കോരന്മാർ അവരുടെ ജീവിതം ജീവിക്കും, പിൻഗാമികള്‍ സമൂഹത്തിലൂടെ ചൂളിചുരുങ്ങി കടന്നുപോകും'

വി എസ്  സനോജ് സംവിധാനം നിർവഹിച്ച അരികിന്റെ കാഴ്‍ചയുടെ പശ്ചാത്തലത്തില്‍ ജീവിതാനുഭവം തുറന്നെഴുതുന്നു ബിന്ദു പി പി.

P P Bindus about film Ariku review

വർഷം 2018. പരിയേറും പെരുമാളും കണ്ടിറങ്ങുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ ഇത്തരത്തിലുള്ള സിനിമകൾ സംഭവിക്കുന്നില്ല എന്നായിരുന്നു എന്റെ ചിന്ത. മലയാള സിനിമയുടെ കണ്ടെന്റിനെ കുറിച്ച് ലോകമെങ്ങും വാഴ്ത്തുമ്പോഴും ഭ്രമയുഗം പോലെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ കയ്യടി നേടുമ്പോഴും എന്തുകൊണ്ട് മലയാളത്തിൽ പരിയേറും പെരുമാളോ കർണനോ അസുരനോ വാഴൈയോ പോലെയുള്ള അരികുവത്കരിക്കപ്പെട്ടുപോയ മനുഷ്യരുടെ കഥ പറയുന്ന സിനിമകൾ  വരുന്നില്ല എന്നത് മാത്രമായിരുന്നു എന്റെ ചിന്ത.

ഈ ലോകത്തിന്റെ മുന്നിലേക്ക്  തന്റെ കല കൊണ്ട് ചില ചോദ്യചിഹ്‌നങ്ങൾ ഉയർത്തി കൊണ്ടാണ് മാരി സെൽവരാജ് പുളിയൻകുളവും അവിടെയുള്ള ജീവിതങ്ങളും നമുക്ക് മുന്നിലേക്ക് പരിചയപ്പെടുത്തിയത്. അതേ ചോദ്യങ്ങൾ ഉയർത്തുന്ന യാത്രയാണ് കെഎസ്എഫ്‍സി സ്ത്രീ- ദളിത് സിനിമ പ്രവർത്തകരെ മുന്നോട്ട് കൊണ്ട് വരുന്നതിനായി ഒരുക്കിയ പ്രോജക്ടിന്റെ ഭാഗമായി വി എസ് സനോജ് സംവിധാനം നിർവഹിച്ച 'അരിക്' സിനിമ. മലയാളത്തിന്റെ പരിയേറും  പെരുമാളുമാണ് ആ ചിത്രമെന്ന് ഉറച്ചു പറയാൻ കഴിയും. സിനിമയിറങ്ങി രണ്ടാമത്തെ ആഴ്‍ചയിലും തിയേറ്ററുകളിൽ അരിക് നിലനിൽക്കുന്നുവെന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി തോന്നുന്നുണ്ട്.

