മരുന്നുകൾക്ക് റീഇംബേഴ്സ്മെന്റ്: പരിധി 10,000 രൂപയാക്കി ഉയർത്തി ഇഎസ്ഐ കോർപ്പറേഷൻ

By Web Team  |  First Published Dec 13, 2020, 9:56 PM IST

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പാസാക്കാവുന്ന ബില്ലിന്റെ പരിധി 25,000 രൂപയാക്കി ഉയർത്തുകയും ചെയ്തു.


തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളിൽ നിന്നും മരുന്നുകൾക്ക് റീഇംബേഴ്സ്മെ‍ന്റ് ചെയ്യുന്ന പരമാവധി തുക ഉയർത്തി. നേരത്തെ മരുന്നകൾക്ക് റീഇംബേഴ്സ്മെന്റ് നൽകിയിരുന്ന പരമാവധി തുക 2,000 രൂപയായിരുന്നു, ഇഎസ്ഐ കോർപ്പറേഷൻ ഇത് 10,000 രൂപയാക്കി ഉയർത്തി. 

ആശുപത്രികളിൽ മരുന്ന് തീരുമ്പോൾ രോ​ഗികൾക്ക് മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരും. ഈ മരുന്നു ബില്ലുകൾ പിന്നീട് കോർപ്പറേഷൻ റീഇംബേഴ്സ് ചെയ്ത് നൽകും. എന്നാൽ, ഈ നടപടിപ്രകാരം ഉയർന്ന ബില്ലുകൾക്കുളള തുക കൈകാര്യം ചെയ്യാൻ രോ​ഗികൾ ബുദ്ധിമുട്ടിയിരുന്നു. 2,000 രൂപയ്ക്ക് മുകളിലുളള ബില്ലുകൾ റീജയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് വിടണമായിരുന്നു. 

Latest Videos

undefined

ഇപ്രകാരം ബില്ലുകൾ റീജയണൽ ഡയറക്ട്രേറ്റിലേക്ക് വിട്ടാലും അവിടെ പരമാവധി 6,000 രൂപ വരെ മാത്രമേ റീഇംബേഴ്സ് ചെയ്ത് നൽകിയിരുന്നൊളളൂ. സാധാരണ റീഇംബേഴ്സ് പരിധി 10,000 രൂപയാക്കിയതോടെ ഇനി ഇത്തരം ബില്ലുകൾ റീജയണൽ തലത്തിലേക്ക് അയക്കേണ്ടതില്ല. ഇതോടൊപ്പം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പാസാക്കാവുന്ന ബില്ലിന്റെ പരിധി 25,000 രൂപയാക്കി ഉയർത്തുകയും ചെയ്തു. 

ഇതിനും മുകളിൽ ജോയിന്റ് ഡയറക്ടർക്ക് 75,000 രൂപ വരെ പുതുക്കിയ നിയമപ്രകാരം അനുവദിക്കാം. ഇഎസ്ഐ കോർപ്പറേഷന് ഒരു രൂപയ്ക്ക് ലഭിക്കുന്ന ​ഗുളിക രോ​ഗികൾ നാല് രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കാക്കുന്നത്. റീജിയണൽ തലത്തിലെ കരാർ അനുസരിച്ചാണ് ഇഎസ്ഐ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കുന്നത്. മരുന്നുകൾ ആശുപത്രികളിൽ തീരുമ്പോൾ പുതിയവ എത്താൻ പലപ്പോഴും വൈകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റീഇംബേഴ്സ്മെന്റാണ് രോ​ഗികൾക്ക് ആശ്രയം. 

കേരളത്തിൽ ഒരു ലക്ഷം ഇഎസ്ഐ അം​ഗങ്ങൾക്കായി 141 ആശുപത്രികളാണ് നിലവിലുളളത്. രണ്ട് മാസത്തിലൊരിക്കൽ ആശുപത്രികളിലെ മരുന്നിന്റെ സ്റ്റോക്ക് കണക്കാക്കി ആവശ്യമായ രീതിയിൽ മരുന്ന് ലഭ്യമാക്കണമെന്നാണ് ഡോക്‌ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഈ ആവശ്യം പരി​ഗണിക്കാമെന്നും ഇഎസ്ഐ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.    

click me!