ഏച്ചുകെട്ടലുകളോ അനാവശ്യ ബില്‍ഡപ്പുകളോ ഇല്ലാതെ നേരിട്ട് കഥ പറയുന്ന രീതിയാണ് സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ അവലംബിച്ചിരിക്കുന്നത്
ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന തിയറ്റര്‍ റിലീസ് ആണ് ഇനി ഉത്തരം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അപര്‍ണയുടേതായി ഒരു മലയാളചിത്രം ബിഗ് സ്ക്രീനില്‍ എത്തുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
ഏത് ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന ടാഗ് ലൈനില്‍ എത്തിയിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ കഥാന്ത്യത്തില്‍ ലഭിക്കുന്ന ചില ഉത്തരങ്ങള്‍ക്കുവേണ്ടി പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ്. ജാനകിയെന്ന യുവതി ഒരു ദിവസം ഒരു പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നു. താന്‍ അതീവ ഗൗരവമാര്‍ന്ന ഒരു കുറ്റകൃത്യം ചെയ്‍തിട്ടുണ്ടെന്ന് പറയാനാണ് അവര്‍ എത്തുന്നത്. നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായാണ് താന്‍ എത്തിയിരിക്കുന്നതെന്നും. വിവരം മാധ്യമങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടുന്നതോടെ പൊലീസ് സംവിധാനത്തിന് പൊടുന്നനെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിവരികയാണ്. ജാനകി പറയുന്ന സൂചനകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന പൊലീസ് ടീമിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരു ചങ്ങലക്കണ്ണിയില്‍ എന്നപോലെ തുടരെ ലഭിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി സംശയത്തിന്റെ നിഴലിലേക്ക് എത്തുന്നതോടെ ചിത്രം ദുരൂഹതയുടെ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.
undefined
ഏച്ചുകെട്ടലുകളോ അനാവശ്യ ബില്‍ഡപ്പുകളോ ഇല്ലാതെ നേരിട്ട് കഥ പറയുന്ന രീതിയാണ് സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ അവലംബിച്ചിരിക്കുന്നത്. മലമടക്കുകളും കാടും തോട്ടങ്ങളുമൊക്കെയുള്ള ഇടുക്കിയുടെ ഭൂപ്രകൃതിയിലാണ് ഈ ത്രില്ലര്‍ ഡ്രാമ സംവിധായകന്‍ സെറ്റ് ചെയ്‍തിരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങളെ ലഘുവായി പരിചയപ്പെടുത്തിയതിനു ശേഷം ജാനകി എപ്പിസോഡിലേക്ക് എത്തുന്ന ചിത്രം. ഒരിടത്തും ലാഗ് അനുഭവിപ്പിക്കുന്നില്ല എന്നതാണ് തിരക്കഥാകൃത്ത് രഞ്ജിത്ത് ഉണ്ണിയുടെ വിജയം. അപ്രതീക്ഷിതത്വവുമായി എത്തുന്ന ഒരു വഴിത്തിരിവിനു ശേഷം മുന്നോട്ടുപോകവെ കൃത്യമായ ഇടവേളയില്‍ പ്രാധാന്യമുള്ള അടുത്ത കഥാസന്ദര്‍ഭം എത്തുന്നു. ഇടവേള വരെ നിരവധി പ്ലോട്ട് പോയിന്‍റുകളിലൂടെ എവിടേക്കാണ് ചിത്രം സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ ലഭിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ ഘടന. നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ആദ്യ പകുതിക്കുള്ള വലുതും ചെറുതുമായ ഉത്തരങ്ങള്‍ ചേര്‍ന്നതാണ് രണ്ടാം പകുതി.
അപര്‍ണ ബാലമുരളിയിലെ അഭിനേത്രിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് തയ്യാറാക്കപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേത്. ആദ്യാവസാനം പിരിമുറുക്കം നേരിടുന്ന ഈ കഥാപാത്രത്തിലൂടെയാണ് സിനിമ മൊത്തത്തില്‍ സഞ്ചരിക്കുന്നത്. നടി എന്ന നിലയില്‍ തനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നല്ലെങ്കിലും കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് അപര്‍ണ. കലാഭവന്‍ ഷാജോണിന്‍റേതും ഏതാണ്ട് തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ്. ദൃശ്യത്തിലെ എസ് ഐ സഹദേവനില്‍ നിന്നും ആരംഭിക്കുന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള പൊലീസ് കഥാപാത്രങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാവുന്നില്ല ചിത്രത്തിലെ സിഐ കഥാപാത്രമായ കെ വി കരുണന്‍. എഴുത്തിലെ മികവും ഷാജോണിന്‍റെ പ്രകടനത്തിലെ സൂക്ഷ്മതയുമാണ് അതിനു കാരണം. എസ്‍പിയായി ഹരീഷ് ഉത്തമന്‍ കരിയറിലെ ഏറ്റവും മികച്ചൊരു വേഷം മനോഹരമാക്കിയപ്പോള്‍ ഗംഭീരമായ മറ്റൊരു പ്രകടനം ജാഫര്‍ ഇടുക്കിയുടേതാണ്. പിന്നിട്ട വഴികളില്‍ മാനസാന്തരം വന്ന് ഒരു പാസ്റ്റര്‍ ആയിമാറിയ ഈ കഥാപാത്രത്തെ ജാഫര്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സാങ്കേതികമായി മികച്ചുനില്‍ക്കുന്ന ചിത്രം അത്തരം ഘടകങ്ങളുടെ ഏച്ചുകെട്ടലിനാല്‍ കഥപറച്ചിലിന്‍റെ ഒഴുക്കിനെ ഒരിടത്തും തടസ്സപ്പെടുത്തുന്നുമില്ല. രവിചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആദിമധ്യാന്തം നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന ഒരു ചിത്രത്തിനായി ഇടുക്കിയുടെ ഭൂപ്രകൃതിയെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് രവിചന്ദ്രന്‍. ഹിഷാം അബ്ദുള്‍ വഹാബിന്‍റെ സംഗീതവും സിങ്ക് സിനിമ നിര്‍വ്വഹിച്ചിരിക്കുന്ന സൌണ്ട് ഡിസൈനും ചിത്രത്തിന്‍റെ ത്രില്ലര്‍ മൂഡ് സെറ്റ് ചെയ്യാന്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.
എല്ലായ്പ്പോഴും പ്രേക്ഷക സ്വീകാര്യത ഉണ്ടാവാറുള്ള ജോണര്‍ ആണെങ്കിലും ഒടിടിയുടെ മാറിയ കാലത്ത് ഇന്ന് സംവിധായകര്‍ ചെയ്യാന്‍ മടിക്കുന്ന വിഭാഗവുമാണ് ത്രില്ലറുകള്‍. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സിരീസുകളും സിനിമകളുമായി എണ്ണമറ്റ ത്രില്ലറുകളുമായി പ്രേക്ഷകര്‍ക്കുള്ള പരിചയമാണ് ഇതിനു കാരണം. പ്രേക്ഷകരെ മുഷിപ്പിക്കാതെയും ആവര്‍ത്തനവിരസത ഉണ്ടാക്കാതെയും ഒരു ത്രില്ലര്‍ ഒരുക്കുക എന്നത് ഇന്ന് സംവിധായകരെ സംബന്ധിച്ച് ഏറെ ചാലഞ്ചിംഗ് ആണ്. ആ വെല്ലുവിളിയെ അതിജീവിച്ചു എന്നതില്‍ സംവിധായകന്‍ സുധീഷ് രാമചന്ദ്രന് ആഹ്ലാദിക്കാം.