ചിരിയുടെ രസക്കാഴ്ചകളുമായി 'മന്ദാകിനി'; റിവ്യൂ

By Web TeamFirst Published May 24, 2024, 2:46 PM IST
Highlights

ഒരു ദിവസം നടക്കുന്ന കഥ എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആരോമലിന്‍റെ വിവാഹദിനം രാവിലെ തുടങ്ങി രാത്രി വരെയുള്ള സംഭവങ്ങള്‍ ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെ ചേര്‍ത്ത് കൊരുത്തിരിക്കുകയാണ് സംവിധായകന്‍

ചെറിയ സമയത്ത് സ്ക്രീനിലെത്തി നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള നടനാണ്, സംവിധായകന്‍ കൂടിയായ അല്‍ത്താഫ് സലിം. അല്‍ത്താഫ് നായക വേഷത്തിലെത്തുന്ന ചിത്രം എന്നതായിരുന്നു മന്ദാകിനിയുടെ യുഎസ്‍പി. അല്‍ത്താഫ്- അനാര്‍ക്കലി മരക്കാര്‍ കോമ്പോ എങ്ങനെയുണ്ടാവുമെന്നതും സിനിമാപ്രേമികളുടെ കൗതുകമായിരുന്നു. നവാ​ഗതനായ വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

സ്കൂള്‍ പഠനകാലം മുതല്‍ പ്രണയം തോന്നിയ പലരുമുണ്ടെങ്കിലും അതെല്ലാം വണ്‍വേ ആവുന്നത് കണ്ട് നിരാശനാകേണ്ടിവന്നയാളാണ് ആരോമല്‍. പ്രണയിച്ച് വിവാഹം കഴിക്കാനായിരുന്നു അയാളുടെ ആ​ഗ്രഹമെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ പ്രണയങ്ങളൊന്നും നടക്കാതെപോയതിനെക്കുറിച്ച് വിവാഹദിവസം പിന്തിരിഞ്ഞ് നോക്കുമ്പോള്‍ അയാള്‍ സന്തുഷ്ടനാണ്. കാരണം ജീവിതത്തിലേക്ക് കടന്നുവരാനൊരുങ്ങുന്ന അമ്പിളിക്കുവേണ്ടി ആയിരിക്കാം ആ പ്രണയ നഷ്ടങ്ങളൊക്കെയെന്ന് അയാള്‍ ചിന്തിക്കുന്നു. എന്നാല്‍ ആ സന്തോഷം അല്‍പായുസ് ആയിരുന്നു. വിവാഹ ദിനത്തില്‍ ഒരാളും ആ​ഗ്രഹിക്കാത്ത ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടേണ്ടിവരികയാണ് ആരോമല്‍. നര്‍മ്മവും അടുത്ത് എന്ത് നടക്കുമെന്നുള്ള കൗതുകവും ചേര്‍ത്തുള്ള ഒരു ഫണ്‍ റൈഡ് ആണ് 2 മണിക്കൂര്‍ 7 മിനിറ്റില്‍ സംവിധായകന്‍ വിനോദ് ലീല അവതരിപ്പിച്ചിരിക്കുന്നത്.

Latest Videos

 

ഒരു ദിവസം നടക്കുന്ന കഥ എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആരോമലിന്‍റെ വിവാഹദിനം രാവിലെ തുടങ്ങി രാത്രി വരെയുള്ള സംഭവങ്ങള്‍ ഒരു ചങ്ങലയുടെ കണ്ണികള്‍ പോലെ ചേര്‍ത്ത് കൊരുത്തിരിക്കുകയാണ് സംവിധായകന്‍. അല്‍ത്താഫ് സലിമിന്‍റെ ആരോമലിനെ ആദ്യ സീന്‍ കൊണ്ടുതന്നെ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട് സംവിധായകന്‍. ഇന്‍സെക്യൂരിറ്റികളൊക്കെയുള്ള, അതേസമയം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ത്രില്ലില്‍ നില്‍ക്കുന്ന ആരോമലിനാണ് അതേദിവസം ചില അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നത്. ആരോമലിനെ നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് അല്‍ത്താഫ്. അതുപോലെതന്നെയാണ് അനാര്‍ക്കലി മരക്കാറിന്‍റെ അമ്പിളിയും. ചിത്രത്തിലെ മര്‍മ്മപ്രധാനമായ ട്വിസ്റ്റുകളൊക്കെ സംഭവിക്കുന്നത് ഈ കഥാപാത്രത്തില്‍ നിന്നാണ്. അമ്പിളിയോട് അത്രയും ചേര്‍ന്നുനില്‍ക്കുന്നുണ്ട് അനാര്‍ക്കലി.

 

ചിത്രത്തിന്‍റെ സപ്പോര്‍ട്ടിംഗ് കാസ്റ്റ് ആണ് നര്‍മ്മ രംഗങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. വിനീത് തട്ടില്‍, കുട്ടി അഖില്‍ എന്നിവരാണ് അക്കൂട്ടത്തില്‍ മുന്നില്‍. ജാഫര്‍ ഇടുക്കിയും ചില മര്‍മ്മപ്രധാന രംഗങ്ങളില്‍ വന്ന് ചിരിപ്പിച്ച് പോകുന്നുണ്ട്. ഇത്തരമൊരു ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കാതെ കൊണ്ടുപോകണമെങ്കില്‍ തിരക്കഥയില്‍ പണിയെടുക്കണം. പുതിയ സംഭവങ്ങളും ട്വിസ്റ്റുകളും തുടരെ വന്നുകൊണ്ടിരിക്കണം. അത് മന്ദാകിനിയുടെ തിരക്കഥയില്‍ ഉണ്ട്. ഇത്തരമൊരു സിനിമയ്ക്കുവേണ്ട പ്രൊഡക്ഷന്‍ ഡിസൈനും ഛായാഗ്രഹണവുമാണ് ചിത്രത്തിന്‍റേത്. ഒരു ദിവസം രാവിലെ മുതല്‍ രാത്രി വരെ നീളുന്ന കഥയിലൂടെ വിഷ്വലി പ്രേക്ഷകരെ അനായാസം കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ഷിജു എം ഭാസ്കറിന്‍റെ ക്യാമറ. ക്യാമറാമാന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ കഥയും. ഷെറില്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിബിന്‍ അശോക് ആണ്.

 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് മന്ദാകിനി. അതേസമയം പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. ആ പ്രതീക്ഷകളെ വൃഥാവിലാക്കുന്നില്ല ചിത്രം. 

ALSO READ : ഉണ്ണി മുകുന്ദന്‍റെ 'ജയ് ഗണേഷ്' ഇന്ന് മുതല്‍ ഒടിടിയില്‍; 3 പ്ലാറ്റ്‍ഫോമുകളില്‍ കാണാം

 

click me!