പറയുന്ന കഥയിലും അതിന്‍റെ അവതരണത്തിലും കോണ്‍ഫിഡന്‍സ് ഉള്ള ഒരു സംവിധായകനെ 'ഭരതനാട്യ'ത്തില്‍ കാണാം
പ്രേക്ഷകരെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസമെന്ന് കോമഡി നന്നായി കൈകാര്യം ചെയ്യുന്ന അഭിനേതാക്കള്‍ എപ്പോഴും പറയാറുണ്ട്, ഒപ്പം സംവിധായകരും. മാറിയ കാലത്തിനൊപ്പം നില്‍ക്കുന്ന കോമഡി സിനിമകളില്‍ സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയയെയും ട്രോളുകളെയുമൊക്കെ ആശ്രയിക്കുകയാണ് ഇന്ന് പലപ്പോഴും സംവിധായകരും എഴുത്തുകാരും ചെയ്യാറ്. തൊണ്ണൂറുകളിലെയും മറ്റും കോമഡി ചിത്രങ്ങള്‍ റിപ്പീറ്റ് വാച്ച് ചെയ്യപ്പെടുന്നതിന്‍റെ ഒരു കാരണം അത്തരം ഘടകങ്ങളെ ആശ്രയിച്ചല്ല അവയിലെ ഹാസ്യം നിലനില്‍ക്കുന്നത് എന്നതാണ്. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഭരതനാട്യം കഥപറച്ചിലില്‍ നര്‍മ്മം സ്വാഭാവികമായി കൊണ്ടുവന്നിരിക്കുന്ന ചിത്രമാണ്.
സാധാരണക്കാരന്‍റെ റോളില്‍ എപ്പോഴും പെര്‍ഫെക്റ്റ് മാച്ച് ആവാറുള്ള സൈജു കുറുപ്പ് ശശി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലെ അമ്പലം കമ്മിറ്റിയുടെ സെക്രട്ടറിയാണ് ശശിയേട്ടന്‍. നല്ല സാമൂഹികജീവിതമുള്ള ശശി കുടുംബ കാര്യങ്ങളില്‍ ശ്രദ്ധയുള്ള ആളുമാണ്. അച്ഛനും അമ്മയും ചേച്ചിയും അനുജത്തിയും അവരുടെ ഭര്‍ത്താക്കന്മാരും അനിയനുമൊക്കെയായി ഒരു കൂട്ടുകുടുംബ ജീവിതമാണ് ശാന്തിനിലയം എന്ന വീട്ടില്‍ ശശിയുടേത്. പേര് പോലെ തന്നെ ശാന്തമായി മുന്നോട്ട് പോകുന്ന ആ വീട്ടിലെ അംഗങ്ങളെത്തേടി ഒരിക്കല്‍ ഒരു പ്രശ്നം വന്നെത്തുകയാണ്. അതിനെ മറികടക്കാന്‍ അവര്‍, വിശേഷിച്ചും ശശി നടത്തുന്ന ശ്രമങ്ങളാണ് ഭരതനാട്യത്തെ രസകരമാക്കുന്നത്.
നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരാളെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് ശശി. സ്വാഭാവിക പ്രകടനം കൊണ്ട് ശശിയേട്ടനെ രസകരമായി സ്ക്രീനില്‍ എത്തിയിട്ടുണ്ട് സൈജു കുറുപ്പ്. സൈജു കുറുപ്പ് അഭിനയിക്കുന്ന ചിത്രത്തില്‍ പക്ഷേ ടൈറ്റില്‍ റോള്‍ ആയ ഭരതനെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാര്‍ ആണ്. ഡാര്‍ഡ് ഹ്യൂമര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ കഥാവികാസമെല്ലാം ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ അമ്പേ പാളിപ്പോകാവുന്ന കഥാപാത്രത്തെ സായ് കുമാറിലെ പരിചയസമ്പന്നനായ നടന്‍ സേഫ് ആയി ലാന്‍ഡ് ചെയ്യിച്ചിട്ടുണ്ട്. കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണന്‍, ശ്രീജ രവി, ശ്രുതി സുരേഷ്, സ്വാതി ദാസ് പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്പൂണ്‍ ഫീഡിംഗ് ഇല്ല എന്നതാണ് ചിത്രത്തിന്‍റെ തിരക്കഥയുടെ ക്വാളിറ്റി. ഡാര്‍ക് ഹ്യൂമര്‍ സ്വഭാവം ഉടനീളം നിലനിര്‍ത്തുമ്പോള്‍ത്തന്നെ കോമഡിക്ക് വേണ്ടി സ്വന്തം സ്വഭാവം വിട്ട് കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല തിരക്കഥാകൃത്ത്. അതിനാല്‍ത്തന്നെ അസ്വാഭാവികത മുഴച്ച് നില്‍ക്കുന്ന സന്ദര്‍ഭങ്ങളുമില്ല ചിത്രത്തില്‍. ഇത്തരമൊരു തിരക്കഥ ചലച്ചിത്രഭാഷ നന്നായി അറിയാവുന്ന സംവിധായകനേ സ്ക്രീനില്‍ രസം ചോരാതെ അവതരിപ്പിക്കാനാവൂ. ഈ പേര് ഒന്ന് ഓര്‍ത്തുവച്ചോളാന്‍ പറയുകയാണ് തന്‍റെ കന്നി ചിത്രത്തിലൂടെ കൃഷ്ണദാസ് മുരളി എന്ന സംവിധായകന്‍. കോമഡിക്കൊപ്പം കഥാപാത്രങ്ങളായ മധ്യവര്‍ഗ കുടുംബം നേരിടുന്ന കൗതുകകരമായ ഒരു പ്രതിസന്ധി കൂടി അതിന്‍റെ തനിമയോടെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നതോടെ ഭരതനാട്യം ഒരു ഫെര്‍ഫെക്റ്റ് ഫാമിലി വാച്ച് ആവുന്നു.
പറയുന്ന കഥയിലും അതിന്‍റെ അവതരണത്തിലും കോണ്‍ഫിഡന്‍സ് ഉള്ള ഒരു സംവിധായകനെ ഭരതനാട്യത്തില്‍ കാണാം. നരേഷനെ തടസപ്പെടുത്തുന്ന ഗിമ്മിക്കുകള്‍ ദൃശ്യത്തിലോ ശബ്ദത്തിലോ കൃഷ്ണദാസ് മുരളി ഒപ്പം ചേര്‍ത്തിട്ടില്ല. ബബ്‍ലു അജുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഒരു കോമഡി ചിത്രത്തിന് വേണ്ട ചടുലത ഉള്ളപ്പോള്‍ത്തന്നെ സ്വാഭാവികതയോടെയാണ് ബബ്‍ലു ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സാമുവല്‍ എബിയാണ് സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിംഗ് ഷഫീഖ് വി ബി. ഇത്രയൊക്കെ പോസിറ്റീവ്സ് ഉണ്ടെങ്കിലും അതിനേക്കാളൊക്കെ ചിത്രം രസകരമാവുന്നത് കൗതുകകരമായ ഒരു കാസ്റ്റിംഗിലൂടെയാണ്. അത് സര്‍പ്രൈസ് ആണ്!
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍റെ 'ചീനാ ട്രോഫി' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു