ഫാസ്‌ടാഗ് നിർബന്ധമാക്കുന്നതിന് മുൻപ് ടോൾ വരുമാനം 85 കോടിയായിരുന്നുവെന്ന് അതോറിറ്റി പറഞ്ഞു.
ദില്ലി: ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് പിന്നാലെ ടോൾ വരുമാനവും വൻതോതിൽ ഉയർന്നു. ദേശീയ പാതാ ശൃംഖലയിൽ കഴിഞ്ഞ ദിവസം ടോൾ വരുമാനത്തിൽ 23 ശതമാനം വർധനവാണ് ഉണ്ടായത്. വെള്ളിയാഴ്ചയാണ് 102 കോടിയെന്ന റെക്കോർഡ് കളക്ഷൻ ഉണ്ടായതെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.
ഫാസ്‌ടാഗ് നിർബന്ധമാക്കുന്നതിന് മുൻപ് ടോൾ വരുമാനം 85 കോടിയായിരുന്നുവെന്ന് അതോറിറ്റി പറഞ്ഞു. പണമിടപാട് 10 ശതമാനം ഇടിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെമ്പാടുമുള്ള ടോളുകളിൽ നിന്ന് എത്ര രൂപ പണമായി ലഭിച്ചുവെന്ന റിപ്പോർട്ട് കിട്ടാൻ ദിവസങ്ങളെടുത്തത് കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത് വൈകിയതെന്നും അധികൃതർ പറഞ്ഞു.
അതേസമയം രാജ്യത്തെമ്പാടും ടോൾ പ്ലാസകളിൽ വരുമാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. പ്രവർത്തന ക്ഷമമായ ഫാസ്‌ടാഗ് ഉണ്ടായിട്ടും ക്യൂവിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ കേന്ദ്ര ഗതാഗത വകുപ്പ് നിരീക്ഷണം തുടങ്ങിയെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.