'പാട്ടുറാലി, പാട്ടുവണ്ടി, ബൈക്ക് റാലി'; മുഹമ്മദ് റഫിക്ക് ഭാരതരത്നം, ആവശ്യമുയർത്തി സംഗീതാസ്വദകരുടെ കാമ്പയിൻ
കോഴിക്കോട്: സംഗീത ചക്രവർത്തി മുഹമ്മദ് റഫിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകണമെന്നാവശ്യപ്പെട്ട് ക്യാമ്പയിൻ തുടങ്ങുന്നതായി റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി പാട്ടുറാലി ഈ മാസം 15 -ന് രാവിലെ 10 മണിക്ക് കോഴിക്കോട് എൽ ഐ സി കോർണറിൽ നടക്കും. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. റഫി ഗായകരുടെ പാട്ടുവണ്ടിയും റഫി ഫാൻസിന്റെ ബൈക്ക് റാലിയും നഗരത്തിന്റെ വിവിധയിടങ്ങളിൽ റഫി ഗാനങ്ങളുടെ അകമ്പടിയോടെ കാമ്പയിൻ സന്ദേശം കൈമാറും . വൈകിട്ട് അഞ്ച് മണിക്ക് കോർപ്പറേഷൻ ഓഫീസിന് മുൻവശത്ത് സമാപിക്കും.
ഭാരതരത്നം റഫിയ്ക്ക് നൽകണമെന്ന് ദേശീയ കാമ്പയിൻ ഇന്ത്യ മുഴുവൻ നടന്നു വരികയാണ്. റഫി സാഹബിന്റെ ജന്മ ശതാബ്ദി വേളയിൽ അദ്ദേഹത്തിനർഹമായ ഈ ബഹുമതി മരണാനന്തര പുരസ്കാരമായി സമ്മാനിക്കണമെന്നാണ് ലോകം മുഴുവനുള്ള മുഹമ്മദ് റഫി ആസ്വാദകർ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്ന് കാമ്പയിൻ ചെയർമാൻ ടി.പി.എം ഹാഷിർ അലി പറഞ്ഞു. ഇതിനായി മുംബൈ ആസ്ഥാനമായി ചലച്ചിത്ര പ്രവർത്തകരും സംഗീതജ്ഞരും രംഗത്തിറങ്ങിക്കഴിഞ്ഞു.
undefined
ഇന്ത്യൻ ദേശീയതക്ക് വേണ്ടി നിരവധി ഗാനങ്ങളാലപിച്ച് സൈനികരുടെയും ഭരണാധികാരികളുടെയും പ്രശംസ നേടിയ റഫിയെന്ന സംഗീത കുലപതിക്ക് ഭാരതരത്നം തികച്ചും അർഹമായതാണ്. ജവഹർലാൽ നെഹ്റു തൊട്ടുള്ള പ്രധാനമന്ത്രിമാരുടെയും ആദ്യകാല പ്രസിഡന്റ്മാരുടെയും പ്രിയ ഗായകൻ കൂടിയായിരുന്നു മുഹമ്മദ് റഫി . പഴയതും പുതിയതുമായ ഒട്ടുമിക്ക ഗായകരും ഗുരുസ്ഥാനീയനായി കാണുന്നതും റഫി സാഹിബിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more: ഓണത്തിന് മുമ്പ് തന്നെ തുറക്കും അഞ്ച് സ്പിന്നിങ് മില്ലുകൾ, കോടികളുടെ സഹായം അനുവദിച്ച് സർക്കാർ
സംഗീതജ്ഞരായ എംഎസ് സുബ്ബലക്ഷ്മിക്കും ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിറ്റ് രവിശങ്കറിനും ഭീംസെൻ ജോഷിക്കും ഭൂപൻ ഹസാരികക്കും ലഭിച്ച ഭാരതരത്ന , നിരവധി ഭാഷകളിൽ ജനപ്രിയ ഗാനങ്ങളും ബജൻസും ഖവ്വാലിയും ഗസലുകളുമാലപിച്ച ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗാന ചക്രവർത്തിയായിരുന്ന മുഹമ്മദ് റഫിക്ക് നൽകുന്നത് അദ്ദേഹത്തോട് രാഷ്ട്രം ചെയ്യുന്നത് ആദരമായിരിക്കും.. 2024 റഫി ജന്മശതാബ്ദി ആഘോഷ വർഷമാണ്. കഴിഞ്ഞ ജൂലൈ 31 മുതൽ ഡിസം 24 വരെ ഇന്ത്യയിൽ ഇതിനായുള്ള കാമ്പയിൻ നടത്താനാണുദ്ദേശിക്കുന്നതെന്ന് കൺവീനർ ആർ. ജയന്ത് കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കാമ്പയിൻ കമ്മിറ്റി ട്രഷറർ പ്രകാശ് പോതായ ,വൈസ് ചെയർമാൻ എൻ സി അബ്ദുല്ലക്കോയ , ജാഥ ക്യാപ്റ്റൻ കെ.കെ. ചന്ദ്രഹാസൻ എന്നിവരും പങ്കെടുത്തു.