പലായനങ്ങളുടെ നിലയ്ക്കാത്ത കണ്ണുനീര്‍: 'ലിലിയന്‍' റിവ്യൂ

By Nirmal Sudhakaran  |  First Published Dec 8, 2019, 12:01 AM IST

നിരവധി പുസ്തകങ്ങള്‍ക്കും ഒരു ഓപ്പെറ പ്രൊഡക്ഷനും പ്രചോദനമായിട്ടുള്ള, ഈ അതിജീവനശ്രമം ആദ്യമായാണ് ഒരു സിനിമാരൂപത്തിലേക്ക് എത്തുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് ഡോക്യുമെന്ററികളിലൂടെ ലോകസിനിമാവേദിയില്‍ ശ്രദ്ധ നേടിയ ഓസ്ട്രിയന്‍ സംവിധായകന്‍ ആന്‍ഡ്രിയാസ് ഹോര്‍വത്ത് ആണ്.


യുഎസ് വിസയുടെ കാലാവധി അവസാനിച്ചതിനാല്‍ അവിടെനിന്ന് സ്വദേശമായ റഷ്യയിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതയാവുന്ന യുവതി. പക്ഷേ അവളുടെ പക്കല്‍ വിമാന ടിക്കറ്റിനുള്ള പണമില്ല. വന്നുപെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് സങ്കടം പറയാന്‍ പോലും ആരുമില്ല. അവസാനം അവളൊരു തീരുമാനമെടുക്കുന്നു. രണ്ടും കല്‍പ്പിച്ച് സ്വന്തം നാട്ടിലേക്ക് നടന്നുപോവുക. യുഎസ് സ്‌റ്റേറ്റുകളിലൂടെ, കാനഡയിലൂടെ കൈയില്‍ ആവശ്യത്തിന് പണമോ വസ്ത്രങ്ങളോ എന്തിന് നിലവാരമുള്ള ഒരു ജോഡി ഷൂസ് പോലുമില്ലാതെ ലിലിയന്‍ എന്ന ഇരുപതുകാരി തന്റെ കാല്‍നടയാത്ര ആരംഭിക്കുകയാണ്. ഐഎഫ്എഫ്‌കെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ലിലിയന്‍' അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടും മിനിമാലിറ്റി കൊണ്ടും സ്വച്ഛന്തമായ ദൃശ്യാഖ്യാനംകൊണ്ടും മികച്ച ചലച്ചിത്രാനുഭവം പകരുന്ന സിനിമയാണ്. എന്‍ഡ് ക്രെഡിറ്റ്‌സില്‍ സംവിധായകന്‍ അക്കാര്യം വ്യക്തമാക്കുന്നു, നിങ്ങള്‍ ഇതുവരെ കണ്ടിരുന്നത് ഒരു സാങ്കല്‍പ്പിക കഥയല്ല. ലിലിയന്‍ അലിംഗ് എന്ന യുവതി 1926ല്‍ നടത്തിയ യഥാര്‍ഥ സഞ്ചാരത്തെ ആസ്പദമാക്കിയതാണ് തന്റെ സിനിമ!

Latest Videos

undefined

 

നിരവധി പുസ്തകങ്ങള്‍ക്കും ഒരു ഓപ്പെറ പ്രൊഡക്ഷനും പ്രചോദനമായിട്ടുള്ള, ഈ അതിജീവനശ്രമം ആദ്യമായാണ് ഒരു സിനിമാരൂപത്തിലേക്ക് എത്തുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് ഡോക്യുമെന്ററികളിലൂടെ ലോകസിനിമാവേദിയില്‍ ശ്രദ്ധ നേടിയ ഓസ്ട്രിയന്‍ സംവിധായകന്‍ ആന്‍ഡ്രിയാസ് ഹോര്‍വത്ത് ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ശ്രമമാണ് 'ലിലിയന്‍'. പുതുമുഖം പത്തിറിറ്റ്‌സ്യ പ്ലാനിക്ക് ആണ് 'ലിലിയനെ' സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു അഡള്‍ട്ട് ഫിലിം കമ്പനിയുടെ ഓഫീസില്‍ നിന്നാണ് ലിലിയനെ നാം ആദ്യം കാണുന്നത്. തൊഴിലന്വേഷണത്തിന്റെ അവസാനശ്രമമെന്ന നിലയില്‍ അവിടെ എത്തിയതാണ് അവള്‍. മുന്‍പ് മോഡലിംഗ് ചെയ്തിട്ടുണ്ട്. പക്ഷേ വിസാ കാലാവധി അവസാനിച്ച, ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ലിലിയന് മുന്നില്‍ കൈമലര്‍ത്തുകയാണ് സംവിധായകന്‍. ഒപ്പം ഒരു ഉപദേശവും കൊടുക്കുന്നു- സ്വദേശമായ റഷ്യയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്. അവിടെയാണ് കൂടുതല്‍ അവസരങ്ങള്‍. ഒരേസമയത്തുതന്നെ വ്യത്യസ്ത പ്രദേശങ്ങളില്‍ വിഭിന്ന കാലാവസ്ഥകളുള്ള അമേരിക്കന്‍ സ്റ്റേറ്റുകളിലൂടെ, മുഖ്യധാരാ സമൂഹത്തിന്റെ കണ്‍വെട്ടത്തുനിന്ന് അകന്ന്, എല്ലാത്തരം അരക്ഷിതാവസ്ഥകള്‍ക്കുമിടയിലൂടെ ലിലിയന്‍ പുറപ്പെട്ടുപോവുകയാണ്.

