ജോഷി ചതിച്ചില്ലാശാനെ! 'പൊറിഞ്ചു മറിയം ജോസ്' റിവ്യൂ

By Web Team  |  First Published Aug 23, 2019, 5:23 PM IST

നാല് പതിറ്റാണ്ടിനുമേല്‍ പ്രായോഗിക പരിചയമുള്ള, പല തലമുറകളെ തീയേറ്ററുകളിലേക്ക് എത്തിച്ച ജോഷി എന്ന സംവിധായകന്‍ 2019ല്‍ സിനിമ എന്ന മാധ്യമത്തെ എങ്ങനെ സമീപിക്കുന്നു എന്നത് കൗതുകകരമായ കാഴ്ചയാണ്. നാല് വര്‍ഷത്തെ ഇടവേളയില്‍ അദ്ദേഹം മലയാളസിനിമയിലും സിനിമ എന്ന മാധ്യമത്തില്‍ മൊത്തത്തിലും നടക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുകയല്ലായിരുന്നുവെന്ന് ബോധ്യപ്പെടുത്തും പൊറിഞ്ചു മറിയം ജോസ്. 


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ജോഷി ചിത്രം തീയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2015ല്‍ തീയേറ്ററുകളിലെത്തിയ 'ലൈലാ ഓ ലൈലാ'യാണ് ജോഷിയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. നാല് പതിറ്റാണ്ട് നീളുന്ന കരിയറില്‍ നാല് വര്‍ഷത്തെ ഇടവേള ജോഷിയ്ക്ക് ആദ്യമാണ്. അത്തരമൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും മലയാളസിനിമയിലെ പുതുനിരയാണ്. റിലീസിന് മുന്‍പെത്തിയ ട്രെയ്‍ലറില്‍ കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച ജോഷിയിലെ സംവിധായകന്‍ ദൃശ്യമായിരുന്നു. ഈ തലമുറയിലെ ശ്രദ്ധേയ അഭിനേതാക്കളായ ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദ് ജോസുമൊക്കെ ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രം ട്രെയ്‍ലറിലൂടെ നല്‍കിയ പ്രതീക്ഷ കാത്തോ? അതെ എന്നുതന്നെയാണ് 'പൊറിഞ്ചു മറിയം ജോസി'ന്‍റെ കാഴ്ചാനുഭവം.

ടൈറ്റില്‍ കഥാപാത്രങ്ങളാവുന്ന മൂന്ന് പേര്‍ക്കൊപ്പം (ജോജുവിനും ചെമ്പനുമൊപ്പം നൈല ഉഷയും) വിജയരാഘവന്‍, സലിംകുമാര്‍, രാഹുല്‍ മാധവ്, നന്ദു, സുധി കോപ്പ, ജയരാജ് വാര്യര്‍, ടി ജി രവി, മാളവിക മേനോന്‍, മാലാ പാര്‍വ്വതി, ഐ എം വിജയന്‍ തുടങ്ങി മറ്റേത് ജോഷി ചിത്രത്തിലേതുംപോലെ വന്‍ താരനിരയുണ്ട് 'പൊറിഞ്ചു'വിലും. അത് 'താരബാഹുല്യം' മാത്രമായി ഒതുങ്ങിപ്പോകാതെ, പെട്ടെന്ന് മറന്നുപോകാത്ത കഥാപാത്രങ്ങളെയും ചില കഥാസന്ദര്‍ഭങ്ങളും സമ്മാനിക്കുന്നുണ്ട് ചിത്രം. പൊറിഞ്ചുവായി ജോജുവും മറിയമായി നൈല ഉഷയും ജോസ് ആയി ചെമ്പന്‍ വിനോദുമാണ് സ്ക്രീനിലെത്തുന്നത്.

