ജാപ്പനീസ് ലേഡി സിനിമാറ്റോഗ്രാഫര്‍ കെയ്കോ നകഹാരയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം
പല കാലങ്ങളിലായി പ്രേക്ഷകപ്രീതി നേടിയ ഹൊറര്‍ ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാല മലയാള സിനിമയില്‍ ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ കുറവാണ്. ഹൊററിനൊപ്പം സൂപ്പര്‍ നാച്ചുറല്‍ ഘടകങ്ങളും ചേര്‍ന്നുവരുന്ന ത്രില്ലര്‍ ചിത്രമാണ് സജീദ് എ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന വടക്കന്‍. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്.
ഒരു ഹൊറര്‍ സര്‍വൈവല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ ചിലര്‍ കൊല്ലപ്പെടുന്നു. പര്‍വതനിരകളുള്ള ബ്രഹ്‍മഗിരി എന്ന സ്ഥലത്തെ, വനത്തിന് നടുവിലുള്ള ഒരു പഴയ ബംഗ്ലാവായിരുന്നു ഷോയുടെ പ്രധാന പശ്ചാത്തലം. അസ്വാഭാവികത നിറഞ്ഞ സ്ഥലമെന്ന് കുപ്രസിദ്ധിയുള്ള ഇടമാണ് ഈ ബംഗ്ലാവും പരിസരങ്ങളും. കേസന്വേഷിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വിവരമറിയുന്ന ഒരു പാരാനോര്‍മല്‍ വിദഗ്ധനും അന്വേഷണത്തിന്‍റെ ഭാഗമാവുകയാണ്. കിഷോര്‍ അവതരിപ്പിക്കുന്ന രാമന്‍ പെരുമലയന്‍റെ അന്വേഷണത്തിലൂടെയാണ് സംഭവങ്ങളുടെ, നിഗൂഢതകള്‍ക്കപ്പുറത്ത യഥാര്‍ഥ ചിത്രം നാം അറിയുന്നത്. മലയാള സിനിമ അങ്ങനെ കടന്നുചെന്നിട്ടില്ലാത്ത ചില അപൂര്‍വ്വ വഴികളിലൂടെയാണ് വടക്കന്‍റെ മുന്നോട്ടുപോക്ക്.
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പല അടുക്കുകളുണ്ട് ചിത്രത്തിന്‍റെ കഥയ്ക്ക്. അതില്‍ ചരിത്രവും പുരാവൃത്തവും ജാതി രാഷ്ട്രീയവും ഒക്കെ കടന്നുവരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ജംപ് സ്കെയറുകള്‍ സൃഷ്ടിക്കുന്ന ചിത്രമല്ല വടക്കന്‍, മറിച്ച് പാരാനോര്‍മല്‍ എലമെന്‍റുകളുടെയും ഹൊററിന്‍റെയും സവിശേഷ മൂഡ് ഉള്ള ഒരു ലോകം സൃഷ്ടിച്ച് അത് ആദ്യമധ്യാന്തം തുടരുകയാണ് ചിത്രം. സാങ്കേതികത്തികവോടെ ഡിസൈന്‍ ചെയ്യപ്പെട്ട ദൃശ്യ, ശ്രാവ്യ മികവും പ്രൊഡക്ഷന്‍ ഡിസൈനുമാണ് എടുത്തുപറയേണ്ട കാര്യം. സാധാരണ രീതിയില്‍ എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രയും ഇംപാക്റ്റ് തോന്നുമായിരുന്നില്ല ചിത്രത്തിന്. ഒരു സര്‍വൈവല്‍ റിയാലിറ്റി ഷോയുടെ പിസിആറിലെ സ്ക്രീനുകളില്‍ നിന്ന് ആരംഭിക്കുന്ന ആഖ്യാനം ദൃശ്യഭാഷയുടെ മികവിനാല്‍ ചെറിയ സ്കെയിലില്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്.
