വെറും 20 രൂപയ്ക്ക് അപകടങ്ങളില്‍ നിന്ന് പൂര്‍ണ സുരക്ഷ !; ചങ്കിനും ചങ്കായ 'കുട്ടി ഇന്‍ഷുറന്‍സുകളെ' അടുത്തറിയാം

By C S Renjit  |  First Published Feb 10, 2020, 4:23 PM IST

ഓല കമ്പനിയുടെ ട്രിപ്പ് ഇന്‍ഷുറന്‍സ് അക്കോ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നുള്ളതാണ്. സിറ്റി യാത്ര കൂടാതെ ഔട്ട് സ്റ്റേഷന്‍ യാത്ര, റെന്റല്‍സ് തുടങ്ങി സകലവിധ ബുക്കിംഗിലും പത്തോ പതിനഞ്ചോ രൂപ നല്‍കി ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കാം.


വെളുപ്പിന് മൂന്ന് മണിക്ക് എയര്‍പോര്‍ട്ടില്‍ പോകാന്‍ ബുക്ക് ചെയ്തിരുന്ന ഓല ടാക്‌സി സമയത്തിന് വന്നില്ല. ഡ്രൈവറെ ഫോണില്‍ വിളിച്ച് വണ്ടി വരുത്തി എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും ഫ്‌ളൈറ്റ് പോയി കഴിഞ്ഞിരുന്നു. ടാക്‌സി ബുക്ക് ചെയ്തപ്പോള്‍ രണ്ട് രൂപ പ്രിമീയം നല്‍കി ഒരു 'കുട്ടി ഇന്‍ഷുറന്‍സ്' എടുത്തിരുന്നതിനാല്‍ എയര്‍ ടിക്കറ്റിന് മുടക്കിയ 4,700 രൂപ ക്ലെയിം ചെയ്‌തെടുക്കാന്‍ കഴിഞ്ഞു. സംഗതി കൊള്ളാമല്ലോ.

49 പൈസയ്ക്ക് ഒരൊറ്റ യാത്ര കവര്‍ ചെയ്യുന്ന ട്രാവല്‍ ഇന്‍ഷുറന്‍സ്, ഒരു രൂപയ്ക്ക് അഞ്ച്‌ലക്ഷം രൂപയുടെ കാര്‍ ട്രിപ്പ് ഇന്‍ഷുറന്‍സ്, ഇരുപത് രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, മാസംതോറും ഇരുപത് രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്, 49 രൂപയ്ക്ക് ഡെങ്കു ഉള്‍പ്പെടെ കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കെതിരെ ഇന്‍ഷുറന്‍സ്. തുച്ഛമായ പ്രിമീയം നല്‍കി ഒറ്റത്തവണ ഉപയോഗിച്ച് തീര്‍ക്കാവുന്നവയാണ് പുതുതായി വാങ്ങാന്‍ കിട്ടുന്ന 'സാക്ഷെ അഥവാ കുട്ടിക്കവര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍'.

Latest Videos

undefined

ഏജന്റിനെയും ഇന്‍ഷുറന്‍സ് കമ്പനിയേയും ഒന്നും തപ്പി നടക്കേണ്ട. കുഞ്ഞന്‍ പോളിസികള്‍ നല്‍കുന്ന നവ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോര്‍ട്ടലുകളിലൂടെ ഡിജിറ്റല്‍ പോളിസികളാണ് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് ചില്ലറ പ്രിമീയം നല്‍കി കുഞ്ഞന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ആര്‍ക്കും എടുക്കാം. ആവശ്യങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോലെ വലുതാണെങ്കിലും ചെറിയ പ്രിമീയം നല്‍കി കുഞ്ഞന്‍ പോളിസികള്‍ എടുക്കാന്‍ ഇന്‍ടെക് കമ്പനികള്‍ പലതുണ്ട്. അടിപൊളി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈനില്‍ വായ്പ സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക് കമ്പനികളുടെ ഇന്‍ഷുറന്‍സ് അവതാരമാണ് ഇന്‍ടെക് കമ്പനികള്‍. മൊബിക്യുക്, അക്വോ ഇന്‍ഷുറന്‍സ്, ടോഫി ഇന്‍ഷുറന്‍സ്, സിംബോ ഇന്ത്യ തുടങ്ങി ഇന്‍ടെക് കമ്പനികള്‍ പലതുണ്ട്.