Latest Videos

കണ്ടൻ  കോരന്റെയും മകൻ  ശങ്കരന്റെയും ചെറുമകൾ ശിഖയുടെയും കഥയാണ് അരിക്. ദളിത് -തൊഴിലാളി കുടുംബത്തിലെ മൂന്ന് തലമുറയുടെ കഥ പറയുന്ന അരിക് ജാതി ബോധത്തിന് നേരെയുള്ള ആഞ്ഞടിയാണ്. ഇവിടെ ഇപ്പോഴും ജാതിയുണ്ടോ? എന്തിനാ റിസർവേഷൻ എന്നൊക്കെ വളരെ നിഷ്‌കളങ്കമായി, സ്വാഭാവികമായി ചോദിക്കുന്ന എല്ലാ മനുഷ്യർക്കുമുള്ള ഉത്തരമാണ് അരിക്. ഇതിലെ നായകൻ ദളിതനാണ്. ദളിതരുടെ കഥയാണ്. ഓരോ ദളിതനും ഒളിഞ്ഞു മറഞ്ഞു അനുഭവിച്ച ജീവിതത്തിന്റെ  നേർക്കാഴ്ചയാണ് വി എസ്  സനോജ്  സധൈര്യം ബിഗ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് പിന്നാലെ തുടങ്ങുന്ന കഥയിൽ കോരന്റെ അന്നത്തെ ജീവിത സാഹചര്യവും പാർട്ടിയുടെ സജീവ പ്രവർത്തനവുമെല്ലാം കാണിക്കുന്നുണ്ട്. ഇഎംസിനോടുള്ള ആരാധന മൂലം മകന് ശങ്കരൻ എന്ന്  പേരിടുന്നു. കോരാനായി വേഷമിട്ട സെന്തിലിന്റെ കരിയർ ബെസ്റ്റ് ആണ് അരികെന്ന് ഉറപ്പിക്കാം. മുന്ന് കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അയാളുടെ മാനറിസത്തിലും സംസാരത്തിലും വരുത്തിയ മാറ്റങ്ങൾ സെന്തിലിലെ പെർഫോർമറെ സംവിധായകന് മുഴുവനായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതിൽ അടിവരയിടുന്നു.  ശങ്കരനെ സ്‌ക്രീനിൽ എത്തിച്ചത് ഇർഷാദ് അലിയാണ്. കോരന്റെ നിറത്തിൽ നിന്നുള്ള മാറ്റം ശങ്കരനിൽ വരുന്നുണ്ടെങ്കിലും കോരനിൽ കനൽപോലെ എരിയുന്ന ധൈര്യമോ ആർജ്ജവമോ നമുക്ക് കാണാൻ കഴിയില്ല. അയാളുടെ സകല ഇൻസെക്യൂരിറ്റികളും പ്രത്യക്ഷത്തിൽ തന്നെ നമുക്ക് കാണാൻ കഴിയും.

കോരനും ശങ്കരനും ശിഖയും എനിക്ക് ഏറെ പരിചയമുള്ള മൂന്ന് പേരാണ്. കോരൻ എന്റെ അച്ഛൻ കോരൻ തന്നെയാണ്. പക്ഷേ സനോജ് അവതരിപ്പിച്ച കോരന് കുറച്ചുകൂടെ ധൈര്യമുണ്ട്. പണിക്ക് വിളിക്കുന്ന തമ്പുരാന്മാരോട് തറുതല പറയാനുള്ള ധൈര്യമുണ്ട്. അത് പാർട്ടി കൊടുത്ത ധൈര്യമാണെന്ന്  നമുക്ക് മനസിലാവും. എനിക്കറിയുന്ന കോരൻ ആറടി പൊക്കമുള്ള, തനിക്ക് പണിതരുന്ന തമ്പ്രാക്കന്മാരോട് എന്നും വിധേയത്വം കാണിക്കുകയും. അവർക്കുമുന്നിൽ നിൽകുമ്പോൾ ശരീരം ചെറുതായി വളച്ചു ബഹുമാനിക്കുകയും ചെയ്യുന്ന ആളായിരുന്നു. പണ്ടൊരിക്കൽ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്‍ണകുമാർ, തൃപ്പൂണിത്തുറയിലെ തന്റെ തറവാട്ടിൽ പണിക്ക് വരുന്ന മനുഷ്യർക്ക് നിലത്ത് കുഴി കുത്തി അതിൽ ഭക്ഷണം കൊടുക്കാറുണ്ടെന്നും അവർ അത് കൊതിയോടെ കഴിക്കുന്നത് കാണുമ്പോൾ ആ കുഞ്ഞു പ്രിവിലേജ് മനുഷ്യനും ആഗ്രഹം തോന്നി തനിക്കും അങ്ങനെ ഭക്ഷണം തരണമെന്ന് പറഞ്ഞ് കരയാറുണ്ടായിരുന്നെന്നും വളരെ നിഷ്‌കളങ്ക ഭാവത്തിൽ പറഞ്ഞ് കേട്ടപ്പോൾ ദേഷ്യമല്ല, ഉള്ള് വേവുകയായിരുന്നു സത്യത്തിൽ. എം. കുഞ്ഞാമന്റെ എതിരിൽ നായയും കുഞ്ഞാമനും വയറു നിറയ്ക്കാൻ തമ്പ്രാന്റെ വീട്ടിന്റെ പിന്നാമ്പുറത്തെ ആ  കുഴിയിൽ മല്ലിട്ടതും, വളരെ നോർമലായി അന്നൊക്കെ കുഴി വെട്ടി അതിൽ പൊടിയെനിടെ ഇലയിട്ട്  അതിലാണ് കഞ്ഞി കുടിച്ചിരുന്നതെന്ന്  പറയുന്ന എന്റെ അച്ഛൻ കോരനെയും അമ്മ  കാളിയെയും ഓർത്തു പോയി. വിശന്നു എരിയുന്ന വയറിന് എന്ത് പാത്രത്തിന്റെ പ്രിവിലേജ് അല്ലെ?