Latest Videos

undefined

1965, 1985 എന്നിങ്ങനെ രണ്ട് കാലങ്ങളിലായി ഈ മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളെയും അവര്‍ ഇടപെടുന്ന മനുഷ്യരെയും ജീവിക്കുന്ന ജീവിതത്തെയും പിന്തുടരുകയാണ് ചിത്രം. തൃശൂരാണ് കഥാപശ്ചാത്തലം. സ്ഥലത്തെ പ്രധാന പലിശക്കാരന്‍ ആലപ്പാട്ട് വര്‍ഗീസിന്‍റെ (നന്ദു) മകളാണ് മറിയം. സാമൂഹികമായി താഴേത്തട്ടിലുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ് പൊറിഞ്ചുവും ജോസും. പക്ഷേ അത്തരത്തിലുള്ള വേര്‍തിരിവുകള്‍ തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തില്‍ കാണാത്തവരാണ് മൂവരും. എന്നാല്‍ സൗഹൃദത്തില്‍ ഒതുങ്ങിനില്‍ക്കാത്തതാണ് പൊറിഞ്ചുവിന് മറിയത്തോടും തിരിച്ചുമുള്ള ആഭിമുഖ്യം. സ്കൂള്‍ കാലത്ത് ഇരുവര്‍ക്കുമിടയില്‍ തളിരിടുന്ന കൗമാര പ്രണയം മുതിരുംതോറും വളരുകയാണ്. സിനിമയുടെ ആമുഖം പോലെ വരുന്ന 1965 പിന്നിട്ട് 1985ല്‍ എത്തുമ്പോള്‍ ടൈറ്റില്‍ കഥാപാത്രങ്ങള്‍ അവരുടേതായ വേറിട്ട വ്യക്തിത്വങ്ങള്‍ ആര്‍ജ്ജിക്കുന്നുണ്ട്. പൊറിഞ്ചുവിനെ കാട്ടാളന്‍ പൊറിഞ്ചുവെന്ന് നാട്ടുകാര്‍ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അച്ഛന്‍റെ വേര്‍പാടിന് ശേഷം പലിശയ്ക്ക് പണം കൊടുക്കല്‍ ഏറ്റെടുത്ത് നടത്തുന്ന മറിയം ആലപ്പാട്ട് മറിയമായിട്ടുണ്ട്. പുത്തന്‍പള്ളി എന്ന വീട്ടുപേര് പേരിനൊപ്പം ചേര്‍ത്ത് നാട്ടുകാര്‍ വിളിക്കുന്ന ജോസ് ജീവിതത്തെ ഗൗരവത്തിലെടുക്കാത്തയാളും അത്യാവശ്യം അടിപിടികള്‍ക്കൊന്നും മടിയില്ലാത്ത ആളുമാണ്. ഇറച്ചിവെട്ടാണ് പൊറിഞ്ചുവിന്‍റെ തൊഴില്‍. ജോസിനെപ്പോലെ തന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം ഉയിരുകൊടുത്ത് നില്‍ക്കാന്‍ മടിയില്ലാത്ത പൊറിഞ്ചു നാട്ടിലെ മിക്കവാറും സാധാരണക്കാര്‍ക്ക് അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവനാണ്. എന്നാല്‍ മറിയത്തോടുള്ള പ്രണയമാണ് അയാളുടെ ജീവിതത്തെ ഏത് ഘട്ടത്തിലും നിറമുള്ളതാക്കി നിലനിര്‍ത്തിപ്പോരുന്നത്.

ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ചെറുതും വലുതുമായ മറ്റ് കഥാപാത്രങ്ങള്‍ക്കുമൊപ്പം കഥ നടക്കുന്ന പശ്ചാത്തലത്തെയും സമാന്തരമായി അവതരിപ്പിക്കുകയാണ് ജോഷി. ഒരുപാട് ഡീറ്റെയ്‍ലിങ്ങിലേക്ക് പോകുന്നില്ലെങ്കിലും 1965, 85 കാലങ്ങള്‍ ഏറെക്കുറെ വിശ്വസനീയമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അനേകം കഥാപാത്രങ്ങളുള്ള ഒരു വലിയ പ്രദേശം ആദ്യമേ പരിചയപ്പെടുത്തി, പിന്നീട് ക്ലൈമാക്സ് വരേയ്ക്കും അവര്‍ക്കിടയിലെ അഭിപ്രായഭിന്നതകളും ഐക്യവും പ്രണയവും മാത്സര്യവുമൊക്കെയായി മുന്നോട്ടുപോവുകയാണ് പൊറിഞ്ചു മറിയം ജോസ്. തുടക്കത്തില്‍ പരിചയപ്പെടുത്തുന്ന അതേ ടോണിലാണ് രണ്ടര മണിക്കൂറിനൊടുവിലെ ക്ലൈമാക്സ് വരേയ്ക്കും ചിത്രത്തിലെ സംഭവങ്ങള്‍. മിക്കവാറും കഥാപാത്രങ്ങളെ ആരംഭത്തില്‍ തന്നെ പരിചയപ്പെടുത്തിയിട്ടും പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവസാനം വരെ എന്‍ഗേജിംഗ് ആയി നിലനിര്‍ത്തുന്നുണ്ട് ചിത്രം.

ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ചെമ്പന്‍ വിനോദിന്‍റെ പുത്തന്‍പള്ളി ജോസ് അദ്ദേഹത്തിന്‍റെ നിലവിലെ സ്ക്രീന്‍ ഇമേജിന് അകത്തുതന്നെ നില്‍ക്കുന്ന കഥാപാത്രമാണ്. പക്ഷേ പ്രകടനത്തില്‍ മറ്റൊരു എനര്‍ജി ലെവലിലേക്ക് അദ്ദേഹം കഥാപാത്രത്തെ എത്തിച്ചിട്ടുണ്ട്. ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഏറ്റവും എന്‍റര്‍ടെയ്ന്‍ ചെയ്യുന്നതും ഈ കഥാപാത്രമാവും. ജോജുവിന്‍റെ പൊറിഞ്ചുവും നൈലയുടെ മറിയവും അവര്‍ മുന്‍പ് അറ്റംപ്റ്റ് ചെയ്യാത്തതരം കഥാപാത്രങ്ങളാണ്. ഗംഭീര സ്ക്രീന്‍ പ്രസന്‍സിലാണ് ജോജു പൊറിഞ്ചുവിനെ സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്. നൈലയും കഥാപാത്രത്തെ ഭദ്രമാക്കി. ഓര്‍ത്തിരിക്കുന്ന മറ്റ് രണ്ട് പ്രകടനങ്ങള്‍ ടി ജി രവിയുടേതും സുധി കോപ്പ (ഡിസ്കോ ബോബു) യുടേതുമാണ്.

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടാംപകുതിയില്‍, മികച്ച അഭിനേതാക്കള്‍ ഉള്‍പ്പെട്ട കാമ്പുള്ള ചില മുഹൂര്‍ത്തങ്ങളും (ഉദാ: മകന്‍റെ മരണശേഷം പള്ളിപ്പെരുന്നാളിന് ക്ലാര്‍നെറ്റ് വായിക്കാനെത്തുന്ന അച്ഛന്‍ കഥാപാത്രം) നാടകീയതയുള്ള ചില ആക്ഷന്‍ സീക്വന്‍സുകളും (തീയേറ്ററിലെ കൊലപാതകം) ജോഷി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്‍മാനെ അടയാളപ്പെടുത്തുന്നതാണ്. ഛായാഗ്രാഹകനും പശ്ചാത്തലസംഗീതകാരനും മികച്ച പിന്തുണയാണ് സംവിധായകന് കൊടുത്തിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. തൃശൂര്‍ പശ്ചാത്തലമാക്കി 1965, 1985 കാലങ്ങള്‍ ചിത്രീകരിക്കുന്ന. റിയലിസത്തില്‍ നിന്ന് വിട്ട്, എന്നാല്‍ സിനിമാറ്റിക് ഓവര്‍ഡോസിലേക്ക് എത്താത്ത ഒന്നായാണ് ചിത്രത്തെ ജോഷി വിഭാവനം ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. സംവിധായകന്‍റെ വിഷന് അനുയോജ്യമായ ദൃശ്യഭാഷയാണ് അജയ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. റിയലിസത്തില്‍ നിന്ന് ഏറെ വേറിട്ടതെങ്കിലും ചിത്രത്തിന്‍റെ കളര്‍ ടോണ്‍ 'പൊറിഞ്ചു മറിയം ജോസി'ന് ഒരു വേറിട്ട ഭാവം സമ്മാനിക്കുന്നുണ്ട്. പള്ളിപ്പെരുന്നാളും അതിനിടയിലെ വയലന്‍സും ക്രൈമുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രത്തിന് ജേക്‍സ് ബിജോയ് നല്‍കിയിരിക്കുന്ന സംഗീതവും കൊള്ളാം. പാട്ടുകളേക്കാള്‍ മികച്ചുനില്‍ക്കുന്നത് പശ്ചാത്തലസംഗീതമാണ്.

നാല് പതിറ്റാണ്ടിനുമേല്‍ പ്രായോഗിക പരിചയമുള്ള, പല തലമുറകളെ തീയേറ്ററുകളിലേക്ക് എത്തിച്ച ജോഷി എന്ന സംവിധായകന്‍ 2019ല്‍ സിനിമ എന്ന മാധ്യമത്തെ എങ്ങനെ സമീപിക്കുന്നു എന്നത് കൗതുകകരമായ കാഴ്ചയാണ്. നാല് വര്‍ഷത്തെ ഇടവേളയില്‍ അദ്ദേഹം മലയാളസിനിമയിലും സിനിമ എന്ന മാധ്യമത്തില്‍ മൊത്തത്തിലും നടക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുകയല്ലായിരുന്നുവെന്ന് ബോധ്യപ്പെടുത്തും പൊറിഞ്ചു മറിയം ജോസ്. സമീപകാല കരിയറില്‍ ജോഷി ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമയുമാവണം ഇത്. തുടര്‍ച്ചയായെത്തുന്ന ഫീല്‍ ഗുഡ് റിയലിസ്റ്റിക് ചിത്രങ്ങള്‍ ബോറടിപ്പിക്കുന്നുവെന്ന് പറയുന്നവര്‍ക്ക് ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.

click me!