50 ശതമാനം ഡിസ്കൗണ്ട് എന്ന് ഓഫര്‍ നല്‍കി 1000 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ആ ഉല്‍പ്പന്നം വാങ്ങാനുള്ള പ്രവണത ആളുകള്‍ക്കിടയിലുണ്ട്.
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
യഥാര്‍ത്ഥ വില എത്രയാണെന്ന് അറിഞ്ഞിരിക്കുക, ഓഫറുകളുടെ മായാവലയത്തില്‍ പെടാതിരിക്കുക
4. കടപ്പാടിന്‍റെ തന്ത്രം
ഒരു സ്ഥാപനത്തില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങാന്‍ പോകുമ്പോള്‍ അവര്‍ ആ വ്യക്തിക്ക് മാത്രമായി പ്രത്യേക ഓഫറോ, ഡിസ്കൗണ്ടോ നല്‍കുമ്പോള്‍ ആ ഉപഭോക്താവ് വീണ്ടും ആ സ്ഥാപനത്തില്‍ തന്നെ പോകാന്‍ ശ്രമിക്കും, മറ്റുള്ളവരോട് ആ സ്ഥാപനത്തെക്കുറിച്ച് സംസാരിക്കും.അത് വഴി ആ സ്ഥാപനത്തിന് സ്ഥിരമായി ഒരു ഉപഭോക്താവിനെ ലഭിക്കും, കൂടാതെ പുതിയ ഉപഭോക്താക്കളെയും.
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഓഫറുകള്‍ സ്വീകരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല, പക്ഷെ ആ ഉല്‍പ്പന്നത്തിന് ആവശ്യമായ ഗുണനിലവാരം ഉണ്ടോ, ബജറ്റില്‍ ഒതുങ്ങുന്നതാണോ, അത് ആവശ്യമുള്ളതാണോ എന്നൊക്കെ പരിശോധിക്കണം
5. സാമൂഹികമായ ചുറ്റുപാട്
സമൂഹത്തില്‍ മറ്റുള്ളവരുടെ വാങ്ങലുകള്‍ നമ്മളെയും സ്വാധീനിക്കാം. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങാന്‍ ചെറുതായി ആഗ്രഹിക്കുകയാണെന്നിരിക്കട്ടെ, അതേ ഉല്‍പ്പന്നത്തിന്‍റെ പോസിറ്റീവ് റിവ്യൂ കണ്ടാല്‍ പൂര്‍ണായി ആഗ്രഹമില്ലെങ്കില്‍ പോലും ആ ഉല്‍പ്പന്നം വാങ്ങിപ്പോകും.അല്ലെങ്കില്‍ ഏതെങ്കിലും ഒരു സെലിബ്രിറ്റി നിര്‍ദേശിച്ചാലും ആ ഉല്‍പ്പന്നം വാങ്ങുന്നത് പരിഗണിക്കും. മറ്റുള്ളവരുടെ നിലപാട് ആണ് ഇവിടെ നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുന്നത്.
ഈ പ്രവണതയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം അറിയാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് അത് വാങ്ങണമെന്ന് തീരുമാനിക്കരുത്
6. മിയര്‍ എക്സ്പോഷര്‍ ഇഫക്ട്
എപ്പോഴും പരസ്യത്തില്‍ കാണുന്ന ഒരു ഉല്‍പ്പന്നം, കൂടുതല്‍ പരിചയമുള്ളതായി തോന്നും. മറ്റൊന്നും പരിഗണിക്കാതെ പരസ്യം കണ്ട പരിചയത്തില്‍ മാത്രം ഒരു ഉല്‍പ്പന്നം വാങ്ങുന്നതാണ് ഇവിടെ കണ്ടുവരുന്ന പ്രവണത.
ഈ പ്രവണതയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം.
സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുമ്പോള്‍ ആവശ്യമുള്ളവയുടെ പട്ടികയുമായി പോവുക. ആവശ്യമുള്ളത് മാത്രം വാങ്ങുക, കടയില്‍ പരസ്യത്തില്‍ കാണുന്ന ഉല്‍പ്പന്നമുണ്ടെന്ന് കരുതി അത് വാങ്ങാതിരിക്കുക.
7. ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നം വാങ്ങിപ്പിക്കുക
താരതമ്യേന ഉയര്‍ന്ന വിലയുള്ള ഒരു ഉല്‍പ്പന്നം കുറഞ്ഞ വിലയ്ക്കോ, മികച്ച ഗുണനിലവാരത്തിലോ നിങ്ങള്‍ക്ക് നല്‍കാം. നിങ്ങള്‍ക്ക് മാത്രമായി ലഭിക്കുന്ന ഓഫറില്‍ വീണ് അത് വാങ്ങിയേക്കാം
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
നിങ്ങള്‍ക്ക് മാത്രമായി ഒരു ഓഫറും ലഭിക്കില്ലെന്ന് ആദ്യം മനസിലാക്കുക. ഉയര്‍ന്ന വില കാരണം വാങ്ങേണ്ടെന്ന് വച്ച ഒരു ഉല്‍പ്പന്നം നിങ്ങളെ കൊണ്ട് വാങ്ങിക്കാനുള്ള തന്ത്രം മാത്രമാണ് പ്രത്യേക ഓഫര്‍ എന്നും അറിഞ്ഞിരിക്കുക.
8. നിങ്ങളുടെ സ്വന്തം ആളായി മാറുന്ന വില്‍പ്പനക്കാരന്‍
ഉപഭോക്താവിന്‍റെ ഭാഷാ രീതിയോ, സ്റ്റൈലോ അനുകരിച്ച് സ്വന്തം ആളായി മാറി വില്‍പന നടത്തുന്നവരുണ്ട്. അടുപ്പം തോന്നിപ്പിച്ച് എന്തെങ്കിലും ആ വ്യക്തിയില്‍ നിന്ന് വാങ്ങിപ്പിക്കുന്നതില്‍ ഇത്തരം വില്‍പ്പനക്കാര്‍ വിജയിക്കാറുണ്ട്.
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഉല്‍പ്പന്നത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുക, അതിന്‍റെ ഗുണനിലവാരം, വില എന്നിവ മാത്രം ശ്രദ്ധിക്കുക, വില്‍പ്പനക്കാരെയല്ല.
9. ലഭ്യത കുറവാണെന്ന് കാണിച്ചുള്ള വില്‍പ്പന
ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഇനി കുറച്ച് മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് കാണിച്ചുള്ള വില്‍പ്പന പല സ്ഥാപനങ്ങളും നടത്താറുണ്ട്, പ്രത്യേകിച്ച് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍. തങ്ങള്‍ക്കത് നഷ്ടമാകരുതെന്ന് കരുതി പലരും ആവശ്യമില്ലെങ്കിലും ആ ഉല്‍പ്പന്നം വാങ്ങിക്കാറുണ്ട്
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ആ ഉല്‍പ്പന്നം കുറച്ച് കാലത്തിന് ശേഷവും അതേ സ്ഥാപനം വഴി തന്നെ വില്‍പന നടത്തിയേക്കും, അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാം. അതുകൊണ്ട് പരിഭ്രാതരായി കൊണ്ടുള്ള ഷോപ്പിംഗ് ഒഴിവാക്കുക.
10. കഥ പറഞ്ഞുള്ള വില്‍പന
ഉല്‍പ്പന്നം വില്‍ക്കുന്നവര്‍ക്ക് അതേ ഉല്‍പ്പന്നത്തെക്കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരു കഥ പോലെ ആകര്‍ഷകമായ രീതിയില്‍ ഉല്‍പ്പന്നത്തെക്കുറിച്ച് വിവരിക്കും. വിശ്വാസ്യത ഉണ്ടാക്കി ഉല്‍പ്പന്നം വില്‍ക്കാന്‍ അവര്‍ക്ക് ഇതിലൂടെ സാധിക്കും.
ഈ തന്ത്രത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം.
ഇതേ ഉല്‍പ്പന്നം ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു പക്ഷെ മറ്റൊരിടത്ത് നിന്ന് ലഭിച്ചേക്കാം, അല്ലെങ്കില്‍ മറ്റ് ബ്രാന്‍റുകളില്‍ നിന്നും ലഭിച്ചേക്കാം. അതുകൊണ്ട് കഥയില്‍ വീഴാതെ ഉല്‍പ്പന്നത്തില്‍ മാത്രം ശ്രദ്ധിക്കുക