വായ്പ നല്‍കില്ലെന്ന് പറയണമെങ്കില്‍ അതിന്റെ വ്യക്തമായ കാരണങ്ങള്‍ എഴുതി നല്‍കേണ്ടതുമുണ്ട്.
റിയാസും ടോമും നീലിമയും കൂടി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. അടിപൊളി പ്രസന്റേഷനുകളും മറ്റുമായി നിക്ഷേപകരെ തേടുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്ത പ്രധാന പണി. ഇപ്പോഴും നിക്ഷേപകരാരും അടുക്കുന്നില്ല. വീട്ടുകാര്‍ തന്ന പണവും തീര്‍ന്നു. വായ്പയ്ക്കായി കയറിയിറങ്ങാത്ത ബാങ്കുകളുമില്ല. ഇതിനിടെ, ലോക്ഡൗണ്‍ വന്നതോടെ മൂവരും നാട്ടിലേക്ക് മടങ്ങി. വെറുതെ ഇരിക്കണ്ടല്ലോ എന്നു കരുതി ജോലികള്‍ക്ക് അപേക്ഷയും നല്‍കി ടെസ്റ്റുകള്‍ക്ക് തയ്യാറെടുക്കലാണ് ഇപ്പോഴത്തെ അവസ്ഥ. സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങളുമായി ഇറങ്ങിത്തിരിച്ച് എങ്ങുമെത്താതെ പോകുന്ന ഇവരെ പോലെയുള്ള ഭാവി സംരംഭകര്‍ ഒട്ടനവധിയുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ വായ്പ നല്‍കാന്‍ പ്രാധാന്യം നല്‍കി പരിഗണിക്കേണ്ട മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയിരിക്കുന്നു.
മുന്‍പരിചയം എന്ന കീറാമുട്ടി
undefined
സ്റ്റാര്‍ട്ടപ്പുകള്‍ വിജയിച്ചാല്‍ പണം മുടക്കാന്‍ നിക്ഷേപകര്‍ തിക്കിത്തിരക്കും. എന്നാല്‍, വിജയിക്കും വരെ തുടങ്ങാനും പിടിച്ചു നില്‍ക്കാനും പണം വേണ്ടേ? എന്തിനും ഏതിനും വായ്പ നല്‍കുന്ന ബാങ്കുകള്‍ പോലും സ്റ്റാര്‍ട്ടപ്പുകളെ ബിസിനസ് ലൈനിലുള്ള മുന്‍പരിചയമുണ്ടോ എന്ന് ഉത്തരം നല്‍കാനാകാത്ത ചോദ്യമിട്ട് പിന്തിരിപ്പിക്കും. നട്ടാലല്ലേ വളരാനാകൂ, വളര്‍ന്നാലല്ലേ പൂക്കാനാകൂ, പൂത്താലല്ലേ കായ്ക്കാനാകൂ എന്ന അടിസ്ഥാന സത്യം നിക്ഷേപകരും മുന്‍നിര ധനകാര്യ സ്ഥാപനങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. കൃഷി, കച്ചവടം തുടങ്ങിയ സംരംഭങ്ങള്‍ എന്ന അതേ പരിഗണന നല്‍കി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നയം ബാങ്കുകളെ നിര്‍ബന്ധിതരാക്കും.
മുന്‍ഗണനാ വായ്പ
പൊതുമേഖലയെന്നോ, സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ ഒരു ഭാഗം ഉറപ്പായും നല്‍കേണ്ടത് മുന്‍ഗണനാ വിഭാഗം എന്നറിയപ്പെടുന്ന മേഖലകളിലേക്കായിരിക്കണം എന്നത് റിസര്‍വ് ബാങ്ക് നിയമമാണ്. കൃഷി, ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍, ഭവന നിര്‍മാണം തുടങ്ങിയ ആവശ്യങ്ങളാണ് നിഷേധിക്കാനാകാത്ത രീതിയില്‍ വായ്പ നല്‍കിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഒരു ഭാഗം ഇനി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാറ്റിവയ്ക്കും.
വായ്പ തരാതിരിക്കാനാകില്ല
മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നതോടെ വായ്പയ്ക്കായി അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകളോട് കീറാമുട്ടി ചോദ്യങ്ങള്‍ ചോദിച്ച് തിരിച്ചയയ്ക്കുന്ന രീതി ഇല്ലാതാകും. സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരോ, വനിതകളോ, ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരോ ആണെങ്കില്‍ ഒരു പടി കൂടി ഉയര്‍ന്ന പരിഗണന കിട്ടും. അപേക്ഷ നല്‍കിയാല്‍ അതുമിതും പറഞ്ഞ് നിരസിക്കാന്‍ ബാങ്കുകള്‍ക്കാകില്ല. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍, അതില്‍ത്തന്നെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ എന്നിവകള്‍ വച്ചു താമസിപ്പിക്കാനും വകുപ്പുകളില്ല. വായ്പ നല്‍കില്ലെന്ന് പറയണമെങ്കില്‍ അതിന്റെ വ്യക്തമായ കാരണങ്ങള്‍ എഴുതി നല്‍കേണ്ടതുമുണ്ട്.
ചെലവ് കുറയും
ബാങ്കുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ നല്‍കി തുടങ്ങുന്നതോടെ ഇപ്പോള്‍ അനുഭവിക്കുന്ന കര്‍ശന നിബന്ധനകള്‍ക്കും പലിശ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന സാമ്പത്തിക ചെലവുകള്‍ക്കും പരിഹാരമാകും. സംരംഭകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ന്യായമായ ചെലവുകളും ഉറപ്പാക്കുന്നവയാണ് ബാങ്ക് വായ്പകള്‍. വിപണിയുമായി ബന്ധപ്പെടുത്തി റിപ്പോ നിരക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകള്‍ മുന്‍ഗണനാ വായ്പ നല്‍കുക. മത്സരം കടുക്കുന്നതോടെ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം മുടക്കുന്ന സ്വകാര്യ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മയപ്പെടും.
വിശദാംശങ്ങള്‍ക്ക് കാത്തിരിക്കാം
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഇത്തരം വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥകളില്‍ അനുവദിക്കുന്ന ഇളവുകള്‍ എന്തൊക്കെയാണെന്നും വരുംദിവസങ്ങളില്‍ അറിയാം. എന്തായാലും ലളിതമായ സ്റ്റാര്‍ട്ടപ്പ് സൗഹൃദ വായ്പാ സൗകര്യങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നതിന് സവിശേഷ ശാഖകള്‍ തുറക്കാനും ബാങ്കുകള്‍ മുന്നോട്ടുവരും.
- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)