ശരത്തിനെ ആശുപത്രിയിൽ പോയി കണ്ട് സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Web Desk  | Published: Apr 1, 2025, 2:58 PM IST

അച്ഛൻ പറഞ്ഞ പ്രകാരം ശരത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയിരിക്കുകയാണ് സച്ചി . സച്ചിയേ കണ്ടയുടൻ നിങ്ങളിപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ശരത്ത് സച്ചിയോട് ചോദിച്ചു . അതോടൊപ്പം നിങ്ങളുടെ കൂട്ടുകാരൻ എന്റെ കൂട്ടുകാരനെ തല്ലിയപ്പോഴാണ് ഞാൻ പ്രതികരിച്ചതെന്നും, അതിന് നിങ്ങൾ എന്റെ കൈ തല്ലി ഓടിച്ചില്ലേ എന്നും ശരത്ത് സച്ചിയോട് ചോദിച്ചു. എന്നാൽ മഹേഷിനെ തല്ലിയതിനല്ല ഞാൻ നിന്നെ തല്ലിയത്, അതെന്തിനാണെന്ന് നിനക്ക് കാണിച്ച് തരാമെന്ന് സച്ചി ശരത്തിനോട് ദേഷ്യത്തിൽ പറയുന്നു . സച്ചി എന്ത് അടിസ്ഥാനമാക്കിയാണ് ഇങ്ങനെ പറഞ്ഞതെന്ന് ശരത്തിന് ആദ്യം മനസ്സിലായതേ ഇല്ല . എന്നാൽ ഉടനെ സച്ചി തന്റെ അമ്മയുടെ ബാഗ് ശരത്ത് തട്ടിപ്പറിക്കുന്ന സി സി ടി വി ദൃശ്യം കാണിച്ചുകൊടുത്തു. അപ്പോഴാണ് ശരത്തിന് കാര്യങ്ങൾ കൃത്യമായി മനസ്സിലായത് . 

മോഷണമാണോ നിന്റെ തൊഴിൽ എന്നും, ഇതറിഞ്ഞാൽ നിന്റെ അമ്മയും പെങ്ങന്മാരും എത്രത്തോളം വിഷമിക്കുമെന്ന് നിനക്ക് അറിയാമോ എന്നും സച്ചി ശരത്തിനോട് ചോദിക്കുന്നു. എന്നാൽ സച്ചി അത് പറഞ്ഞിട്ട് പോലും ശരത്തിന് യാതൊരു കൂസലും ഇല്ലായിരുന്നു. മോഷണം എന്താ ഇത്ര തെറ്റാണോ , ഞാൻ പണം ഉണ്ടാക്കാനായി എന്തും ചെയ്യും എന്നായിരുന്നു ശരത്തിന്റെ പ്രതികരണം . രേവതി ചേച്ചിയ്ക്ക് വേണ്ടി ആവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ കൂടി വാങ്ങി നൽകാൻ ശേഷി ഇല്ലാത്ത വെറും ഒരു കാർ ഡ്രൈവർ തന്നെ ഉപദേശിക്കാൻ വരേണ്ടെന്നും അവൻ പറഞ്ഞു . ഇനി ആവർത്തിക്കില്ലെന്നും, തെറ്റ് പറ്റിപ്പോയെന്നുമുള്ള ശരത്തിന്റെ മറുപടിയാണ് സച്ചി പ്രതീക്ഷിച്ച് വന്നത്. എന്നാൽ ഈ മറുപടിയാണ് സച്ചിയ്ക്ക് കേൾക്കേണ്ടി വന്നത് . കലി കയറിയ സച്ചി ശരത്തിന് ഒരൊറ്റ അടി കൂടി പൊട്ടിക്കാൻ ഒരുങ്ങി . പക്ഷെ അപ്പോഴേക്കും ഒരു നേഴ്സ് അങ്ങോട്ട് കയറി വന്നു . അടി ജസ്റ്റ് മിസ് . ശരത്തിന്റെ അഹങ്കാരത്തിന് അവന്റെ മറ്റേ കൈ കൂടി തല്ലി ഓടിക്കണമായിരുന്നു സച്ചി . പ്രേക്ഷകർക്കും അതെ അഭിപ്രായം തന്നെ ആയിരിക്കും . മോഷണം നടത്തിയിട്ട് അവന്റെയൊരു ന്യായീകരണം.

ഏതായാലും താൻ ഇനിയും അവിടെ നിന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്ന് മനസ്സിലാക്കിയ സച്ചി ഉടൻ ആശുപത്രിയിൽ നിന്ന് മടങ്ങുന്നു . ടാക്സി സ്റ്റാൻഡിൽ എത്തിയ ശേഷം അവൻ മഹേഷിനോട് സംഭവിച്ചതെല്ലാം പറയുന്നു. സാരമില്ലെന്നും ശരത്തിന്റെ പ്രായത്തിന്റെ പ്രശ്നമാണെന്നും  പറഞ്ഞ് മഹേഷ് സച്ചിയേ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അതിനൊന്നും സച്ചിയ്ക്ക് ദേഷ്യം തീർന്നിട്ടില്ല. ഈ വിവരങ്ങളെല്ലാം രേവതി അറിഞ്ഞാൽ അവൾ ശരത്തിനെ തല്ലിക്കൊല്ലുമെന്ന് സച്ചിയ്ക്ക് അറിയാം . എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുന്ന സച്ചിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി ബാക്കി കഥ അടുത്ത എപ്പിസോഡിൽ കാണാം.