ഉപഭോക്താക്കൾക്ക് അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കൂടി ഈ ആപ്പിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും.
ചെന്നൈ: ഏതു ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പേയ്മെന്റും ബാങ്കിങ് സേവനങ്ങളും നടത്താവുന്ന ആപ്പുമായി ഐസിഐസിഐ ബാങ്ക്. ''ഐമൊബൈല്‍ പേ'' എന്ന് വിളിക്കുന്ന ആപ്പിൽ ഏറ്റവും നൂതനമായ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് പറഞ്ഞു.
ഉപഭോക്താവിന് യുപിഐ ഐഡിയുള്ള ആരുമായും ഇടപാട് നടത്താനുള്ള സൗകര്യം ആപ്പിലുണ്ട്. ബില്ലുകള്‍ അടയ്ക്കാം, ഓണ്‍ലൈന്‍ റീ ചാർജുകൾ ചെയ്യാം, ഒപ്പം സേവിങ്സ് ബാങ്ക്, നിക്ഷേപം, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ട്രാവല്‍ കാര്‍ഡ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. ഐമൊബൈല്‍ പേ ഉപയോക്താക്കള്‍ക്ക് ഏതു ബാങ്ക് അക്കൗണ്ടിലേക്കും പേയ്മെന്റ് ആപ്പിലേക്കും ഡിജിറ്റല്‍ വാലറ്റിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുളളതായി ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.
undefined
ഐസിഐസിഐ ബാങ്ക് യുപിഐ ഐഡി നെറ്റ്‍വർക്കിലേക്കോ, മറ്റേതെങ്കിലും പേയ്മെന്റ് ആപ്പിലോ ഡിജിറ്റല്‍ വാലറ്റിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ യുപിഐ ഐഡി കാണിക്കുന്ന ആര്‍ക്കു വേണമെങ്കിലും പണം നല്‍കാമെന്നതാണ് മറ്റൊരു സവിശേഷത.
ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പാണ് ''ഐമൊബൈല്‍ പേ'' എന്ന് ബാങ്ക് അവകാശപ്പെടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കൂടി ഈ ആപ്പിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും.
ഏതു ബാങ്ക് ഉപഭോക്താക്കള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉടനടി അക്കൗണ്ട് ലിങ്ക് ചെയ്ത് യുപിഐ ഐഡി കരസ്ഥമാക്കി ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം. നൂതനമായ സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലുണ്ടാകുമെന്നും ഇവയെല്ലാം ഇന്ത്യയിലെ ഡിജിറ്റല്‍ ബാങ്കിങില്‍ മാറ്റം വരുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ച്ചി പറഞ്ഞു.