ചിരിപ്പിച്ചിരുത്തും ഈ ലവ് സ്റ്റോറി; 'പ്രേമലു' റിവ്യൂ

By Web Team  |  First Published Feb 9, 2024, 4:17 PM IST

പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയോട് ഏറ്റവും നീതി പുലര്‍ത്തുന്ന രീതിയില്‍ അവതരിപ്പിച്ചവയാണ് ഗിരീഷിന്‍റെ ആദ്യ രണ്ട് സിനിമകളുമെങ്കില്‍ മൂന്നാം ചിത്രമായ പ്രേമലുവും അങ്ങനെ തന്നെയാണ്


തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന അരങ്ങേറ്റ ചിത്രവുമായി ഗിരീഷ് എ ഡി വരുമ്പോള്‍ പ്രേക്ഷകരെ സംബന്ധിച്ച് അത് ഓര്‍ത്തുവെക്കേണ്ട ഒരു നവാഗതന്‍റെ കടന്നുവരവായിരുന്നു. പിന്നീട് സൂപ്പര്‍ ശരണ്യയെന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുടെ ജീവിതവും പ്രണയവും ആയിരുന്നെങ്കില്‍ സൂപ്പര്‍ ശരണ്യയില്‍ എത്തുമ്പോള്‍ കേന്ദ്ര കഥാപാത്രങ്ങള്‍ കോളെജ് വിദ്യാര്‍ഥികള്‍ ആയിരുന്നു. മൂന്നാം ചിത്രമായ പ്രേമലുവില്‍ എത്തുമ്പോള്‍ കോളെജ് പഠനം കഴിഞ്ഞ് ആദ്യ ജോലി ചെയ്യുന്നവരും കരിയറിനെക്കുറിച്ചും ജീവിതത്തിന്‍റെ പ്ലാനിംഗിനെക്കുറിച്ചുമൊക്കെ ഗൗരവപൂര്‍വ്വം ആലോചിക്കുന്നവരാണ് പ്രധാന കഥാപാത്രങ്ങള്‍. 

പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയോട് ഏറ്റവും നീതി പുലര്‍ത്തുന്ന രീതിയില്‍ അവതരിപ്പിച്ചവയാണ് ഗിരീഷിന്‍റെ ആദ്യ രണ്ട് സിനിമകളുമെങ്കില്‍ മൂന്നാം ചിത്രമായ പ്രേമലുവും അങ്ങനെ തന്നെയാണ്. ലൊക്കേഷന്‍ ഹൈദരാബാദ് ആണ് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ചെന്നൈയും ബംഗളൂരുവും മുംബൈ പോലും മലയാള സിനിമകളുടെ പശ്ചാത്തലമായി നിരവധി തവണ കടന്നുവന്നിട്ടുണ്ടെങ്കിലും ഹൈദരാബാദ് അങ്ങനെ ഒരു ചിത്രത്തിന്‍റെ മുഴുനീള പശ്ചാത്തലം ആയിട്ടില്ല. പ്രേമലു എന്ന ടൈറ്റിലും ലൊക്കേഷന്‍റെ ഈ പ്രത്യേകത കൊണ്ട് വന്ന പേരാണ്. മലയാളത്തിലെ പുതുതലമുറ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായവരുടെ കൂട്ടത്തിലുള്ള നസ്‍ലിനും മമിതയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 

Latest Videos

undefined

 

പ്ലസ് ടുവിന് മാര്‍ക്ക് കുറവായതിനാല്‍ തമിഴ്നാട്ടിലെ ഒരു കോളെജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് നസ്‍ലിന്‍ അവതരിപ്പിക്കുന്ന സച്ചിന്‍. ഭാവി വിദേശത്താവണമെന്ന് ആഗ്രഹിക്കുന്ന യുകെയ്ക്ക് പോകാന്‍ ഒരുങ്ങുന്നയാള്‍. ജീവിതത്തില്‍ ഇന്നുവരെ വണ്‍ വേ ലവ് സ്റ്റോറികള്‍ മാത്രം പറയാന്‍ കഴിയുന്ന ആളുമാണ് ഈ നായകന്‍. മമിതയുടെ റീനു ആകട്ടെ ജീവിതത്തില്‍ ആത്മവിശ്വാസത്തോടെ ഓരോ ചുവടും മുന്നോട്ട് വെക്കുന്നയാളാണ്. 30 വയസു വരെയുള്ള ജീവിതത്തെക്കുറിച്ച് കൃത്യമായ പ്ലാനിംഗ് ഉണ്ട് ഈ കഥാപാത്രത്തിന്. പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ ജീവിതത്തിലെ ആദ്യ ജോലിയുമായി എത്തുകയാണ് റീനു. അവിചാരിതമായ കണ്ടുമുട്ടലുകളിലൂടെ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാവുന്ന പരിചയം ഏതൊക്കെ തരത്തില്‍ വളരുന്നുവെന്നും അതിനിടയിലുള്ള സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. 

 

ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ മാത്രം നില്‍ക്കുന്ന സിനിമയല്ല പ്രേമലുവും. ചുറ്റുമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ക്കും അവരുടേതായ പ്രാധാന്യവും സ്പേസുമുണ്ട്. ത്രില്ലറുകളും വയലന്‍സിന് പ്രാധാന്യമുള്ള ആക്ഷന്‍ ഡ്രാമകളുമൊക്കെ കൂടുതലായി വന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ കോമഡികള്‍ എത്തുന്നത് അപൂര്‍വ്വമാണ്. ഇനി അപൂര്‍വ്വമായെത്തുന്ന അത്തരം പരീക്ഷണങ്ങളില്‍ത്തന്നെ തിയറ്ററില്‍ ചിരിയുണര്‍ത്തുന്ന സിനിമകള്‍ അത്യപൂര്‍വ്വവും. റൊമാന്‍റിക് കോമഡി എന്ന ജോണറിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിരിക്കുന്ന ചിത്രമാണ് പ്രേമലു. കോമഡികള്‍ വര്‍ക്കൗട്ട് ചെയ്യിക്കുന്നതിലുള്ള തന്‍റെ പ്രാഗത്ഭ്യം ഗിരീഷ് എ ഡി വീണ്ടും തെളിയിച്ചിട്ടുണ്ട്. വര്‍ക്കൗട്ട് ആവാത്ത ഒരു കോമഡി രംഗം പോലും ചിത്രത്തിലില്ല. 

 

കരിയറിന്‍റെ നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുന്ന നസ്‍ലിനും മമിതയ്ക്കും ലഭിച്ച സുവര്‍ണാവസരങ്ങളാണ് പ്രേമലുവിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഗിരീഷ് എ ഡിക്കൊപ്പം കിരണ്‍ ജോസിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന തിരക്കഥ കഥാപാത്രങ്ങളെ ഒറ്റ ലെയറില്‍ ഒതുക്കുന്നതല്ല. വിശേഷിച്ചും നായികാനായകന്മാരെ. സ്ഥിരമായി പ്രണയനഷ്ടങ്ങള്‍ സംഭവിക്കുന്ന, ആവറേജ് വിദ്യാര്‍ഥിയായ, എന്നാല്‍ ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത സച്ചിനെ നസ്‍ലിന്‍ ഗംഭീരമാക്കിയിട്ടുണ്ട്. ജീവിതത്തില്‍ ആത്മവിശ്വാസത്തിന്‍റെ നിറകുടമായ, അതേസമയം വൈകാരികതയ്ക്കും ബന്ധങ്ങള്‍ക്കുമൊക്കെ പ്രാധാന്യം കൊടുക്കുന്ന റീനുവിനെ മമിതയും മറ്റൊരു നടിയെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും നിലവിലെ താരപരിവേഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൂടിയാണ് ഗിരീഷ് എ ഡിയുടെ കഥാപാത്രസൃഷ്ടികള്‍. സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍ തുടങ്ങിയവരുടെയും ശ്രദ്ധേയ കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.

 

സിനിമാറ്റോഗ്രഫി, സൗണ്ട്, മ്യൂസിക്, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങി ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലൊക്കെ മികവ് പുലര്‍ത്തിയിട്ടുണ്ട് ചിത്രം. അജ്മല്‍ സാബുവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പുതുതലമുറയുടെ ജീവിതത്തെ ഏറ്റവും കളര്‍ഫുള്‍ ഫ്രെയ്‍മുകളിലൂടെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് അജ്മല്‍. ആകാശ് ജോസഫ് വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. പ്രധാന കഥാപാത്രങ്ങളുടെ പേഴ്സണല്‍ സ്പേസിലെത്തുമ്പോള്‍ വേഗത കുറയുകയും അവരുടെതന്നെ, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഔട്ട്ഡോര്‍ ലൈഫിലേക്ക് എത്തുമ്പോള്‍ വേഗത കൂട്ടുകയും ചെയ്യുന്ന രീതിയിലാണ് ഗിരീഷ് ചിത്രത്തിന്‍റെ നരേഷന്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് അനുഭവിപ്പിക്കാത്ത തരത്തില്‍ ഒരു ഒറ്റ ഒഴുക്കായാണ് ആദര്‍ശിന്‍റെ കട്ടുകള്‍.

 

യുവതലമുറയാണ് ചിത്രത്തിന്‍റെ പ്രധാന ടാര്‍ഗറ്റ് ഓഡിയന്‍സ് എങ്കിലും ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രേമലു. പേര് നല്‍കുന്ന കൗതുകം ഉടനീളം നിലനിര്‍ത്താന്‍ സാധിച്ചു എന്നിടത്താണ് ഗിരീഷ് എഡി ഒരു സംവിധായകനെന്ന നിലയില്‍ വിജയിക്കുന്നത്.

ALSO READ : എങ്ങനെയുണ്ട് 'മൊയ്‍തീന്‍ ഭായ്‍'? 'ജയിലറി'ന് ശേഷം സ്ക്രീനില്‍ രജനി! 'ലാല്‍ സലാം' ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!