'അവിയല്‍' എന്ന ചിത്രത്തിന്റെ റിവ്യു വായിക്കാം (Aviyal review).
പല കാലഘട്ടങ്ങളിലെ നായകന്റെ കഥ പറയുന്ന സിനിമകള്‍ ഹിറ്റാകുന്ന പതിവുണ്ട്. അന്യ ഭാഷാ ചിത്രങ്ങള്‍ മാത്രമല്ല നമ്മുടെ മലയാളത്തിലും അത്തരം സിനിമകള്‍ക്ക് എണ്ണം പറഞ്ഞ ഉദാഹരണങ്ങളുണ്ട്. പല കാലങ്ങളിലെ പ്രണയം, കൗമാരം, സൗഹൃദം, വിദ്യാഭ്യാസ കാലഘട്ടം അങ്ങനെ കഥാ പരിസരങ്ങളില്‍ ഏതെങ്കിലുമൊരു ഘടകം ഓരോ പ്രേക്ഷകനും സ്വന്തം അനുഭവമെന്നപോലെ സ്വീകരിക്കുന്നതുകൊണ്ടാകും അത്തരം സിനിമകള്‍ സ്വീകരിക്കപ്പെടുന്നതും. അങ്ങനെ പലകാലഘട്ടങ്ങളിലെ നായകന്റെ കഥ നാട്ടുപരിസരങ്ങളോട് ചേര്‍ന്നുനിന്ന് പറയുകയാണ് 'അവിയലി'ലൂടെയും (Aviyal review).
undefined
'ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ' എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് 'അവിയല്‍'. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും പറയുകയാണ് 'അവിയ'ല്‍. ഒരു ആന്തോളജി ചിത്രത്തിന്റെ ഘടനാ സാമ്യവും 'അവിയലി'നുണ്ട്. വേറിട്ട കാലഘട്ടങ്ങള്‍ മാത്രമല്ല കഥാപരിസങ്ങളും ഒന്നിനൊന്ന് മാറിനില്‍ക്കുന്നു ഓരോ ഭാഗങ്ങളിലും. 'കൃഷ്‍ണൻ' എന്ന നായകനെ അത്രത്തോളം പ്രണയിച്ചതാരാകും എന്ന അന്വേഷണത്തിന്റെ ഉത്തരത്തിലാണ് 'അവിയല്‍' അവസാനം ചെന്നെത്തിനില്‍ക്കുന്നത്. പുതുമുഖമായ സിറാജ്ജുദ്ദീനാണ് ചിത്രത്തില്‍ 'കൃഷ്‍ണനാ'യി പകര്‍ന്നാടിയിരിക്കുന്നത്.
ജോജു ജോര്‍ജും അനശ്വര രാജനും അച്ഛനും മകളുമായി അഭിനയിക്കുന്നുവെന്ന പ്രമോഷണല്‍ മെറ്റീരിയലുകളിലൂടെയാണ് 'അവിയലി'ന് ആദ്യം പ്രേക്ഷക ശ്രദ്ധ കിട്ടുന്നത്. 'അവിയലി'ന്റെ തുടക്കവും ഇരുവരെയും അവതരിപ്പിച്ചുകൊണ്ടുതന്നെ. മകളെ കൃത്യമായി മനസിലാക്കുന്ന അച്ഛനാണ് ചിത്രത്തില്‍ ജോജു ജോര്‍ജ്. തന്റെ മകളുടെ ഒരു പ്രണയ ബന്ധം തകര്‍ന്നതായി ജോജു ജോര്‍ജിന്റെ കഥാപാത്രം മനസിലാക്കുന്നു. തളര്‍ന്നുപോയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് മകളുടെ ശ്രദ്ധ യഥാര്‍ഥ സ്‍നേഹ ബന്ധത്തിന്റെ തിരിച്ചറിവിലേക്ക് ജോജു ജോര്‍ജുവിന്റെ കഥാപാത്രം ക്ഷണിക്കുന്ന തരത്തിലാണ് 'അവിയലി'ന്റെ ഘടന.
