ലളിതമായ ആഖ്യാനമുള്ള, ഫീല്‍ ഗുഡ് രീതിയില്‍ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.
മണിയറയിലെ അശോകന്‍ എന്ന ഡയറക്റ്റ് ഒടിടി റിലീസ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് ഷംസു സൈബ. അഞ്ച് വര്‍ഷത്തിനിപ്പുറം കരിയറിലെ രണ്ടാമക്കെ ചിത്രവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന അഭിലാഷമാണ് ആ ചിത്രം. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കാഴ്ചാനുഭവം എങ്ങനെയെന്ന് നോക്കാം.
ഒരു ഫാന്‍സി ഷോപ്പ് അടക്കം സ്വന്തമായി ചില ബിസിനസുകള്‍ നടത്തുന്ന ആളാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അഭിലാഷ് കുമാര്‍. ഒരു ക്രോണിക് ബാച്ചിലര്‍ ആണ് അദ്ദേഹം. അഭിലാഷ് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നതിന്‍റെ കാരണം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാം. കൗമാരകാലത്തുനിന്ന് ആരംഭിച്ച ഒരു സ്കൂള്‍ പ്രണയമാണ് അഭിലാഷിന്‍റെ മുന്നോട്ടുള്ള ജീവിതത്തെ അത്രയധികം സ്വാധീനിച്ചത്. അതേസമയം സ്വതവേ ഉള്‍വലിവും ആത്മവിശ്വാസക്കുറവുമുള്ള അഭിലാഷിന് തന്‍റെ പ്രണയം ഒന്ന് തുറന്ന് പ്രകടിപ്പിക്കാന്‍ ഇത്ര നാളും സാധിച്ചിട്ടുമില്ല. ആ പ്രണയം മറക്കാനായില്ലെങ്കിലും സമാധാനമുള്ള ഒരു ചെറിയ ജീവിതവുമായി കഴിയുകയാണ് അദ്ദേഹം. എന്നാല്‍ മറക്കാനാവാത്ത ആ പ്രണയം ഒരിക്കല്‍ക്കൂടി തളിര്‍ക്കാന്‍ സാഹചര്യങ്ങള്‍ ഇടയാക്കുകയാണ്. അഭിലാഷിന്‍റെ പ്രണയം സാക്ഷാത്കരിക്കപ്പെടുമോ എന്ന ചോദ്യത്തെ മുന്‍നിര്‍ത്തിയാണ് ഷംസു സൈബയുടെ ചിത്രം മുന്നോട്ട് പോകുന്നത്.
ലളിതമായ ആഖ്യാനമുള്ള, ഫീല്‍ ഗുഡ് രീതിയില്‍ കഥ പറയുന്ന ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പിനെ അയല്‍പക്കത്തെ സാധാരണക്കാരന്‍ കഥപാത്രമായി പലകുറി കണ്ടിട്ടുണ്ട് പ്രേക്ഷകര്‍. അഭിലാഷും അത്തരത്തില്‍ ഒരു പാവത്താനാണ്. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ആ കഥാപാത്രത്തിന് ഹ്യൂമര്‍ കുറവാണ്. അങ്ങേയറ്റം സത്യസന്ധനായ, ഒരു പ്രണയം തുറന്നുപറയാന്‍ പോലും സാധിക്കാത്ത കഥാപാത്രത്തിന് ലുക്കില്‍ മാത്രമല്ല, പ്രകടനത്തിലും ഒരു വേറിട്ട ഭാവമാണ് സൈജു കുറുപ്പ് നല്‍കിയിരിക്കുന്നത്. ചെറു ചെറു സംഭവങ്ങളില്‍ നിന്ന് അടുത്ത സംഭവങ്ങളിലേക്ക് പോകുന്ന, ഒഴുക്കുള്ള തിരക്കഥയാണ് ചിത്രത്തിന്‍റേത്. ജെനിത്ത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിലാഷിനെയും അയാളുടെ ജീവിത പരിസരങ്ങളെയും നേരിട്ട് പരിചയപ്പെടുത്തിയതിന് ശേഷം അയാളുടെ ജീവിതത്തെയും പ്രശ്നങ്ങളെയും അടുത്തറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍. മിനിമാലിറ്റിയോടെയാണ് അഭിലാഷിനെ സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ആ അവതരണം ഭാവതീവ്രവുമാണ്.
തന്‍വി റാം ആണ് ചിത്രത്തിലെ ഷെറിന്‍ മൂസ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷെറിന്‍ എന്ന കഥാപാത്രത്തിന്‍റെ കൃത്യമായ കാസ്റ്റിംഗ് ആണ് തന്‍വിയുടേത്. ഇരുവരുടെയും കോമ്പിനേഷനും സ്ക്രീനില്‍ നന്നായി വര്‍ക്ക് ആയിട്ടുണ്ട്. നവാസ് വള്ളിക്കുന്ന് അവതരിപ്പിക്കുന്ന, അഭിലാഷിന്‍റെ സുഹൃത്തായ വക്കീല്‍ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം. താജു എന്ന ഒരു സര്‍പ്രൈസ് എന്‍ട്രിയായി അര്‍ജുന്‍ അശോകനും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം ആരംഭിച്ച് ഏറെ വൈകാതെ തന്നെ ഗൃഹാതുരതയും പ്രണയവും കാല്‍പനികതയുമൊക്കെ കലര്‍ന്ന ഒരു സവിശേഷ മൂഡിലേക്ക് പ്രേക്ഷകരെ അനായാസം എത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് ഷംസു സൈബ.
മിനിമല്‍ ആയ അതേസമയം സിനിമയുടെ കോര്‍ ഇമോഷനെ പൊതിഞ്ഞുനില്‍ക്കുന്നത് പോലെയുള്ള വിഷ്വല്‍ നരേറ്റീവ് ആണ് ഛായാഗ്രാഹകന്‍ സജാദ് കാക്കു സൃഷ്ടിച്ചിരിക്കുന്നത്. ഗിമ്മിക്കുകളൊന്നും ഇല്ലാതെ കഥാപാത്രങ്ങളോട് നേരിട്ട് സംവദിക്കുന്നതുപോലത്തെ അനുഭവം ഉണ്ടാക്കുന്നുണ്ട് ഇത്. ഒരു മ്യൂസിക്കല്‍ അല്ലെങ്കിലും പലപ്പോഴും അതിനോടടുത്ത് നില്‍ക്കുന്ന സംഗീതാനുഭവം പകരുന്നുണ്ട് അഭിലാഷം. ശ്രീഹരി കെ നായര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഷംസു സൈബയുടെ നരേറ്റീവിന് സ്മൂത്ത് ആയ ഒഴുക്ക് ഉണ്ടാക്കുന്നുണ്ട് നിംസിന്‍റെ എഡിറ്റിംഗ്. ലളിതമായ കഥയും ആഖ്യാനവുമുള്ള അഭിലാഷം ശ്രദ്ധിക്കപ്പെടുന്നത് അതിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരാണെന്ന് തോന്നുന്നിടത്താണ്. അലങ്കാരങ്ങളൊന്നുമില്ലാതെ പ്രധാന കഥാപാത്രങ്ങളുടെ വൈകാരികത പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിഞ്ഞിടത്താണ് ഈ സംവിധായകന്‍റെ വിജയം.
ALSO READ : 'കാതലാകിറേൻ'; തമിഴ് ആല്‍ബത്തിന്‍റെ ടൈറ്റില്‍ വീഡിയോ പോസ്റ്റര്‍ എത്തി