തുല്യമാസതവണകളായി തിരിച്ചടയ്ക്കേണ്ട ടേം വായ്പകള്‍ക്കാണ് പ്രധാനമായും സൗജന്യം.
ജയന്‍ സ്വന്തമായി പിക്അപ് വാന്‍ വാങ്ങാന്‍ ഒരു ഫൈനാന്‍സ് കമ്പനിയില്‍ നിന്നാണ് വായ്പ എടുത്തത്. ലോക്ഡൗണ്‍ കാരണം ഒന്നു രണ്ടാഴ്ചയായി വണ്ടിക്ക് ഓട്ടമില്ല. മോറട്ടോറിയത്തിന്റെ വാര്‍ത്ത കേട്ട് കമ്പനിയില്‍ സംസാരിച്ചു. മൂന്നു മാസത്തെ സി സി അടയ്ക്കേണ്ടെന്ന് കമ്പനി പറഞ്ഞപ്പോള്‍ വലിയ ആശ്വാസം അയാൾക്ക് തോന്നി.
വെറുതെ അറിയാമല്ലോ എന്നു കരുതി ജയൻ ഒരു ചോദ്യം കൂടി ചോദിച്ചു, "ഈ മാറ്റിവച്ച മൂന്നു തവണകള്‍ മാത്രം അവസാനം അടച്ചാല്‍ പോരേ?". ഇപ്പോള്‍ ഈടാക്കാന്‍ പോകുന്ന അധിക പലിശയ്ക്ക് ഒരു ഒന്നൊന്നര തവണ കൂടി കൂടുതല്‍ അടച്ചാല്‍ മാത്രമേ ഹൈപ്പോത്തിക്കേഷന്‍ ടെര്‍മിനേറ്റ് ചെയ്ത് കിട്ടൂ എന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ ഉത്തരം.
ഇത് എന്തൊരു മോറട്ടോറിയം? ലോക്ഡൗണില്‍പ്പെട്ടവനും പലിശ കൊണ്ട് ഇരുട്ടടിയോ?
മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ തിരിച്ചടയ്ക്കേണ്ട വായ്പ തവണകള്‍ക്കാണ് റിസര്‍വ് ബാങ്ക് അവധി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് അവസാന ആഴ്ച മാത്രമാണ് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ഉത്തരവ് വരുന്നത്. ബാങ്കുകാര്‍ക്ക് ഇത് നടപ്പാക്കാന്‍ ചട്ടങ്ങളും നടപടികളും ഒക്കെയായി രംഗത്ത് വന്നപ്പോഴേയ്ക്കും ഏപ്രിലുമായി. ബഹുഭൂരിപക്ഷം വായ്പക്കാരും മാര്‍ച്ചിലെ തിരിച്ചടവ് കടം വാങ്ങിയും മറ്റും അടച്ചുകഴിഞ്ഞതിനാല്‍ ഇനി ഏപ്രിലിലെയും മെയ് മാസത്തിലെയുമായി രണ്ടു തവണയ്ക്ക് മാത്രമേ സാവകാശം യഥാര്‍ത്ഥത്തില്‍ കിട്ടുന്നുള്ളൂ.
എല്ലാവിധ വാണിജ്യബാങ്കുകളും നല്‍കിയിട്ടുള്ള തവണകളായി തിരിച്ചടക്കേണ്ട ടേം വായ്പകള്‍ക്കാണ് മോറട്ടോറിയം. അതോടൊപ്പം തന്നെ ബാങ്കിതര ഫൈനാന്‍സ് കമ്പനികള്‍, ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ നല്‍കിയ വായ്പകള്‍ക്കെല്ലാം ഇത് ബാധകമാണ്. എച്ച്.ഡി.എഫ്.സി. തുടങ്ങി ഭവന വായ്പ നല്‍കുന്ന ദേശീയ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്കും ആനുകൂല്യം കിട്ടും. സ്വന്തം ഉപയോഗത്തിനും വാടകയ്ക്ക് നല്‍കുന്നതിനുമായി വായ്പകള്‍ നല്‍കുന്ന എല്ലാ ധനകാര്യ കമ്പനികളും നല്‍കിയിട്ടുള്ള വായ്പകളും ഉള്‍പ്പെടും.
തുല്യമാസതവണകളായി തിരിച്ചടയ്ക്കേണ്ട ടേം വായ്പകള്‍ക്കാണ് പ്രധാനമായും സൗജന്യം. കൃഷി ചെയ്യാനെടുക്കുന്ന ഹ്രസ്വകാല വായ്പകളും സ്വര്‍ണ്ണ പണയ വായ്പകളും മറ്റും ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ സമയമായെങ്കില്‍ അതും പിന്നീട് തിരിച്ചടച്ചാല്‍ മതി. വിദ്യാഭ്യാസ വായ്പ പോലെ ചിലതരം വായ്പകളില്‍ പലിശ മാത്രം തിരിച്ചടയ്ക്കാനുള്ളപ്പോള്‍ അതും മാറ്റിവയ്ക്കാം. ക്രെഡിറ്റ് കാര്‍ഡുകളില്‍ തിരിച്ചടയ്ക്കാന്‍ നില്‍ക്കുന്ന തുകകള്‍ക്കും മോറട്ടോറിയത്തിന് അര്‍ഹതയുണ്ട്. ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് ഫൈനാന്‍സ് കമ്പനികള്‍ നല്‍കിയിട്ടുള്ള വായ്പകളും മോറട്ടോറിയത്തിന്‍റെ പരിധിയില്‍ വരും.
മോറട്ടോറിയത്തിന് വലിയ വില കൊടുക്കേണ്ടിവരും. വായ്പ തവണകള്‍ തിരിച്ചടച്ചില്ലെങ്കിലും ക്രെഡിറ്റ് സ്കോര്‍ മോശമാകില്ല. പക്ഷെ പലിശ കണിശമായി ഈടാക്കും. അടയ്ക്കാത്ത മൂന്നു തവണകള്‍ മാത്രം അവസാനം നീട്ടി അടച്ചേക്കാം എന്നു കരുതിയെങ്കില്‍ തെറ്റിപ്പോയി. മോറട്ടോറിയം നാളുകളില്‍ ഈടാക്കിയ പലിശയും ഇപ്പോള്‍ മാറ്റിവച്ച തവണകളും കൂടി അവസാനം കാലാവധി നീട്ടിയിടും. ചെറിയൊരു വായ്പയില്‍ പോലും വിട്ട മൂന്നു തവണകളും അധികമായി കൂട്ടിയ പലിശ തിരിച്ചടയ്ക്കാന്‍ ഒരു ഒന്നൊന്നര തവണ എന്ന് കണക്കാക്കുമ്പോള്‍ നീളുന്നത് അഞ്ച് മാസത്തവണയാണ്. കാലാവധി നീളുമ്പോള്‍ പലിശയും കൂടും എന്നു പറയേണ്ടതില്ലല്ലോ.
ഭവന വായ്പ എടുത്തവര്‍ക്കാണ് കൂടുതല്‍ ചെലവ് വരുക. പ്രത്യേകിച്ചും വായ്പയുടെ ആദ്യവര്‍ഷങ്ങളിലുള്ളവര്‍ക്ക് അവധി പറഞ്ഞ് മൂന്നു മാസത്തവണയോടൊപ്പം ഇപ്പോള്‍ ഈടാക്കുന്ന പലിശ കൂടി തിരിച്ചടക്കേണ്ടി വരും. ബാക്കി നില്‍ക്കുന്ന കാലാവധി അനുസരിച്ച് അഞ്ച് മുതല്‍ എട്ട് വരെ സാധാരണയില്‍ കൂടുതല്‍ തവണകള്‍ അടച്ചാല്‍ മാത്രമേ അവസാനം ബാധ്യത തീരുകയുള്ളൂ.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക