ട്വിസ്റ്റുകളാല്‍ അമ്പരപ്പിച്ച് രാഷ്‍ട്രീയ കരുനീക്കങ്ങളുടെ 'വരാല്‍', റിവ്യു

By Web Team  |  First Published Oct 14, 2022, 5:09 PM IST

അനൂപ് മേനോൻ നായകനായ 'വരാലി'ന്റെ റിവ്യു.


രാഷ്‍ട്രീയം മലയാള സിനിമയുടെ പ്രിയപ്പെട്ട പ്രമേയങ്ങളില്‍ ഒന്നാണ്. പൊളിറ്റിക്കല്‍ ത്രില്ലറാണെങ്കില്‍ മലയാളി പ്രേക്ഷകരുടെ ആവേശം ഏറുമെന്നത് പ്രത്യേകം പറയേണ്ട കാര്യമല്ല. അത്തരമൊരു ഴോണറില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വരാല്‍'. വൻ താരനിരയുമായി ഒട്ടേറെ ട്വിസ്റ്റുകളുമായി അമ്പരപ്പിക്കുന്ന ഒരു പൊളിറ്റിിക്കല്‍ ത്രില്ലര്‍ സിനിമാനുഭവമാണ് തീര്‍ച്ചയായും 'വരാല്‍'.

കേരള രാഷ്‍ട്രീയമാണ് 'വരാലി'ന്റെ പശ്ചാത്തലം. തുടര്‍ച്ചയായി രണ്ട് തവണ അഞ്ച് വര്‍ഷം വീതം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന വലതുപക്ഷം. കേരളം ഒരു തെരഞ്ഞെടുപ്പിന് വീണ്ടും ഒരുങ്ങുന്നു. തെരഞ്ഞെടുപ്പില്‍ ആരാകും വലതുപക്ഷ മുന്നണിയെ നയിക്കുക?. തീരുമാനം വലതു മുന്നണിയിലെ പതിവുപോലെ ഹൈക്കമാൻഡിന് വിടുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു പേരുകാരനെയാണ് വലതുപക്ഷ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഹൈക്കമാൻഡ് നിര്‍ദ്ദേശിക്കുന്നത്. വലതുമുന്നണിയുടെ യുവനിരയില്‍ നിര്‍ണായക സ്വാധീനമുള്ളതും വ്യവസായിയുമായ  'ഡേവിഡ് ജോണ്‍ മേടയില്‍' മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുന്നതാണ് 'വരാലി'ന്റെ കഥയുടെ തുടക്കം.

Latest Videos

undefined

കേവലമൊരു രാഷ്‍ട്രീയ സിനിമ മാത്രമല്ല 'വരാല്‍'. ത്രില്ലിംഗ് അനുഭവത്തിനും പ്രധാന്യം നല്‍കികൊണ്ടാണ് തിരക്കഥാകൃത്തായ അനൂപ് മേനോന്റെ എഴുത്ത്. കൃത്യമായ പശ്ചാത്തലത്തിലാണ് നായകനെ തിരക്കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്. 'ഡേവിഡ് ജോണ്‍ മേടയില്‍' എന്തുകൊണ്ട് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു എന്നതിന് അടിത്തറയുള്ള ഒരു മുൻകാല അനുഭവവുമുണ്ട്. ഇടതുപക്ഷനേതാവിന്റെ മകൻ എങ്ങനെ വലതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുന്നുവെന്ന് കാര്യകാരണ സഹിതം അവതരിപ്പിക്കുന്നുണ്ട് അനൂപ് മേനോൻ. വൈകാരികമായ ഒരു തലം കൂടിയുണ്ട് വലതുപക്ഷ രാഷ്‍ട്രീയ നേതാവായുള്ള 'ഡേവിഡ് ജോണ്‍ മേടയിലി'ന്റെ വളര്‍ച്ചയ്‍ക്ക്. അതിനാല്‍ തന്നെ നായകകഥാപാത്രം പ്രേക്ഷകനുമായി കൃത്യമായി കണക്റ്റ് ചെയ്യുകയും ചെയ്യുന്നു.