ഗംഭീരമാണ് ചിത്രത്തിന്‍റെ സിനിമാറ്റോഗ്രഫി വിഭാഗം. ജാപ്പനീസ് ലേഡി സിനിമാറ്റോഗ്രാഫര്‍ കെയ്കോ നകഹാരയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. നിഴലും വെളിച്ചവും ഇടകലര്‍ന്ന് കിടക്കുന്ന, പലപ്പോഴും ഇരുട്ടിന് കൂടുതല്‍ പ്രാധാന്യമുള്ള, പലപ്പോഴും മൂന്നാമതൊരാള്‍ നിരീക്ഷിക്കുന്ന പ്രതീതിയുള്ള, ഏറെ ട്രിക്കി ആയ ഛായാഗ്രഹണ രീതിയാണ് കെയ്കോ നകഹാര അവലംബിച്ചിരിക്കുന്നത്. വനപ്രദേശവും നിഗൂഢതകള്‍ ഉറങ്ങുന്ന ബംഗ്ലാവുമൊക്കെയുള്ള, അതിന്‍റേതായ മൂഡ് ഉടനീളം നിലനിര്‍ത്തേണ്ട ചിത്രത്തിന്‍റെ ജീവനാവേണ്ടത് ഛായാഗ്രഹണമാണ്. അത് അതിഗംഭീരമായി കെയ്കോ നകഹാര ചെയ്തുവച്ചിട്ടുണ്ട്. ചിത്രത്തിലെ രാത്രിദൃശ്യങ്ങള്‍ എടുത്തുപറയണം. ദൃശ്യങ്ങള്‍ പോലെതന്നെ ചിത്രത്തിന്‍റെ സൗണ്ട് ഡിപ്പാര്‍ട്ട്മെന്‍റും ഗംഭീരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ബിജിബാല്‍ ആണ്.
ചിത്രത്തിന്‍റെ കാസ്റ്റിംഗും മികച്ചതാണ്. കിഷോറിന്‍റെ കരിയറിലെതന്നെ ഏറ്റവും പ്രാധാന്യമുള്ളതും മികച്ചതുമായ കഥാപാത്രമാണ് ചിത്രത്തിലെ
രാമന്‍ പെരുമലയന്‍. റിസര്‍ച്ചിന്‍റെ ഭാഗമായ ഒരു മിഷനില്‍ ഉള്ള, രാമനെ വ്യക്തിപരമായ സവിശേഷതകളോടെയാണ് ഉണ്ണി ആര്‍ എഴുതിയിരിക്കുന്നത്. ആ കഥാപാത്രത്തെ മികവാര്‍ന്ന തരത്തില്‍ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് കിഷോര്‍. മേഘ നമ്പ്യാരായി ശ്രുതി മേനോനും അന്ന ജോസഫ് എന്ന കഥാപാത്രമായി മെറിന്‍ ഫിലിപ്പും എത്തുന്നു. പുരാവൃത്ത വിദഗ്ധ അയേഷ എന്ന കഥാപാത്രമായി മാല പാര്‍വതിയും ചിത്രത്തിലുണ്ട്.
ഹൊറര്‍ ചിത്രങ്ങളില്‍ കണ്ട് പരിചയിച്ച ഒരു ബേസിക് പ്ലോട്ടിനെ ഇവിടെ അടിമുടി വ്യത്യസ്തമാക്കുന്നത് അവതരണത്തിലെ വ്യത്യസ്തതയും ആഴവുമാണ്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ വേറിട്ട കാഴ്ചയാണ് വടക്കന്‍. എന്നാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് എവിടെയുള്ള ഒരു ചലച്ചിത്രപ്രേമിയെയും കാണിക്കാവുന്ന സിനിമയും.
ALSO READ : രസകരമായ കഥയുമായി 'വത്സല ക്ലബ്ബ്'; ഫസ്റ്റ് ലുക്ക് എത്തി