രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

By C S Renjit  |  First Published Nov 18, 2019, 5:41 PM IST

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സ്വന്തം നിലയിലുള്ള പോളിസികളിലേയ്ക്കും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളിലേയ്ക്കും തങ്ങളുടെ പരിരക്ഷ മാറ്റുന്നതിന് സൗകര്യമുണ്ട്. 


രോഗമോ, അപകടമോ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ചികിത്സയ്ക്കും മറ്റുമായി ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ചിലപ്പോള്‍ വന്‍ തുക തന്നെ വേണ്ടി വന്നേക്കും. പെട്ടെന്ന് വന്‍ തുക സമാഹരിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി സഹായകരമാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. പ്രധാനമായും രണ്ട് തരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ചാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.         

Latest Videos

undefined

അസുഖമോ അപകടമോ മൂലം ചികിത്സ തേടേണ്ടി വരുമ്പോള്‍ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്ന തരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒരൊറ്റ മാസ്റ്റര്‍ പോളിസി പ്രകാരം ഒരു പറ്റം ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് പരിരക്ഷ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളും സ്വന്തം നിലയില്‍ ഒരു കൂട്ടത്തിനായി വ്യക്തികള്‍ എടുക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളും. പ്രത്യേക വ്യക്തികളെയോ കുടുംബാംഗങ്ങളെ എല്ലാമോ ഉള്‍പ്പെടുത്തിക്കൊണ്ടാകും വ്യക്തികള്‍ പോളിസികളില്‍ എടുക്കുക. വ്യക്തികള്‍ക്ക് പ്രത്യേകം പ്രത്യേകം പരിരക്ഷ തുക രേഖപ്പെടുത്തുന്ന വ്യക്തിഗത പോളിസികളും കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒരൊറ്റ പരിരക്ഷ തുക നിശ്ചയിച്ച് എടുക്കാവുന്ന ഫ്‌ളോട്ടര്‍ പോളിസികളുമാണ് സ്വന്തം നിലയില്‍ പ്രിമീയം നല്‍കി എടുക്കാവുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 

കോര്‍പ്പറേറ്റ് കമ്പനികളും മറ്റ് തൊഴിലുടമകളും തങ്ങളുടെ ജീവനക്കാരേയും കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് എടുക്കുന്ന ഗ്രൂപ്പ് പോളിസികള്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്. നിലവില്‍ ഗ്രൂപ്പ് പോളിസികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ വ്യക്തിഗത പോളിസികള്‍ കൂടി എടുക്കേണ്ടതുണ്ടോ എന്ന തീരുമാനത്തിലേക്ക് പോകുന്നതിന് മുന്‍പായി ഇത്തരം പോളിസികളെക്കുറിച്ച് അടുത്തറിയേണ്ടതുണ്ട്.

ഒരാള്‍ക്ക് എത്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളാകാം

ഒരാള്‍ക്കോ കുടുംബത്തിനോ ഒരൊറ്റ മെഡിക്കല്‍ പോളിസി മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധമില്ല. ഒന്നിലധികം പോളിസികള്‍ അനുവദിക്കുമ്പോഴും, ഒരു ക്ലെയിം ഉണ്ടായാല്‍ ഏത് പോളിസിയില്‍ നിന്ന് പരിരക്ഷ ആവശ്യപ്പെടാമെന്ന് പോളിസി ഉടമയ്ക്ക് സ്വയം തീരുമാനിക്കാം. ഇക്കാരണത്താല്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളില്‍ പരിരക്ഷ ഉള്ളപ്പോഴും സ്വന്തം നിലയില്‍ കുടുംബാംഗങ്ങളെ എല്ലാം ചേര്‍ത്ത് ഒരു ഫാമിലി ഫ്‌ളോട്ടര്‍ പോളിസി കൂടി എടുത്തിരിക്കുന്നത് നല്ലതാണ്. സാധാരണ ക്ലെയിമുകള്‍ ഗ്രൂപ്പ് പോളിസികളില്‍ മാത്രം ഉയര്‍ത്തിയാല്‍ സ്വന്തമായി വ്യക്തികളുടെ പേരില്‍ എടുത്തിട്ടുള്ള അധിക പോളിസികളില്‍ നോ ക്‌ളെയിം ബോണസായി സംഅഷ്വേര്‍ഡ് തുക ഓരോ ക്ലെയിം രഹിത വര്‍ഷത്തിലും ഉയര്‍ത്തിയെടുക്കാം.

മാസ്റ്റര്‍ പോളിസികളിലെ അംഗത്വം

മാസ്റ്റര്‍ പോളിസികളില്‍ ഗുണഭോക്താക്കളുടെ ഗ്രൂപ്പിലെ അംഗത്വമാണ് പ്രാഥമികമായി പരിരക്ഷയുടെ അടിസ്ഥാനം. ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുക, റസിഡന്റ് അസോസിയേഷനില്‍ അംഗമല്ലാതാകുക, ക്രെഡിറ്റ് കാര്‍ഡ് റദ്ദാവുക തുടങ്ങി ഗുണഭോക്താവിന് നിയന്ത്രണമില്ലാത്ത പല കാരണങ്ങളാല്‍ ഗ്രൂപ്പില്‍ നിന്ന് പുറത്താകുന്നതോടെ പരിരക്ഷയും അവസാനിക്കുന്നു. ഗ്രൂപ്പിലെ അംഗമെന്ന നിലയില്‍ സാധാരണ പോളിസികളേക്കാള്‍ വളരെ കുറവ് പ്രിമീയം മാത്രം ഈടാക്കിക്കൊണ്ട് പലപ്പോഴും ഗുണഭോക്താക്കളില്‍ നിന്ന് പ്രിമീയം ഈടാക്കാതെയാണ് ഗ്രൂപ്പ് പോളിസികള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിലെ അംഗം എന്ന നിലയില്‍ നിലവിലുള്ള അസുഖങ്ങളോ പരിരക്ഷ ലഭിക്കുന്നവരുടെ പ്രായവും പരിഗണിക്കാതെയാണ് ഗ്രൂപ്പ് പോളിസികളില്‍ പരിരക്ഷ ലഭിക്കുന്നത്.

മുടക്കം വന്നാല്‍ നിങ്ങള്‍ കുടുങ്ങും

ഗ്രൂപ്പായാലും സ്വന്തം നിലയിലായാലും മെഡിക്കല്‍ പോളിസികള്‍ മുടക്കം വരാതെ പുതുക്കിക്കൊണ്ടിരുന്നാല്‍ മാത്രമേ പരിരക്ഷ തുടരുകയുള്ളൂ. ഗ്രൂപ്പ് പോളിസികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ ഗ്രൂപ്പില്‍ നിന്ന് വിട്ട് പോകുന്ന അവസരങ്ങളില്‍ പരിരക്ഷയില്‍ മുടക്കം വരും.   മുടക്കം വന്ന പോളിസികള്‍ പുതുക്കിയെടുക്കുമ്പോഴും ഗ്രൂപ്പ് പോളിസികളില്‍ നിന്നും പുറത്തായി സ്വന്തം നിലയില്‍ പുതിയ പോളിസികള്‍ എടുക്കുമ്പോഴും പോളിസിയുടെ ആദ്യ വര്‍ഷങ്ങളില്‍ ഒഴിവാക്കപ്പെട്ടിട്ടുളള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുന്നില്ല. കൂടാതെ നിലവിലുള്ള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളോളം പോളിസി തുടരേണ്ടതായും വരും. മുതിര്‍ന്ന പൗരന്മാരായ കുടുംബാംഗങ്ങളുടെ പേരില്‍ പുതിയ പോളിസികള്‍ നല്‍കുന്നതിന് പലവിധ തടസ്സങ്ങളുണ്ട്.

ഗ്രൂപ്പില്‍ നിന്ന് സ്വന്തം നിലയിലേക്ക്

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സ്വന്തം നിലയിലുള്ള പോളിസികളിലേയ്ക്കും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളിലേയ്ക്കും തങ്ങളുടെ പരിരക്ഷ മാറ്റുന്നതിന് സൗകര്യമുണ്ട്. പോര്‍ട്ടബിലിറ്റിയുടെയും മൈഗ്രേഷന്റേയും കടമ്പകള്‍ പരിഹരിച്ചാല്‍ തന്നെ പുതിയ കമ്പനിയുടെ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പരിരക്ഷ ലഭിക്കുന്നുള്ളൂ. ജീവനക്കാരായി ഗ്രൂപ്പ് പോളിസികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സ്വന്തം നിലയില്‍ പോളിസി എടുക്കുന്നതിന് ജോലിയില്‍ നിന്ന് പിരിയുന്നതിന് 30 ദിവസം മുമ്പ് അപേക്ഷിക്കേണ്ടതുണ്ട്. തങ്ങളുടെ ജോലിയില്‍ നിന്ന് വിട്ടു പോന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍  സ്വന്തം നിലയില്‍ പോളിസി പ്രാബല്യത്തില്‍ വരേണ്ടതുമുണ്ട്.

പരിരക്ഷ പോരാതെ വരും

ഗ്രൂപ്പ് പോളിസികളില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു നിശ്ചിത പരിരക്ഷ തുക നിശ്ചയിച്ച് നല്കിയിട്ടുണ്ടാകും. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തുന്ന ഗ്രൂപ്പ് പോളിസികളില്‍ ഒരാള്‍ക്ക് ക്‌ളെയിം ഉണ്ടായി പരിരക്ഷ തുക ഉപയോഗിച്ച് തീര്‍ത്താല്‍ പോളിസിയുടെ ബാക്കിയുള്ള കാലാവധിയ്ക്ക് പരിരക്ഷ ഇല്ലാതെ തുടരേണ്ടി വരും. ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളില്‍ ഒരു അംഗത്തിന് ക്ലെയിം ഉണ്ടായാല്‍ പരിരക്ഷ തുക പുനഃസ്ഥാപിച്ച് കിട്ടുന്ന റിസ്റ്റോറേഷന്‍, ഉയര്‍ന്ന ക്ലെയിം ഉണ്ടായാല്‍ അധിക പരിരക്ഷ നല്‍കുന്ന ടോപ് അപ് സൗകര്യം തുടങ്ങിയവ ലഭ്യമാണ്.

മുന്‍ ലക്കങ്ങള്‍:

വരവും ചെലവും #1 : നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍

വരവും ചെലവും #2 : നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

 

 

click me!