പെരുമാനിയിലെ കൗതുകങ്ങളും നര്‍മങ്ങളും- റിവ്യു

By Web Team  |  First Published May 10, 2024, 4:34 PM IST

കൗതുകങ്ങള്‍ നിറഞ്ഞൊരു പെരുമാനി.


പെരുമാനിക്കാരുടെ വിശേഷങ്ങള്‍ രസകരമാണ്. വിശ്വാസത്തിന്റെ അടിത്തറയിലാണ് പെരുമാനിക്കാരുടെ ജീവിതമൊരുക്കിയിരിക്കുന്നത്. വേറിട്ട പെരുമാറ്റരീതികളുമാണ് പെരുമാനിക്കാരുടേത്. തര്‍ക്കങ്ങളോ കലഹങ്ങളോ ഇല്ലാതെയാണ് പെരുമാനിക്കാരുടെ ജീവിതം. പെരുമാനിക്കാര്‍ മാറിമാറിയുന്ന ഒരു സാഹചര്യമുണ്ടാകുന്നു. തുടര്‍ന്നുള്ള സംഭവബഹുലവും രസകരവുമായ കഥ പറയുകയാണ് പെരുമാനി. ഒരു കല്യാണത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയായ പെരുമാനി കുടുംബപ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കുന്നതാണ്.

പെരുമാനിക്കാരുടെ ജീവിതം ഒരിക്കല്‍ തലകീഴായി. അത് നേരെയാക്കുന്നത് പെരുമാനി പുഴയിലൂടെ വന്ന തങ്ങളാണ്. പെരുമാനി തങ്ങളിലാണ് നാട്ടുകാര്‍ക്ക് വിശ്വാസം. പെരുമാനി തങ്ങളുടെ അനുഗ്രഹമുള്ള നാട്ടിലേക്ക് ബസില്‍ ഒരു അതിഥി എത്തി. അതോടെ പെരുമാനിക്കാരുടെ ജീവിതം വീണ്ടും മാറുന്നു. അഭിപ്രായ വ്യത്യാസങ്ങളും പെരുകുന്നു. വിശ്വാസത്തിന്റെ വിശ്വാസ്യതയിലും നാട്ടില്‍ തര്‍ക്കങ്ങളുണ്ടാകുന്നു. അങ്ങനെ ഫാന്റസിയും സമകാലീനതയും കൂടിച്ചേരുന്ന സിനിമയാകുന്നു പെരുമാനി.

Latest Videos

undefined

മുജിയുടെ ഒരേയൊരു സഹോദരി ഫാത്തിമയുടെ വിവാഹ ഒരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പെരുമാനി മുന്നേറുന്നത്. വിവാഹം നടക്കുമോ ഇല്ലയോ എന്നതും തര്‍ക്ക വിഷയമാകുന്നു. പെരുമാനിയില്‍ ഉദ്വേഗജകനകമായ സാഹചര്യങ്ങളുണ്ടാകുന്നതും അപ്പോഴാണ്. ഒരു നാടിന്റെ മനസില്‍ പുഴുക്കുത്തുകളുണ്ടാകുന്നതും കഥയില്‍ എങ്ങനെയാണ് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ഒരു അവസാനമുണ്ടാകുന്നത് എന്നതാണ് പിന്നീടുള്ള കൗതുകവും.

ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ചതാണ് പെരുമാനി. മുൻഷിയെയൊക്കെ ഓര്‍മിപ്പിക്കുന്ന ഒരു പഴഞ്ചൊല്ലിന്റെ അന്ത്യത്തിലെ ഗുണപാഠത്തിന്റെ അര്‍ഥവ്യാപ്‍തിയിലേക്ക് സഞ്ചരിക്കുന്ന ആഖ്യാനവും സിനിമാ ചിത്രീകരണവുമാണ് പെരുമാനിയുടേത്. നിഷ്‍കളങ്കമായ നര്‍മവും പെരുമാനിക്ക് തിലകക്കുറിയാകുന്നു. സിനിമയുടെ പുതുകാലത്തെ കാഴ്‍ചകളില്‍ മറഞ്ഞിരിക്കുന്ന കഥാ പരിസരവും നാട്ടുവഴികളുമൊക്കെ പെരുമാനിയെ പ്രേക്ഷകരില്‍ ഗൃഹാതുരവുമാക്കുന്നു.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മജുവാണ്. പെരുമാനിക്കായി മജു നാടോടി കഥ പറയുന്ന ആഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സമകാലീന സന്ദര്‍ഭങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ പ്രവണതകള്‍ക്ക് തിരുത്തായി കുറിക്കു കൊള്ളുന്ന സിനിമാ ആഖ്യാനത്തെ പെരുമാനിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ലളിതമെന്ന് തോന്നുമെങ്കിലും പെരുമാനിയുടെ സിനിമാ തിരക്കഥാ വഴികള്‍ പ്രേക്ഷകരെ ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുന്നതായിട്ടാണ് തിരക്കഥാകൃത്തുമായ മജു ഒരുക്കിയിട്ടുള്ളത്.

മുജിയായിരിക്കുന്നത് സണ്ണി വെയ്‍നാണ്. വര്‍ത്തമാനത്തിലും നടപ്പിലുമൊക്കെ മുജിയെ പകര്‍ത്താൻ ചിത്രത്തില്‍ സണ്ണി വെയ്‍നായിരിക്കുന്നു. രൂപത്തിലും ഭാവത്തിലും വിനയ് ഫോര്‍ട്ട് അമ്പരപ്പിക്കുന്നു. പുതുമണവാളനായ നാസറിന്റെ വേഷപകര്‍ച്ച പെരുമാനിയുടെ കഥയില്‍ നടൻ വിനയ് ഫോര്‍ടിന് ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. കാസ്‍റ്റിംഗില്‍ പെരുമാനിയില്‍ ഓരോരുത്തര്‍ക്കും പാകമുള്ള കഥാപാത്രങ്ങളെ മജു നല്‍കിയപ്പോള്‍ അഭിയായ ലുക്‍മാനും ഫാത്തിമയായ ദീപ തോമസിനും പുറമേ വിജിലേഷും ഫ്രാങ്കോയുമൊക്കെ അന്നാട്ടുകാരായ ചെറുചലനത്തിലടക്കം മാറിയിരിക്കുന്നു.

മനേഷ് മാധവന്റെ ക്യാമറയിലൂടെയാണ് പെരുമാനി സിനിമയുടെ ഭംഗി പ്രേക്ഷകരിലേക്ക് പ്രമേയത്തിനൊത്ത് എത്തിയിരിക്കുന്നത്. ഛായാഗ്രാഹണത്തില്‍ പെരുമാനിയുടെ സ്വഭാവം ഒപ്പിയെടുത്തിരിക്കുന്നു. പെരുമാനിയുടെ താളവും പാട്ടുകളും പ്രേക്ഷകരിലേക്കെത്തിക്കുന്ന സംഗീതം ഗോപി സുന്ദറിന്റേതാണ്. ജോയല്‍ കവിയുടേതാണ് പെരുമാനിയുടെ കട്ടുകള്‍.

Read More: അമ്പരപ്പിക്കാൻ രായൻ, ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!