എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ ഇരുപതുകളില്‍ നടന്ന സംഭവം കൈലാഷ് വെളിപ്പെടുത്തിയത്.
ഋഷികേശില്‍ നടത്തിയ ആത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന്‍ കൈലാഷ് ഖേര്‍. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ ഇരുപതുകളില്‍ നടന്ന സംഭവം കൈലാഷ് വെളിപ്പെടുത്തിയത്. സംഗീത ലോകത്ത് എത്തും മുന്‍പായിരുന്നു ഇതെന്ന് കൈലാഷ് പറയുന്നുണ്ട്.
എന്‍റെ ഇരുപത് ഇരുപത്തിയൊന്ന് വയസില്‍ ഞാന്‍ ഏറെ ജോലികള്‍ ചെയ്തിട്ടുണ്ട്. കരകൌശല വസ്തുക്കള്‍ ജര്‍മ്മനിയിലേക്ക് കയറ്റി അയക്കുന്ന ഒരു ബിസിനസ് ഞാന്‍ ദില്ലിയില്‍ തുടങ്ങി. എന്നാല്‍ നിര്‍ഭാഗ്യത്തിന് ഇതെല്ലാം വന്‍ പരാജയമായി. ബിസിനസില്‍ തിരിച്ചടികള്‍ നേരിട്ടതോടെ ഞാന്‍ ഋഷികേശിലേക്ക് പോയി. അവിടെ ഒരു പണ്ഡിറ്റ് ആകുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെ എന്‍റെ സഹപാഠികള്‍ക്കിടയില്‍ ഞാന്‍ തീര്‍ത്തും അനുയോജ്യനാണെന്ന് തോന്നി.
undefined
കാരണം ഇവരെല്ലാം എന്നെക്കാള്‍ ഇളയവരായിരുന്നു. അവരുടെ ചിന്തകള്‍ എന്‍റെതുമായി ഒത്തുപോകുന്നില്ലായിരുന്നു. ഇതോടെ ഞാന്‍ ഒന്നിനും കൊള്ളത്തവനായി ഞാന്‍ സ്വയം കരുതി. അതോടെ ഗംഗയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒരു ദിവസം ഗംഗയുടെ തീരത്ത് എത്തി നദിയിലേക്ക് ചാടി. എന്നാല്‍ ഞാന്‍ മുങ്ങിപോകുന്നത് കണ്ട് ഒരാള്‍ നദിയിലേക്ക് ചാടി എന്നെ രക്ഷിച്ചു. നീന്താന്‍ അറിയാത്ത നീ എന്തിനാണ് നദിയില്‍ ചാടിയത് എന്ന് അയാള്‍ ചോദിച്ചു. മരിക്കാനാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അറഞ്ഞപ്പോള്‍ അയാള്‍ എന്‍റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു.
ഈ സംഭവത്തിന് ശേഷം എന്‍റെ അസ്ഥിത്വം കണ്ടെത്താനുള്ള തിരച്ചിലായിരുന്നു. സ്വയം റൂമില്‍ കെട്ടിയിട്ട് ദിവസങ്ങളോളെ കഴിഞ്ഞിട്ടുണ്ട്. പിന്നീടാണ് മുംബൈയിലേക്ക് വരുന്നത്. തുടര്‍ന്ന് മുപ്പത് വയസിനോട് അടുത്തപ്പോഴാണ് സംഗീതമാണ് എന്‍റെ വഴിയെന്ന് മനസിലായത് എന്നും കൈലാഷ് ഖേര്‍ പറയുന്നു. ഇന്ന് ഇന്ത്യയില്‍ എമ്പാടും ആരാധകരുള്ള ഗായകനാണ് കൈലാഷ്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. സംസ്ഥാന ഹെല്‍പ്പ് ലൈന്‍- 104, മൈത്രി - 0484-2540530)