പക്ഷേ കഥാപശ്ചാത്തലം കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും ടൊവിനൊയുടെ പ്രകടനത്തിന് തെല്ലൊന്നു മുകളില്‍ നില്‍ക്കുകയാണ് ഗുരു സോമസുന്ദരം- 'മിന്നല്‍ മുരളി' റിവ്യു.
മലയാളത്തിന്റെ മണ്ണില്‍ കാലുറപ്പിച്ച് ഒരു സൂപ്പര്‍ഹീറോ എത്തിയിരിക്കുന്നു. ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് 'മിന്നല്‍ മുരളി'യെത്തിയത് (Minnal Murali0 വെറുതെയാകില്ല. മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ കഥാപാത്രമെന്ന വിശേഷണം 'മിന്നല്‍ മുരളി' സ്വന്തം പേരില്‍ കുറിക്കുന്ന മികച്ചൊരു സിനിമാനുഭവവും സമ്മാനിച്ചുകൊണ്ടാണ്. ടൊവിനോ തോമസിനെ (Tovino Thomas) സൂപ്പര്‍ഹീറോ ആയി ബേസില്‍ അവതരിപ്പിച്ചത് മോശമായില്ല എന്ന് ചുരുക്കത്തില്‍ പറയാം.
undefined
'ജെയ്‍സണ്‍' എന്ന തയ്യല്‍ക്കാരൻ എങ്ങനെയാണ് സൂപ്പര്‍ഹീറോ ആകുന്നത് എന്നൊക്കെ വളരെ മുന്നേ വെളിപ്പെടുത്തിയാണ് 'മിന്നല്‍ മുരളി' എത്തിയത്. ഇടിമിന്നലേല്‍ക്കുന്ന 'ജെയ്‍സണ്‍' അമാനുഷനാകുകയാണ്. സിനിമയിറങ്ങും മുന്നേ 'മിന്നല്‍ മുരളി' ശരിക്കും സൂപ്പര്‍ഹീറോയാണ് എന്ന് പ്രേക്ഷക മനസില്‍ ഉറപ്പിക്കുന്നതായിരുന്നു വിപണനതന്ത്രവും. അങ്ങനെ സൂപ്പര്‍ഹീറോ ആയി മാറിയ 'മിന്നല്‍ മുരളി' എന്തൊക്കെയാകും സ്‍ക്രീനില്‍ ചെയ്യുക എന്ന കൗ
തുകമായിരുന്നു പിന്നീട് സ്വാഭാവികമായുമുണ്ടാകുക. 'സൂപ്പര്‍മാനെ' പോലെയോ അല്ലെങ്കില്‍ മറ്റുള്ള സൂപ്പര്‍ഹീറോയെ പോലെയോ ഒക്കെ 'മിന്നല്‍ മുരളി'ക്കും ചെയ്യാനാകുമോ? അങ്ങനെ ചെയ്‍താല്‍ കൂവല്‍ ഉറപ്പാകും എന്ന് അറിയാവുന്നതുകൊണ്ടുതന്നെ 'പറക്കാനുള്ള കഴിവ്' കിട്ടിയില്ല എന്ന് 'മിന്നല്‍ മുരളി' ട്രെയിലറില്‍ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ സൂപ്പര്‍ഹീറോ ആയതിനാല്‍ കഥാപാത്രം ചിലതെല്ലാം ചെയ്‍തേ തീരൂവെന്ന നിര്‍ബന്ധ ബുദ്ധിക്കാരെയും പരിഗണിക്കുന്നു സംവിധായകൻ.
ഹോളിവുഡ് അല്ല മോളിവുഡ്. പക്ഷേ 'മിന്നല്‍ മുരളി'യെന്ന ചിത്രത്തിലേക്കുള്ള വിഎഫ്‍എക്സിന്റെ ചേര്‍ച്ച എടുത്തുപറയേണ്ടതാണ്. സൂപ്പര്‍ഹീറോയെ വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു മിന്നല്‍ മുരളിയുടെ പാളിച്ചകള്‍ അധികം സംഭവിക്കാത്ത വിഎഫ്‍എക്സ്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് 'മിന്നല്‍ മുരളി'യും. മലയാളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ഒടിടിയിലാണ് എത്തിയത് എന്നതില്‍ നിരാശ തോന്നാം.
കഥയിലെ കയ്യടക്കമാണ് 'മിന്നല്‍ മുരളി'യെ പ്രേക്ഷകനോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. ഒരു സൂപ്പര്‍ഹീറോ മലയാളത്തില്‍ ആദ്യമായി വരുമ്പോള്‍ അത് വിശ്വസനീമായി അവതരിപ്പിക്കുന്ന തരത്തില്‍ ഒരു കഥാപശ്ചാത്തലം മിന്നല്‍ മുരളിക്കുണ്ട്. അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് തിരക്കഥാകൃത്തുക്കള്‍. നായകന്റെ സൂപ്പര്‍ഹീറോ പരിവേഷത്തിലധികം തന്നെ വില്ലന്റെ കഥാപശ്ചാത്തലത്തിനും പ്രധാന്യം നല്‍കിയാണ് 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളുടെ എഴുത്ത്.
സംവിധായകൻ ബേസില്‍ ജോസഫ് തന്റെ പോക്ക് മുന്നോട്ടുതന്നെയെന്ന് അടിവരയിടുകയും ചെയ്യുന്നു 'മിന്നല്‍ മുരളി'യിലൂടെ. ഡീറ്റയിലിംഗിലൂടെ പ്രേക്ഷകന്റെ ചോദ്യ ശരങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ സമര്‍ഥമായി ശ്രമിച്ചിട്ടുണ്ട് ബേസില്‍ ജോസഫ്. ഗ്രാമപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ ഒരു സൂപ്പര്‍ഹീറോ കഥ പറഞ്ഞ് ഫലിപ്പിച്ചതില്‍ ബേസില്‍ ജോസഫാണ് ആദ്യം ക്രഡിറ്റ് അര്‍ഹിക്കുന്നതും. ചെറു കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള ഒരു സിനിമയെ പതിവില്‍ നിന്ന് വ്യത്യസ്‍തമായി വിശാലമായ ക്യാൻവാസിലേക്ക് മാറ്റിയ ബേസില്‍ ജോസഫില്‍ നിന്ന് ഇനിയും ഒരുപാട് മലയാളത്തിന് പ്രതീക്ഷിക്കാം.
'ജെയ്‍സണ്‍' എന്ന നായക കഥാപാത്രമായി ടൊവിനൊ പതര്‍ച്ചകളില്ലാതെ സൂപ്പര്‍ഹീറോ ആയി മാറിയിട്ടുണ്ട്. നിഷ്‍കളങ്കനായ എന്നാല്‍ സ്വപ്‍നത്തിലെ ആഢംബര ജീവിതത്തിനായി കരുക്കള്‍ നീക്കുകയും ചെയ്യുന്ന ചെറുപ്പകാരനായ 'ജെയ്‍സണി'ന്റെ ഭാവം ടൊവിനോയ്‍ക്ക് ശരിക്കും ഇണങ്ങുന്നുണ്ട്. തുടക്കത്തിലെ ഹാസ്യം മാറി ചിത്രം മുന്നേറുമ്പോള്‍ വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ടൊവിനൊ നായക നടന്റെ വീര്യം കാട്ടുന്നുണ്ട്. പക്ഷേ കഥാപശ്ചാത്തലം കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും ടൊവിനൊയുടെ പ്രകടനത്തിന് തെല്ലൊന്നു മുകളില്‍ നില്‍ക്കാൻ അര്‍ഹനാണെന്ന് തോന്നിപ്പിക്കുന്നു ഗുരു സോമസുന്ദരം. അമാനുഷിക ശക്തികളുള്ള 'ഷിബു' എന്ന വില്ലൻ കഥാപാത്രമായിട്ടാണ് ഗുരു സോമസുന്ദരത്തിന്റെ പ്രകടനം.
പി ബാലചന്ദ്രനടക്കമുള്ള മറ്റ് അഭിനേതാക്കളും 'മിന്നല്‍ മുരളി'യുടെ പൊതുസ്വാഭാവത്തോടും കഥാപാത്രങ്ങളുടെ ആവശ്യകതയോടും സ്വന്തം പ്രകടനം കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബജറ്റിന്റെ പരിമിതി അറിയിക്കാത്ത വിധം ഒരു സൂപ്പര്‍ഹീറോ ചിത്രമായി 'മിന്നല്‍ മുരളി'യെ മലയാളത്തില്‍ എത്തിക്കാൻ സമീര്‍ താഹിന്റെ ഛായാഗ്രാഹണവും ബേസിലിന് കൂട്ടാകുന്നു. ഷാൻ റഹ്‍മാന്റെയും സുഷിൻ ശ്യാമിന്റെയും സംഗീതത്തെ മിന്നല്‍ മുരളിയിലെ 'വിട്ടഭാഗങ്ങളെ' പൂരിപ്പാനെന്ന വിധവും ബേസില്‍ ഉപയോഗിച്ചിരിക്കുന്നു. എന്തായാലും മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ സൂപ്പര്‍ഹീറോയുടെ വരവ് ആസ്വദിക്കാൻ പോന്നതു തന്നെയാണ്.