 

ഡിജിറ്റല്‍ പോര്‍ട്ടലുകളിലൂടെ ഒറ്റത്തവണ ഉപയോഗിച്ച് ഉപയോഗ ശേഷം മറന്നേക്കാവുന്ന കുഞ്ഞന്‍ പോളിസികളാണ് ഇവര്‍ നല്‍കുന്നത്. മാക്‌സ് ബുപ്പ, എച്ച്ഡിഎഫ്‌സി എര്‍ഗോ, അപ്പോളോ മ്യൂണിഷ് തുടങ്ങി നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ചങ്ങാത്തത്തിലാണ് ഇന്‍ടെക് പോര്‍ട്ടലുകള്‍ പോളിസി വില്‍ക്കുന്നത്.

സുരക്ഷ തീവണ്ടി യാത്രകള്‍ക്കും

കാപ്പി കുടിക്കാന്‍ ആരും കോഫി മെഷീന്‍ വാങ്ങുന്നില്ല. തൊട്ടടുത്ത തട്ടുകടയില്‍ നിന്ന് പത്ത് രൂപ നല്‍കി കാപ്പി കുടിച്ച് സാഫല്യമടയാമല്ലോ. ഷാംപൂ കുപ്പിയോടെ വാങ്ങാന്‍ പണം കൂടുതലാകുന്നമെന്നതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ പൊടിക്കവറില്‍ കിട്ടുന്നതാണ് മിക്കവര്‍ക്കും പ്രിയം.  

യാത്ര വിനോദത്തിനായാലും കാര്യ സാധ്യത്തിനായാലും ഇടയ്ക്ക് സംഭവിക്കാവുന്ന ഇടങ്ങേറുകള്‍ യാത്രയുടെ രസം കെടുത്തും. പണ നഷ്ടം വരുത്തുന്ന പ്രയാസ സന്ദര്‍ഭങ്ങളില്‍ നഷ്ടം നികത്തി കിട്ടിയാല്‍ ആശ്വാസവുമാകും. ഇവിടെയാണ് പ്രശ്‌നം. ഒന്നോ രണ്ടോ ദിവസം നീളുന്ന ചെറിയ യാത്രയ്ക്ക് ആയിര കണക്കിന് രൂപ നല്‍കി ഇന്‍ഷുറന്‍സ് വാങ്ങാന്‍ ഏജന്റിനെയോ കമ്പനിയെയോ തേടി പോകാന്‍ ആര്‍ക്ക് സമയം. ഇവിടെയാണ് ഐ.ആര്‍.സി.റ്റി.സി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ കുഞ്ഞന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് 49 പൈസയ്ക്ക് നല്‍കുന്നത്. യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ക്ലെയിം ചെയ്ത് നഷ്ടം നികത്തുക. ഒരൊറ്റ പിഎന്‍ആര്‍ നമ്പരില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റിലുള്ള എല്ലാവര്‍ക്കും സംരക്ഷണം കിട്ടും. എന്താ പോരെ? ശുഭയാത്രയായിരുന്നെങ്കില്‍ പോളിസിയെ മറന്നേക്കുക. അടുത്ത യാത്രയ്ക്ക് അടുത്ത കുഞ്ഞന്‍ പോളിസിയെ പറ്റി ആലോചിക്കാം.

 

ഓല കമ്പനിയുടെ ട്രിപ്പ് ഇന്‍ഷുറന്‍സ് അക്കോ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നുള്ളതാണ്. സിറ്റി യാത്ര കൂടാതെ ഔട്ട് സ്റ്റേഷന്‍ യാത്ര, റെന്റല്‍സ് തുടങ്ങി സകലവിധ ബുക്കിംഗിലും പത്തോ പതിനഞ്ചോ രൂപ നല്‍കി ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കാം.

കുഞ്ഞന്‍ പോളിസികള്‍ വില്‍ക്കുന്ന നവ ഇന്‍ഷുറന്‍സ് കമ്പനികളും പോര്‍ട്ടലുകളും ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഐആര്‍ഡിഎ യുടെ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട് ഫോണില്‍ നിന്നും പോര്‍ട്ടലുകളില്‍ കയറി ഉപയോഗിച്ച് ഒഴിവാക്കാവുന്ന സാക്ഷെ പോളിസികള്‍ ആവശ്യം പോലെ വാങ്ങാം. ചെറിയ തട്ടിനും മുട്ടിനും തീപിടുത്തത്തിനും സാധാരണയുള്ള ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമല്ല, ശ്രദ്ധിച്ച് വാങ്ങേണ്ട മെഡിക്കല്‍ പോളിസികളും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെയും കുട്ടിക്കവര്‍ പതിപ്പുകള്‍ ഏറെയുണ്ട്.

click me!