കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ

By Web Team  |  First Published Jan 2, 2020, 6:23 AM IST

ഇത്തവണ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. പരസ്യമായി തമ്മിലടിക്കാൻ ഇരുപക്ഷത്തെയും അനുവദിക്കില്ല. പരസ്യപ്രസ്താവന പാടില്ലെന്ന് ഇരുപക്ഷത്തോടും മുന്നറിയിപ്പ്. 


ആലപ്പുഴ/കോട്ടയം: ഉപതെരഞ്ഞെടുപ്പ് ഉറപ്പായ കുട്ടനാട്ടില്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് ജോസ് - ജോസഫ് പക്ഷങ്ങള്‍ യുഡിഎഫുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. തര്‍ക്കം മുറുകിയാല്‍ പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കി പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് നീക്കം.

പാലായ്ക്ക് ശേഷം ജോസും ജോസഫും വീണ്ടും യുഡിഎഫിന് തലവേദനായകുന്നു. പക്ഷേ ഇക്കുറി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.പാലയിലെ തോല്‍വിക്ക് കാരണം ജോസഫും ജോസും തമ്മിലുള്ള തര്‍ക്കമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ട് കുട്ടനാട്ടില്‍ കരുതലോടെ നീങ്ങാനാണ് തീരുമാനം. ജോസഫും ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളുമായി സീറ്റ് ആവശ്യപ്പെട്ട് ഫോണിലൂടെ ചര്‍ച്ച നടത്തി.ഇ രുകൂട്ടരോടും ഇക്കാര്യത്തില്‍ വിവാദ പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് യുഡിഎഫ് നിര്‍ദേശം.

Latest Videos

undefined

ജനുവരി ആറിന് സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനിക്കാൻ ജോസഫ് വിഭാഗവും കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്. പി ജെ ജോസഫ് യോഗത്തിൽ പങ്കെടുത്തേക്കും. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ച ജോസഫ് പക്ഷ നേതാവ് ജേക്കബ് എബ്രഹാം ഇത്തവണയും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ എല്ലാവര്‍‍ക്കും സ്വീകാര്യനായ ഒരാളെ കുട്ടനാട് നിര്‍ത്തണം.

തോമസ് ചാണ്ടിയുടെ അഭാവത്തില്‍ കുട്ടനാട്ടില്‍ വിജയം നേടാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതുകൊണ്ടു തന്നെ പാലാ കയ്യിൽ നിന്ന് പോയതുപോലെ, കുട്ടനാടും കയ്യിൽ നിന്ന് കളയാൻ യുഡിഎഫ് തയ്യാറല്ല. കെപിസിസി തലത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ആർക്ക് സീറ്റ് നൽകുമെന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഡോ കെ സി ജോസഫ് ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഇപ്പോൾ സാഹചര്യമിതല്ല. ആര് സ്ഥാനാർഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു.

എൽഡിഎഫിലും ചർച്ചകൾ സജീവം

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇതിനകം മുന്നണികൾ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൽഡിഎഫിനും, കേരള കോൺഗ്രസിലെ തർക്കങ്ങൾ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി - ബിഡിജെഎസ് തർക്കം എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.

സ്ഥാനാർഥി നിർണയമാണ് തന്നെയാണ് കീറാമുട്ടി. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻസിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എൻസിപിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. 

കേരള കോണ്‍ഗ്രസിലെ തര്‍ക്കം കനത്താല്‍ പാലായിലെ ദുരന്തം ആവർത്തിക്കാതിരിക്കാനായ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്തുക ശ്രമകരമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് കുട്ടനാട്. എന്നാൽ ബിജെപി - ബിഡിജെഎസ് തർക്കത്തിൽ അയവില്ലാത്തത് എൻഡിഎയിലെ സ്ഥാനാർഥി ചർച്ചകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

click me!