വടകര സീറ്റിനെ ചൊല്ലി എൽ ഡി എഫിലെ ഘടക കക്ഷികളിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല, എതിർ സ്വരങ്ങൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും ഇടത് സ്ഥാനാർത്ഥി പി ജയരാജൻ
വടകര: വടകര സീറ്റിനെ ചൊല്ലി എൽ ഡി എഫിലെ ഘടക കക്ഷികളിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് ഇടത് സ്ഥാനാർത്ഥി പി ജയരാജൻ. എതിർ സ്വരങ്ങൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും പി ജയരാജൻ വ്യക്തമാക്കി. കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ പുഷ്പന്റെ വീട് സന്ദർശിച്ച് ജയരാജൻ പ്രചാരണത്തിന് തുടക്കമിട്ടു.
രക്തസാക്ഷി കുടുംബങ്ങളിലും പഴയകാല നേതാക്കളുടെ വീടുകൾ സന്ദർശിക്കാനുമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചയുടൻ വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും, കണ്ണൂരിലെ സ്ഥാനാർത്ഥി പി കെ ശ്രീമതിയും സമയം കണ്ടെത്തിയത്. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചയുടൻ രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ വീട്ടിലും, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ വീട്ടിലുമെത്തി അനുഗ്രഹം വാങ്ങാനാണ് പി ജയരാജൻ പോയത്.
പി കെ ശ്രീമതിയും അഴീക്കോടൻ രാഘവന്റെ വീട്ടിലെത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇതിനിടെ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിൽ കണ്ണൂരിലെ സ്ഥാനാർത്ഥി പി കെ ശ്രീമതിയും പി ജയരാജനും ഒരുമിച്ചെത്തി. വടകര പിടിച്ചെടുക്കുമെന്ന് പി ജയരാജന്‍ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കുടിവെള്ള ക്ഷാമമുള്ള ഇടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കൂടി ആഹ്വാനം ചെയ്ത പി ജയരാജൻ കൃത്യമായ ആസൂത്രണത്തോടെയാണ് ഗോദയിലിറങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. പ്രചാരണം മുൻപേ തുടങ്ങിയ പി കെ ശ്രീമതിയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ഇരു സ്ഥാനാർത്ഥികളും ഒരുമിച്ചെത്തി.