പോപ് സംഗീത രാജാവ് മൈക്കിള്‍ ജാക്സന്റെ ഓര്‍മകള്‍ക്ക് 15 വയസ്. മരണശേഷവും തന്റെ പ്രതിഭയുടെ മൂല്യം കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജാക്സണ്‍.
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമില്ലാത്ത സമയം, വൈറലാകാന്‍ പോംവഴികളൊന്നുമില്ല. എന്നാലും ഇങ്ങ് കേരളത്തിലെ ഒരു ഗ്രാമത്തിലെ സാധാരണക്കാരിയായ ഒരു അമ്മയ്ക്ക് പോലും ആ പേര് അറിയാമായിരുന്നു. ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്കും കാലുകളില്‍ നിന്നും കാലുകളിലേക്കും അതിവേഗം പടര്‍ന്നുപിടിച്ച ഇതിഹാസം. മൈക്കിള്‍ ജാക്സണ്‍. ഈ ലോകത്തെ ഏറ്റവും കൂടുതല്‍ വിനോദിപ്പിച്ച മനുഷ്യന്‍. THE ARTIST OF THE CENTURY. ദശാബ്ദത്തിന്റെ കലാകാരന്‍.
വട്ടപൂജ്യത്തില്‍ നിന്നും തുടങ്ങി മരണശേഷം പോലും തന്റെ പേരിന് കോടാനുകോടി മൂല്യം ഉണ്ടെന്ന് ആവര്‍ത്തിക്കുന്ന സംഗീത ചക്രവര്‍ത്തി. 1960ല്‍ ദി ജാക്സണ്‍ 5 എന്ന ബ്രാന്‍ഡുമായി കുടുംബത്തിനൊപ്പം അരങ്ങേറ്റം കുറിച്ചു. 1971 ആയതോടെ ജാക്സണ്‍ തന്നെ ഒരു ബ്രാന്‍ഡായി വളര്‍ന്നു തുടങ്ങി. ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഹിറ്റുകളിലൂടെ സിംഹാസനമേറി. ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം, ഓഫ് ദ വാൾ, ബാഡ്, ഡെയ്ഞ്ചൊറസ്, ഹിസ്റ്ററി തുടങ്ങി മെഗാഹിറ്റുകളുടെ ഒഴുക്ക്. പാട്ടിനൊപ്പം ജാക്സന്റെ ചുവടുകളും ലോകത്തെ ത്രസിപ്പിച്ചു. അയാളില്‍ അങ്ങനെ ലയിച്ചലിഞ്ഞ പതിറ്റാണ്ടുകള്‍.
undefined
എണ്ണമറ്റ പുരസ്കാരങ്ങള്‍, 100 കോടിക്ക് മുകളില്‍ കോപ്പികള്‍ വിറ്റഴിഞ്ഞ പാട്ടുകള്‍, നൂറ്റാണ്ടിനപ്പുറവും മരിക്കാത്ത ചുവടുകള്‍, മരണശേഷവും ജാക്സണ്‍ എന്ന പേരിന്റെ മൂല്യത്തില്‍ വന്ന് മറിയുന്ന കോടാനുകോടികള്‍. ചരിത്രത്തിന്റെ ഭാഗമായിട്ടും ഉയിരോടെ ഇങ്ങനെ ജ്വലിക്കുന്ന മറ്റാരുണ്ട്. ഒരു ജീവിതം മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധം ഇതിഹാസപൂര്‍ണമാക്കി തീര്‍ത്ത വിസ്മയത്തിന് പ്രണാമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം