എന്തെങ്കിലും വ്യതിയാനങ്ങളോ വിശ്വാസ വഞ്ചനയോ പ്രത്യക്ഷത്തിൽ ബോധ്യപ്പെടുകയാണെങ്കിൽ, എത്രയും വേഗം മറ്റൊരു വിശ്വാസയോഗ്യമായ ഡിപിയിലേക്ക് ഓഹരികൾ ഉടനടി മാറ്റുക.
രാജ്യത്തെ ഇളക്കി മറിച്ച കാര്‍വി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യത്ത് നിക്ഷേപകരുടെ ഇടയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. പക്ഷേ ഒറ്റപ്പെട്ടതെങ്കിലും, തീർത്തും തെറ്റായ ഇത്തരം പ്രവർത്തികളിലൂടെ, ഒരൊറ്റ സ്ഥാപനം സൃഷ്ടിച്ച അതീവ ഗുരുതരമായ പ്രത്യാഘാതം മുഴുവൻ വ്യവസായത്തെയും ബാധിക്കുന്നു.
undefined
എന്നാല്‍, തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിപണി റെഗുലേറ്റർ എന്ന നിലയില്‍ സെബി (SEBI) സ്വീകരിച്ച നടപടികൾ നിക്ഷേപക സമൂഹത്തിന് ആശ്വാസം പകരുന്നവയാണ്. ഈ ആശങ്കയുടെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. തങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ -മെയില്‍ എല്ലാ മാസവും NSDL / CDSL അയച്ചു തരുന്ന CAS (കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്) സൂക്ഷ്മതയോടെ വിലയിരുത്തുകയും , അതിൽ കാതലായ വ്യതിയാനങ്ങൾ കാണുകയാണെങ്കിൽ ആദ്യം ഒട്ടും താമസമില്ലാതെ നിർദ്ദിഷ്ഠ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക. അവരിൽ നിന്നും തക്ക സമയത്ത് ശരിയായ നടപടി ഉണ്ടായില്ലെങ്കിൽ SEBI/ ഡെപ്പോസിറ്ററി ഗ്രിവന്‍സസിലേക്ക് ഈ വിവരം യഥാസമയം അറിയിക്കുക.
2. NSDL / CDSL ലഭ്യമാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ആക്സസ് സേവനം ശരിയായി ഉപയോഗപ്പെടുത്തുക. ഇടക്കൊക്കെ അതൊന്ന് വിശകലനത്തിന് വിധേയമാക്കുക.
3. എന്തെങ്കിലും വ്യതിയാനങ്ങളോ വിശ്വാസ വഞ്ചനയോ പ്രത്യക്ഷത്തിൽ ബോധ്യപ്പെടുകയാണെങ്കിൽ, എത്രയും വേഗം മറ്റൊരു വിശ്വാസയോഗ്യമായ ഡിപിയിലേക്ക് ഓഹരികൾ ഉടനടി മാറ്റുക. അക്കൗണ്ട് അവസാനിപ്പിച്ച് മറ്റൊന്നിലേക്ക് മാറ്റാൻ ഒരു ചിലവും വരില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒന്നിലധികം ഡിപി അക്കൗണ്ട് നിലനിർത്തുന്നത് നല്ലതാണ്, അത് വേണം താനും.
4. നിക്ഷേപമാർഗങ്ങളെപ്പറ്റി നടക്കുന്ന IAP (ഇന്‍വെസ്റ്റേഴ്സ് അവേര്‍ണസ് പ്രോഗ്രാം) സൗജന്യമായി തന്നെ പങ്കെടുക്കുവാനും, സംശയ നിവാരണം നടത്തുവാനും ശ്രദ്ധിക്കുക.
5. ഇടയ്ക്കിടെ ചെറിയ രീതിയിൽ ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുക, തന്മൂലം നമ്മുടെ ഒരു ശ്രദ്ധ ഇതിൽ പതിയുവാനും, ഇവ dormant status ലേക്കു മാറാതിരിക്കുവാനും സഹായകരമായിരിക്കും.
നമ്മുടെ വ്യവസ്ഥാപിതമായ നിക്ഷേപങ്ങൾ നമ്മുടെ കൈവശം സുരക്ഷിതമായി തന്നെ നിലനിൽക്കുവാൻ നമ്മുടെ ഒരു ചെറിയ ശ്രദ്ധ കൂടി അനിവാര്യമാണ്. ഒരു റെഗുലേറ്റർ എന്ന നിലയിൽ SEBI കൈക്കൊണ്ട അടിയന്തിര നടപടികൾ നിക്ഷേപക സമൂഹത്തിന്റെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കുന്നതാണെന്ന വസ്തുത ഈ അവസരത്തില്‍ വളരെ പ്രസക്തവുമാണ്. അതിനാൽ തന്നെ ഇങ്ങുനെയുള്ള തട്ടിപ്പുകൾ ഉണ്ടാകുമ്പോൾ എല്ലാം വിറ്റു മാറി നിൽക്കുവാൻ ഉണ്ടാകുന്ന പ്രവണത ആശാസ്യമല്ല. കാരണം ഓഹരി അധിഷ്ഠിത നിക്ഷേപ മാർഗങ്ങളിൽ നിന്നും പൂർണമായും ഈ അവസരത്തിൽ മാറി നിൽക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.
അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്കായി പവർ ഓഫ് അറ്റോർണി (PoA) യുടെ കീഴിൽ- നിക്ഷേപകരുടെ ഓഹരികൾ അവർക്കു മാത്രമായി സൂക്ഷിക്കുന്ന ഒരു ലളിതമായ അടിസ്ഥാന തത്വമാണ് ഡിപോസിറ്ററി പങ്കാളിക്ക് (DP) ഉള്ളത്. അവ മറ്റൊന്നിനും ഉപയോഗിക്കാൻ കഴിയില്ല, ഉപയോഗിക്കാൻ പാടില്ല. എന്നാല്‍, കാര്‍വി ഇത് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധിക്കുക
അടിസ്ഥാനകാര്യങ്ങൾ പാലിക്കുന്ന, സത്യസന്ധമായും, പ്രാവീണ്യത്തോടെയും നിക്ഷേപകർക്ക് മാർഗനിർദ്ദേശം നൽകുവാൻ സാധിക്കുന്ന, സുതാര്യത ഉറപ്പു നൽകുന്ന സ്ഥാപനങ്ങളെയോ വ്യക്തികളേയോ വേണം നിക്ഷേപകർ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടത്. ഓഫീസ് / വീടിനടുത്തായതിനാലോ ഒരു സുഹൃത്ത് ശുപാർശ ചെയ്തതിനാലോ അല്ലെങ്കിൽ ഒരു ഫാൻസി വെബ്‌സൈറ്റ് ഉള്ളതിനാലോ, ആരുമായും നിങ്ങള്‍ ഒരു അക്കൗണ്ട് തുറക്കരുത്. നിക്ഷേപം തുടങ്ങുന്നതിന് മുന്‍പ് ചോദിക്കേണ്ട നിർണായക ചോദ്യം ഇതാണ്- സ്ഥാപനത്തെയും അതിന്റെ പിന്നിലുള്ള ആളുകളെയും എനിക്ക് വിശ്വസിക്കാൻ കഴിയുമോ?
എല്ലാത്തിനുമുപരി, നിക്ഷേപിക്കുന്നതിന് മുന്‍പ് നിങ്ങള്‍ കൈമാറുന്നത് നിങ്ങള്‍ കഠിനാധ്വാനം ചെയ്ത നേടിയെടുത്ത പണമാണെന്ന് ഓര്‍ക്കുക.