 

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്റെ ആദ്യ ഫീച്ചര്‍ ചിത്രം എന്ന നിലയില്‍ ലിലിയനെ നോക്കിക്കാണുന്നത് കൗതുകകരമാണ്. സംഭാഷണങ്ങള്‍ തീരെ കുറവാണ് ഈ റോഡ് മൂവിയില്‍. രണ്ട് മണിക്കൂറിലേറെ നീളുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു വാക്ക് പോലും സംസാരിക്കുന്നില്ല. അവളെ പിന്തുടരുക മാത്രമാണ് സംവിധായകന്‍. യാത്രയില്‍ ലിലിയന് അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിതത്വങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമൊക്കെ ഒരു മിനിമല്‍ സ്വഭാവമുണ്ട്. എന്നാല്‍ സിനിമയുടെ ആസ്വാദനക്ഷമതയെ ഇതൊന്നും നെഗറ്റീവായി ബാധിക്കുന്നുമില്ല. പതിഞ്ഞ താളവും സംഭാഷണങ്ങളുടെ അഭാവവും ലിലിയന്‍ മുറിച്ചുകടക്കുന്ന വ്യത്യസ്ത ഭൂപ്രകൃതിയുമൊക്കെ ചേര്‍ന്ന് ഒരു 'മെഡിറ്റേറ്റീവ്' അനുഭവം തരുന്നുണ്ട് ചിത്രം. എന്നാല്‍ അത് സുഖകരമായ ഒന്നല്ലതാനും. കാടും മലയും കയറി, അപൂര്‍വ്വം ചില മനുഷ്യരില്‍ നിന്നുള്ള അപായസാധ്യതകളെയും മറികടന്നുള്ള ലിലിയന്റെ ഓരോ ദിനവും അവളെ മുന്നില്‍ കാത്തിരിക്കുന്നതെന്താവും എന്ന ആധി പ്രേക്ഷകരുടെ മനസ്സില്‍ ഉയര്‍ത്തും. ഒപ്പം വ്യത്യസ്ത രാഷ്ട്രീയസാഹചര്യങ്ങളാല്‍ ജീവന്‍ കൈയില്‍പിടിച്ച് രാജ്യാതിര്‍ത്തികള്‍ മറികടക്കാന്‍ എക്കാലവും വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരായ മനുഷ്യരെക്കുറിച്ച് ഓര്‍ക്കാനും ചിത്രം പ്രേരിപ്പിക്കും.

 

ലിലിയന്‍ എന്ന കഥാപാത്രമായി പുതുമുഖം പത്തിറിറ്റ്‌സ്യ പ്ലാനിക്കിന്റേത് മികച്ച കാസ്റ്റിംഗ് ആണ്. ദുരനുഭവങ്ങളാല്‍ ഉറച്ചുപോയ ഒരുതരം വികാര രാഹിത്യമാണ് ലിലിയന്റെ സ്ഥായീഭാവം. കണ്ടിരിക്കുന്നത് ഒരു കഥാചിത്രത്തിന് അപ്പുറത്തുള്ള യാഥാര്‍ഥ്യമാണെന്ന തോന്നലുളവാക്കുന്നതില്‍ പത്തിറിറ്റ്‌സ്യയുടെ പ്രകടനം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

രചനയ്ക്കും സംവിധാനത്തിനുമൊപ്പം ഛായാഗ്രഹണവും സംഗീതവും സഹ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ആന്‍ഡ്രിയാസ് ഹോര്‍വത്ത് തന്നെയാണ്. പാളിപ്പോയാല്‍ വേഗത്തില്‍ തന്നെ ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് മാറിപ്പോകുമായിരുന്ന ചിത്രത്തെ ഒരേസമയം ധ്യാനാത്മകവും ഡിസ്റ്റര്‍ബിംഗുമായ അനുഭവമാക്കിയതില്‍ ഒരു മികവുറ്റ ചലച്ചിത്രകാരന്റെ സാന്നിധ്യം അനുഭവിക്കാനാവും. ഡോക്യുമെന്ററിയിലെ പ്രാഗത്ഭ്യം അരങ്ങേറ്റ ഫീച്ചറിലും പുലര്‍ത്താനായതില്‍ ആന്‍ഡ്രിയാസ് ഹോര്‍വത്തിന് അഭിമാനിക്കാനുള്ള വകയുണ്ട്. 

click me!