അരികിലെ  കോരൻ എവിടെയും കയറി ചെല്ലാനും സംസാരിക്കാനും തന്റേടം ഉള്ള മനുഷ്യനാണ്. ശങ്കർ എന്നാക്കിയാൽ പോരേ മോന്റെ പേരെന്ന്  അധ്യാപകൻ പറയുമ്പോൾ ശങ്കരൻ തന്നെ മതിയെന്ന് അധ്യാപകനു നേരെയുള്ള കസേരയിൽ ഇരുന്നുകൊണ്ടാണ് കോരൻ പറയുന്നത്. എന്നാൽ, എത്ര കോരന്മാർക്ക് അങ്ങനെയുള്ള കസേരകൾ കിട്ടിയിട്ടുണ്ടെന്ന് ചിന്തിക്കണം. റീലിലെ കോരനിലും റിയൽ കോരനിലും വളരെ കോമൺ ആയി എനിക്ക് തോന്നിയ ഒരു കാര്യം അവരുടെ സംസാരങ്ങളിലെ രാഷ്രീയം തന്നെയാണ്. സ്‌കൂളിന്റെ പടി ചവിട്ടാത്ത, മാന്യമായ ഒരു കസേരയും ജീവിതത്തിൽ ഒരിടത്തും കിട്ടാത്ത റിയൽ ലൈഫിലെ കോരൻ ഞങ്ങളോട് പറയുമായിരുന്നു ' വല്ലോം പഠിച്ച് ന്തേലും ആയിക്കോ ...അല്ലേൽ ഞങ്ങടെ ജീവിതം തന്നെ ആവുമെന്ന്' ഇത് കേൾക്കുമ്പോൾ അവരുടെ ജീവിതത്തിന് എന്ത് കുഴപ്പം എന്ന്  ചിന്തിരുന്ന കാലം ഉണ്ടായിരുന്നു. പിന്നത് പോകെപ്പോകെ മാറി. ഒട്ടും എളുപ്പമല്ല ആ യാത്രയെന്ന് മനസിലായി തുടങ്ങിയതുമുതൽ പലയിടത്തും പുറകോട്ട് വലിക്കുമ്പോഴും അച്ഛന്റെ ആ വാക്കുകളാണ് ഇന്നും മുന്നോട്ട്  പോകാനുള്ള പ്രേരണയും ശക്തിയും.  ഇന്ന് മറ്റുളവർ ജീവിക്കുന്ന പോലെയെങ്കിലും ചെറുതായി ജീവിക്കാൻ  സാധിക്കുന്നുണ്ടെങ്കിൽ അതുണ്ടാക്കി തന്നത് സ്‌കൂളിൽ പോവാത്ത അച്ഛന്റെ ആ വാക്കുകൾ തന്നെയാണ്. ആ വാക്കുകൾ ഉറവയിട്ട് വന്നത് അവർ കടന്നു വന്ന ജീവിതത്തിൽ നിന്നാണ്, അനുഭവങ്ങളിൽ കാലുറപ്പിച്ചു നിന്നാണ്. അരികിൽ ചെറുമകളോട് ഇതു തന്നെയാണ് കോരനും പറയുന്നത്.