ജോജു ജോര്‍ജിന്റെ കൗമാരവും യൗവനവുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സിറാജ്ജുദ്ദീനാണ്. ഓരോ കാലഘട്ടത്തിന്റെയും കഥ ആവശ്യപ്പെടുന്ന തരത്തില്‍ രൂപത്തിലും കൃത്യമായ മാറ്റങ്ങള്‍ നടപ്പിലാക്കിയാണ് സിറാജ്ജുദ്ദീൻ 'കൃഷ്‍ണൻ' എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നത്. സ്‍കൂള്‍ കാലഘട്ടത്തിലെയും യൗവനത്തിലെയും ഒടുവില്‍ ഒരു മകളുടെ അച്ഛനാകും വരെയുള്ള കാലഘട്ടങ്ങളിലെ 'കൃഷ്‍ണൻ' സിറാജ്ജുദ്ദീന്റെ രൂപത്തില്‍ ഭദ്രമാണ്. കണ്ണൂരുകാരനായ അസ്ഥിരതകളില്‍ ഉഴലുന്ന ചെറുപ്പക്കാരന്റെ ഭാവവിഹ്വലതകളും സംസാര രീതികളും കൃത്യമായ പാകത്തില്‍ കൈമാറ്റം ചെയ്യാനും സിറാജ്ജുദ്ദീന് കഴിഞ്ഞിട്ടുണ്ട്. ഒരു ഗിറ്റാറിസിന്റെയും ബാറുകളിലും മറ്റും ആഘോഷരാവുകളില്‍ റാപ് ആലപിക്കുന്ന ഗായകന്റെയും മാറ്റവും സിറാജ്ജുദ്ദീൻ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു.
സിറാജ്ജുദ്ദീനൊപ്പം അഭിനേതാക്കളില്‍ ഒരു വലിയ നിര തന്നെ അവിയലിലുണ്ട്. ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ താരങ്ങള്‍ മൊത്തം സിനിമയുടെ ഭാഗമായി ഓരോ കഥാഗതിയിലും ഇണങ്ങിച്ചേരുന്നുണ്ട്. സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഷഫീര്‍ ഖാനും പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തിലുണ്ട്. നായകന്റെ അച്ഛൻ കഥാപാത്രമായിട്ടാണ് ഷഫീര്‍ ചിത്രത്തിലുള്ളത്. സിറാജ്ജുദ്ദീന്റെയും ഷഫീര്‍ ഖാന്റെയും ഓണ്‍ സ്‍ക്രീൻ കെമിസ്‍ട്രി ഹൃദ്യവുമാണ്. 'അവിയല്‍' എന്ന ചിത്രത്തിന്റെ പ്രധാന ഘടകം സംഗീതമാണ്. കഥാ നായകൻ സംഗീത പശ്ചാത്തലത്തിലുള്ള ആളായതിനാല്‍ തന്നെ സംവിധായകൻ ആ വിഭാഗത്തിന് പ്രത്യേക ശ്രദ്ധ കൊടുത്തിരിക്കുന്നു. ശങ്കര്‍ ശര്‍മ, ശരത് എന്നിവര്‍ സംഗീത വിഭാഗം കൃത്യമായി കൈകാര്യം ചെയ്‍തിരിക്കുന്നു. ഓരോ കാലഘട്ടത്തിലെയും ഭാവങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് ഗാനങ്ങളും പശ്ചാത്തല ശബ്‍ദവും. നാല് പേരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണത്തില്‍ ഭാഗമായത്. രവി കെ ചന്ദ്രൻ, സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവര്‍ ഓരോ കാലഘട്ടത്തിനും കഥാപരിസരത്തിനും അനുയോജ്യമായ തരത്തിലുള്ള കളര്‍ ടോണോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരുടെ കട്ടുകളും ചിത്രത്തിന്റെ വിവിധ അടരുകളെ അതേ അര്‍ഥത്തില്‍ കാര്യമായ ലാഗില്ലാതെ പ്രതഫലിപ്പിക്കാൻ സഹായകരമാകുന്നു.
പല കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയായതിനാല്‍ തന്നെ ആവശ്യമായ സമയമെടുത്താണ് സംവിധായകൻ 'അവിയല്‍' പൂര്‍ത്തിയാക്കിയിരിക്കുന്നത്. 'അവിയലി'ന്റെ ആഖ്യാനത്തില്‍ സംവിധാനത്തിന്റെ അതീവശ്രദ്ധ കൃത്യമായി തിരിച്ചറിയാവുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. ഷാനിലിന്റെ മികവുറ്റ സംവിധാനം തന്നെയാണ് ചിത്രത്തെ രക്ഷിക്കുന്നതും. എന്തായാലും കണ്ടറിയേണ്ട ഒരു ചിത്രം തന്നെയാണ് 'അവിയല്‍'.