അനൂപ് മേനോന്റെ ബ്രില്യന്റായ തിരക്കഥ തന്നെയാണ് 'വരാലിന്റെ' നട്ടെല്ല്. അനൂപ് മേനോന്റെ തിരക്കഥ അര്‍ഹിക്കുന്ന സിനിമാരൂപം നല്‍കുന്നതില്‍ സംവിധായകൻ കണ്ണൻ താമരക്കുളവും വിജയിച്ചിരിക്കുന്നു. കേവലം വാക്കുകള്‍ കൊണ്ടുള്ള കഥ പറച്ചിലാക്കാതെ കാഴ്‍ചയുടെ വിനിമയവും സാധ്യമാക്കിയാണ് കണ്ണൻ താമരക്കുളം 'വരാല്‍' സിനിമാനുഭവമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചടുലതയോടെയുള്ള ആഖ്യാനമാണ് കഥ പറയാൻ സ്വീകരിച്ചിരിക്കുന്നത് എന്നതും പരാമര്‍ശമര്‍ഹിക്കുന്നു.

പ്രകടനത്തിലും അനൂപ് മേനോന്റെ തോളിലാണ് ആദ്യമധ്യാന്തം 'വരാല്‍'. രാഷ്‍ട്രീയക്കാരനെന്നതിനൊപ്പം വിജയത്തിളക്കത്തിലുള്ള കോര്‍പറേറ്റുകാരനും  തന്ത്രജ്‍ഞനും പ്രണയാതുരനുമൊക്കെയായ 'ഡേവിഡി'ന്റെ പലതരം ഭാവങ്ങള്‍ അനൂപ് മേനോന് നന്നേയിണങ്ങുന്നു. ഡയലോഗ് ഡെലിവറിയിലും 'ഡേവിഡ് ജോണ്‍ മേടയലി'ന് കൃത്യമായ വ്യക്തിത്വം നല്‍കുന്നതിനൊപ്പം പ്രേക്ഷകനെ ആകര്‍ഷിക്കാനുമാകുന്നു അനൂപ് മേനോന്. നായകനൊപ്പം തലപ്പൊക്കമുള്ള മറ്റൊരു കഥാപാത്രം പ്രകാശ് രാജിന്റേതാണ്. തുടര്‍ച്ചയായി പത്ത് വര്‍ഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായായ 'അച്യുതൻ നായരായി' പലതരം ഓര്‍മകള്‍ സമ്മാനിക്കുന്നു പ്രകാശ് രാജ്, സായ് കുമാര്‍, സുരേഷ് കൃഷ്‍ണ, സെന്തില്‍ കൃഷ്‍ണ, ആദില്‍, പ്രിയങ്ക, ഹരീഷ് പേരടി, രണ്‍ജി പണിക്കര്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ഭാവത്തിലും രൂപത്തിലുമെല്ലാം വേറിട്ടതായി ഓര്‍മയില്‍ തങ്ങിനില്‍ക്കും 'വരാലി'ലൂടെ. സമകാലീന കേരള രാഷ്‍ട്രീയ സാഹചര്യങ്ങളെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിലെ കഥാപാത്ര നിര്‍മിതിയും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും.

രവി ചന്ദ്രന്റെ ഛായാഗ്രാഹണം 'വരാലി'ന്റെ കഥപറച്ചലിനെ ചടുലമാക്കുന്നു. ഒട്ടേറെ ട്വിസ്റ്റുകളാല്‍ പലവഴികള്‍ തുറക്കുന്ന ചിത്രത്തെ കൃത്യമായ കട്ടുകളാല്‍ ചിത്രസംയോജകൻ അയൂബ് ഖാനും മികവിലേക്ക് ഉയര്‍ത്തുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് 'വരാലി'ന്റെ സിനിമാസ്വാഭാവത്തെ കൃത്യമായ അര്‍ഥത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിച്ച മറ്റൊരു പ്രധാന ഘടകം. എന്തായാലും പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണര്‍ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകന് മികച്ച ഒരു തിയറ്റര്‍ തെരഞ്ഞെടുപ്പാണ് 'വരാല്‍'.

Read More: കാര്‍ത്തിയുടെ 'സര്‍ദാര്‍' സെൻസറിംഗ് കഴിഞ്ഞു, വിവരങ്ങള്‍ പുറത്ത്

tags
click me!