ഇനി ശങ്കരനിലേക്ക് വരാം, കോരനെ പോലെ ധൈര്യമുള്ള ഒരാളല്ല  ശങ്കരൻ. അതിന് കാരണവുമുണ്ട്. കോരന്റെ കാലഘട്ടമാണ് ഏറ്റവും ഭയാനകം എന്ന്  നമ്മളെ തോന്നിപ്പിക്കുമെങ്കിലും അങ്ങനെയല്ല, ശങ്കരൻ  ജീവിച്ച  ജീവിതമാണ് ഏറ്റവും പേടിപ്പെടുത്തുന്ന വഴികൾ. പാടത്തു നിന്നും പറമ്പിൽ നിന്നും നമ്മൾ കേറി എന്നത് ഇപ്പോഴും അംഗീകരിക്കാൻ കഴിയാത്ത ഒരു സമൂഹത്തിൽ, കല്‍പിക്കപ്പെട്ട മാന്യതയുള്ള ജോലിയിൽ നമ്മളെ കാണുമ്പോൾ ഉണ്ടാവുന്ന ഒരുതരം വല്ലായ്‍മയുണ്ട് മറ്റുള്ളവർക്ക്. അതിനിടയിലൂടെ പഠിച്ച് ഉയർന്നു കയറിവരുക എന്നത് കുറച്ചധികം ബുദ്ധിമുട്ടാണ്. ശങ്കരന്റെ ചെറിയ പ്രായവും അത് കഴിഞ്ഞ് അയാൾ ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി പോകുന്നതുമാണ് അരികിൽ സനോജ് നമ്മളെ കാണിക്കുന്നുള്ളുവെങ്കിലും ഇതിനിടയിൽ അയാൾ കടന്നു പോയ വഴികൾ ഒട്ടും എളുപ്പമല്ലാത്തതാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. സ്‌റ്റൈപ്പന്റ് വാങ്ങുന്ന എസ്  സി കുട്ടികളെ ക്ലാസ്സിൽ എഴുന്നേറ്റ് നിൽക്കാൻ  പറയുന്നത് മുതൽ അവന്റെ ജീവിതത്തിൽ ഇൻസെക്യൂരിറ്റി അനുഭവിച്ചു തുടങ്ങുകയാണ്. ശങ്കരന്റെ അദ്ധ്യാപിക ചിരിക്കുന്ന കുട്ടികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ  എല്ലാ അധ്യാപകരും അങ്ങനെയല്ല, എല്ലാ ക്ലാസ്സ് മുറികളും അതേ പോലെയല്ല. ഓരോ ദളിത് വിദ്യാർത്ഥിയോടും  ചോദിക്കുകയാണെങ്കിൽ അറിയാം അവരുടെ ട്രോമാ തുടങ്ങുന്നത് അവിടെ നിന്നാണ്. ഞാൻ 'ഒരു കോടി' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇതേ വിഷയം അവിടെ പറഞ്ഞപ്പോൾ കേരളത്തിൽ അങ്ങനെ ഒരു സമ്പ്രദായം ഉണ്ടോ എന്ന്  അവതാരകൻ ചോദിച്ചിരുന്നു. അദ്ദേഹത്തിന് അത് അറിയില്ലേ എന്നതിൽ എനിക്ക് അത്ഭുതം തോന്നുകയാണ് ഉണ്ടായതെന്ന് ചിരിച്ചു കൊണ്ട് ചോദിച്ചതും ഓർക്കുന്നു. അതെ ചിരിയോടെ തന്നെ പറയുകയാണ് പ്രിവിലേജ് ബഞ്ചിൽ ഇരിക്കുന്ന ഒരാൾക്കും  അപ്പുറത്തുള്ളയാളുടെ  ജീവിതം അറിയണം എന്നില്ലല്ലോ. ബെന്യാമിൻ പറഞ്ഞപോലെ നമ്മൾ  ജീവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണല്ലോ... അല്ലേ...

ശങ്കരന് കോരനെ പോലെ കറുത്ത ശരീരം അല്ല. അതായത് മലയാള സിനിമയിൽ പോലും ദളിതനെ പോർട്രൈറ്റ് ചെയുമ്പോൾ അവന്റെ ശരീരം കറുത്തതായിരിക്കും. അങ്ങനെയാണോ എല്ലാവരുടെയും മനസിൽ ദളിതൻ കറുത്തവനാണെന്ന് ആയതെന്ന് അറിയില്ല. ശങ്കരൻ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ബസിൽ യാത്ര ചെയ്യുന്ന ഒരു രംഗമുണ്ട്. അതിൽ ശങ്കരനോട് ഒരാൾ പറയുന്നുണ്ട് 'നമ്മടെ ആൾക്കാർക്ക് പഴേ പോലെയല്ലല്ലോ, ഇപ്പോം മറ്റവറ്റയ്ക്കല്ലേ എല്ലാം കിട്ടുന്നേ...' ഇത് കേട്ടിരിക്കേണ്ടി വരുന്ന ശങ്കരനോട്  എവിടുത്തെയാണ് ..അച്ഛന്റെ പേരെന്ത് എന്ന്  ചോദിക്കുമ്പോൾ 'കോരൻ ' എന്ന്  പറഞ്ഞു അവസാനിക്കുന്നത് കണ്ടപ്പോഴാണ് ശങ്കരനിൽ ഞാൻ എത്രത്തോളമാണ് ഉള്ളതെന്ന് മനസിലായത്.

സാമ്പത്തികമായി ഒരു പ്രിവിലേജും ഇല്ലാത്ത പാടത്തും പറമ്പിലും പണിയെടുക്കുന്ന ദളിതനായ കോരന്റെ മകളാണ് താനെന്ന് തുറന്നു പറയാൻ ഒരു നീണ്ടകാലം വരെ എനിക്ക് പേടിയായിരുന്നു. അപമാനഭാരമായിരുന്നു. കോരന്മാർ അവരുടെ ജീവിതം ജീവിക്കും എന്നാൽ ശങ്കരനും ബിന്ദുവിനുമൊക്കെ സോ കാൾഡ്  സമൂഹത്തിലൂടെ ചൂളി ചുരുങ്ങി കടന്നു പോകേണ്ടി വരും. സ്‌കൂൾ കാലഘട്ടം മുതൽ ചുറ്റുമുള്ളവർ അവരിൽ എല്ലാവിധ ഇൻ സെക്യൂരിറ്റികളും കുത്തിവയ്ക്കും.

'എടീ നീ എസ് സി യാണോ ...? കണ്ടാൽ തോന്നൂലാ ട്ടാ' എന്നൊരാൾ പറയുമ്പോൾ ആദ്യമൊക്കെ അതൊരു സന്തോഷമായും പിന്നീട് അതിലെന്തോ തെറ്റുണ്ടല്ലോ എന്ന്  മനസിലാക്കിയ പോയിന്റിലായിരിക്കണം എന്നിലെ രാഷ്രീയജീവി ജനിച്ചതെന്ന് തോന്നുന്നു.

ജാതിയുടെ പേര് പറഞ്ഞ് പ്രണയം തകരുമോയെന്ന്  പേടിക്കുന്ന ശങ്കരനെ നമുക്ക് മനസിലാവും. അവന്  പോലും മനസിലാകാത്ത തരത്തിൽ താൻ ജനിച്ച കുലം തെറ്റാണെന്ന തോന്നൽ അയാളിൽ എവിടെയോ ഉണ്ട്. വിദ്യാഭ്യാസം ഉണ്ട്, സാഹിത്യമറിയാം എന്നിട്ടും അയാൾക്ക് ധൈര്യം കിട്ടുന്നില്ല, മാറാൻ കഴിയുന്നില്ല. ശങ്കരനിലെ ഇൻ സെക്യൂരിറ്റികൾ അവിടെ വിസിബിൾ ആണ്. ഒരിക്കലും ബോൾഡായ തീരുമാനം എടുക്കാൻ കഴിയാതെ ഉൾവലിഞ്ഞു പോകുന്ന അവസ്ഥ. അയാൾ അവനവനിലേക്ക് തന്നെ ചുരുങ്ങിപ്പോകുന്നു. അയാൾക്ക് ചുറ്റുമുള്ള എല്ലാത്തിനെയും പേടിയാണ്.  സമൂഹം അയാളെ അങ്ങനെയാണ് ട്രീറ്റ് ചെയ്‍തിരിക്കുന്നത്. ശരി പറയാനുണ്ടാകുമ്പോഴും അത് പറയാൻ കഴിയാതെ ജോലി സ്ഥലത്ത് നിൽക്കേണ്ടി വന്നിട്ടുണ്ടാവണം. പ്രമുഖ മാധ്യമത്തിന്റെ ഇന്റർവ്യൂ ബോർഡിൽ ആത്മവിശ്വാസത്തോടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ബയോഡാറ്റയിലെ കോരൻ  എന്ന പേര് അവിടെയുള്ള ഒരാൾക്ക് വലിയ തമാശയായി  തോന്നി ഉറക്കെ ചിരിച്ചപ്പോൾ 'കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്ന പഴംചൊല്ല് പറഞ്ഞ് അത്   മുഴുമിപ്പിക്കാൻ സാധിക്കാതെ വീണ്ടും ആ ചിരി പൊട്ടിച്ചിരിയായി മാറിയപ്പോൾ, കോരനെന്ന് ഇതിനും മുമ്പെവിടെയും കേട്ടിട്ടില്ലെന്ന് പരിഹസിക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ഛന്റെ പേരും കോരനാ  എന്ന് ഉറക്കെ പറയണം എന്നുണ്ടായിട്ടും അയാൾക്ക് മുന്നിൽ നിസ്സഹമായി ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. കോരനെന്നത്  തമ്പ്രാക്കന്മാർക്ക് ഉണ്ടാവുന്ന പേര് അല്ലെന്നും അത് പാടത്തും പറമ്പിലും പണിയെടുക്കുന്ന ദളിതന്റേതാണെന്നുമുള്ള പൂർണ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരിക്കണം. എന്തൊക്കെ പഠിച്ചാലും എവിടെയൊക്കെ എത്തിയാലും നീയൊക്കെ കോരന്റെ കാളിയുടെയും  മകളാണെന്ന ബോധ്യം നിനക്കില്ലെങ്കിൽ ഞങ്ങളത് ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുമെന്നാണ് ഇവരെല്ലാം ഓരോ വട്ടവും പറയുന്നത്.

അരികിന്റെ ക്ലൈമാക്‌സിൽ കോരൻ പറയുന്നുണ്ട്,  പണ്ട് ജാതി വർത്താനവും വിവേചനവുമെല്ലാം നമുക്ക് മനസിലാവുമായിരുന്നു. പക്ഷേ ഇന്നത് മനസലാവില്ല, അതിനൊന്നും ഇവിടെ ഒരു മാറ്റവും വരില്ലെന്ന്. അത് ജീവിതം പഠിപ്പിച്ചതാണ്. 'എനിക്ക് അങ്ങനെയൊന്നുമില്ലെടാ എനിക്ക് ഒരുപാട് ദളിത് സുഹൃത്തുക്കൾ ഉണ്ടെന്നും' 'ഞാൻ നിന്റെ അടുത്തുന്നു കഴിക്കും പക്ഷേ മറ്റേയാൾ അങ്ങനെ കഴിക്കില്ലെന്നും' ഔദാര്യത്തോടെ പറഞ്ഞവർ എന്റെ ചുറ്റുമുണ്ട്. വർഷങ്ങൾ തന്നെ വേണ്ടി വന്നു, ഈ സ്‌നേഹത്തിന് പിന്നിലുള്ള ജാതി വിഷം മനസിലാക്കാൻ. പണ്ട് യൂണിവേഴ്‌സിറ്റി കാമ്പസ്സിൽ പഠിക്കുമ്പോൾ ഞാൻ എസ് സി ആണെന്ന് പറഞ്ഞപ്പോൾ അത് പറയാൻ പോലും പേടിച്ചിരുന്ന ഒരു ചേച്ചി എന്നെ അത്ഭുതതോടെ നോക്കിയത് ഓർമ്മയുണ്ട്. ആ ചേച്ചിയുടെ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ ഒരു സംസാരം ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. എസ് സി എസ് ടി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചതിനാൽ ഹോസ്റ്റലിന്റെ പേരിലും ആ രേഖപ്പെടുത്തലുണ്ടായിരുന്നു. ചേച്ചിയുടെ കൂടെയുള്ള റിസർച്ച് ഓറിയന്റ്ഡായി പഠിക്കുന്ന ഒരാൾ പറഞ്ഞത്, ഈ ഹോസ്റ്റൽ എല്ലാം പുതിയതാ ഫുഡും നല്ലതാ... പക്ഷേ ഇങ്ങോട്ടേക്കു കയറി വരുന്നത് കണ്ടാൽ ഞാൻ എസ് സി ആണെന്ന് ആരെങ്കിലും കരുതുമോ എന്നാണ് പേടിയെന്ന്...'തന്റെ ഐഡന്റിറ്റി പോലും പറയാൻ പേടിച്ച ആ ചേച്ചിക്ക് വേദനിപ്പിക്കുന്ന നിമിഷത്തിലും ആ തമാശയ്ക്ക് ചിരിക്കേണ്ടി വന്നു.

ബോധവും വിവരവും വയ്ക്കുന്നത് വരെ ജാതിയും കുടുംബവും ഞങ്ങളുടെ സാമ്പത്തികവസ്ഥയുമൊക്കെ എന്റെ ഇൻസെക്യൂരിറ്റികൾ തന്നെയായിരുന്നു. ശങ്കരൻ പറഞ്ഞ പോലെ ഒപ്പമുള്ളവരെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരാൻ പോലും പേടിയായ കാലമുണ്ടായിരുന്നു.ഞാൻ  ഇതാണെന്ന് അറിഞ്ഞാൽ സുഹൃത്തുക്കളും സമൂഹവും എന്നെ ഒറ്റപ്പെടുത്തുമോ എന്ന കാര്യം ഉള്ളിൽ നെരിപ്പോട് പോലെ എരിഞ്ഞു.

അരികിൽ ശങ്കരന്റെ മകൾ ശിഖയുടെ ജീവിതം കുറച്ചുകൂടെ മാറിയ നിലയിലാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്നു. അവളുടെ സുഹൃത് വലയങ്ങളിൽ ആ ക്വാളിറ്റി കാണാൻ കഴിയും. എങ്കിലും കറുപ്പ് എന്ന ഇൻസെക്യൂരിറ്റി അവളെ വല്ലാതെ അലട്ടുന്നുണ്ട്. അവൾ കരയുന്നുണ്ട്. ശിഖയിലൂടെയാണ് അരിക് പാൻ ഇന്ത്യൻ ചിത്രമാകുന്നത്. ഉപരിപഠനത്തിനായി നോർത്ത് ഇന്ത്യയിലേക്ക് പോകുന്ന ശിഖയ്ക്ക് കിട്ടുന്ന ഹോസ്റ്റൽ മുതൽ സമൂഹത്തിന്റെ വിവേചന സ്വഭാവം സനോജ് കൃത്യമായി കാണിച്ചു തരുന്നു. ഉത്തരേന്ത്യയിലെ ജാതി കൊലപാതകത്തിന്റെ പേടിപ്പെടുത്തുന്ന നേർക്കാഴ്‍ചകളും സനോജ് സിനിമയിൽ പങ്കുവയ്ക്കുന്നു.

സിനിമ എപ്പോഴും സമൂഹത്തോട് സംവദിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു സിനിമ കണ്ടശേഷം ഒരു മനുഷ്യൻ അയാൾ അറിഞ്ഞോ, അറിയാതെയോ ചെയ്യുന്ന ഒരു തെറ്റ് മനസിലാക്കി തിരുത്താൻ ശ്രമിക്കുകയാണെങ്കിൽ അവിടെയാണ് കല വിജയിക്കുന്നത്. വളരെ ചുരുങ്ങിയ ഫണ്ടിൽ ഇത്തരത്തിൽ ഒരു പീരിയോഡിക് സിനിമ അതിന്റെ എല്ലാ തീവ്രതയോടെയും സമൂഹത്തിന് വേണ്ടി  ഒരുക്കിയ സനോജ് വലിയ കയ്യടി അർഹിക്കുന്നു. കണ്ടെന്റ് വാല്യൂ ഉള്ള മികച്ച സിനിമാറ്റിക് എക്‍സ്‍പീരിയൻസ് തരുന്ന ചിത്രമാണ് അരിക്. വിഷ്വൽ,സൗണ്ട് ക്വാളിറ്റിയിയിൽ ഒട്ടും കോംപ്രോമൈസ് ചെയ്യാതെയാണ് സനോജ് സിനിമ ഒരുക്കിയത്. അരിക് പോലുള്ള സിനിമകൾ വിജയിച്ചാൽ അരികുവൽക്കരിക്കപ്പടുന്ന മനുഷ്യരുടെ പൊള്ളുന്ന കഥകളുമായി ഇനിയും ഒരുപാടുപേർ മുന്നോട്ട് വരും... ഉറപ്പ്. നമുക്കും വേണ്ടേ പരിയേറും പെരുമാളും പോലെയുള്ള സിനിമകൾ.

Read More: 'അവൾക്ക് നാലു മാസം പ്രായം, ഞങ്ങളുടെ അതിഥി'; ഒടുവില്‍ വെളിപ്പെടുത്തി നടൻ അരുൺ രാഘവൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
vuukle one pixel image
click me!