അടിമുടി അല്‍ഫോണ്‍സ് പുത്രൻ സിനിമ, 'ഗോള്‍ഡ്' റിവ്യു

By Web Team  |  First Published Dec 1, 2022, 4:12 PM IST

'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ റിവ്യു.


'നേരം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച  സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. ആഖ്യാനത്തില്‍ വേറിട്ട ശൈലിയില്‍ എത്തിയ രണ്ടാമത്തെ ചിത്രമായ 'പ്രേമ'വും വൻ ഹിറ്റായതോടെ അല്‍ഫോണ്‍സ് പുത്രൻ യുവപ്രേക്ഷകരുടെ പ്രിയ സംവിധായകനായി. അല്‍ഫോണ്‍സ് പുത്രൻ ഴോണര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ആഘോഷിക്കപ്പെട്ടത്. പതിവ് കാഴ്‍ചാ ശീലങ്ങളില്‍ നിന്ന് പുതുമയാര്‍ന്ന വഴി തുറന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരുന്നതിന്റെ കാരണവും അതുതന്നെ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ ചിത്രം തിയറ്ററില്‍ എത്തുന്നു എന്നതായിരുന്നു പൃഥ്വിരാജ് നായകനായ 'ഗോള്‍ഡി'ന്റെ ഏറ്റവും വലിയ ആകര്‍ഷണം. കൊട്ടിഘോഷിച്ച പ്രചാരണങ്ങളുമില്ലാതെ അല്‍ഫോണ്‍സ് പുത്രൻ ചിത്രമെന്ന ഒറ്റ ലേബലില്‍ തന്നെയാണ് 'ഗോള്‍ഡ്' തിയറ്ററിന്റെ വാതില്‍ തുറന്നത്. അല്‍ഫോണ്‍സ് പുത്രൻ സിനിമകളുടെ ആരാധകരുടെ കാഴ്‍ചാശീലങ്ങളെ തൃപ്‍തിപ്പെടുത്തുന്നതാണ് 'ഗോള്‍ഡി'ന്റെ തിയറ്റര്‍ അനുഭവവും.

Latest Videos

undefined

അടിമുടി അല്‍ഫോണ്‍സ് പുത്രൻ ചിത്രമാണ് 'ഗോള്‍ഡും'. കെട്ടിലും മട്ടിലുമെല്ലാം അല്‍ഫോണ്‍സ് പുത്രന്റെ ദൃശ്യാഖ്യാന ശൈലിയെ മുൻ സിനിമകളേക്കാളും ആഘോഷിക്കുന്നുണ്ട് 'ഗോള്‍ഡ്'. കഥ പറച്ചിലിലെ അല്‍ഫോണ്‍സ് പുത്രന്റെ ദൃശ്യപരിചരണ രീതികളെ പിന്തുടരുന്നവര്‍ ആദ്യ രംഗങ്ങളില്‍ തന്നെ സിനിമയ്‍ക്കൊപ്പം സഞ്ചരിച്ചുതുടങ്ങും. പ്രധാന്യം കഥയ്‍ക്കല്ല. അതിന്റെ അവതരണത്തിനാണ്. ചെറിയൊരു കഥാ തന്തുവിനെ അതിന്റെ പശ്ചാത്തല സാഹചര്യങ്ങളെ ആകമാനം ചേര്‍ത്ത് സിനിമാഖ്യാനത്തിന്റെ പലവിധ സാധ്യതകളിലൂടെ പൊലിപ്പിച്ചെടുക്കുകയാണ് അല്‍ഫോണ്‍സ് പുത്രൻ.

നായകൻ 'ജോഷി'യുടെ വീട്ടിനു മുന്നില്‍ ഒരു ബൊലേറെ ആരോ നിര്‍ത്തിയിട്ടതാണ് 'ഗോള്‍ഡി'ന്റെ കഥയ്‍ക്ക് ആധാരം. 'ജോഷി' പുതുതായി വാങ്ങിച്ച കാര്‍ അതിനാല്‍ തന്നെ വീട്ടിനുള്ളിലോട്ട് കയറ്റിയിടാനും കഴിയുന്നില്ല. സ്വാഭാവികമായും 'ജോഷി' പൊലീസില്‍ പരാതിപ്പെടുന്നു. സ്റ്റേഷന്റെ ഗെിയിറ്റും പൊലീസ് പിടിച്ചെടുത്ത തടി കയറ്റിയ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. മതില്‍ ചാടിക്കടന്ന് വേണം പൊലീസ് സ്റ്റേഷനിലേക്ക് കയറാൻ. അവിടെയുള്ള പൊലീസ്  ഓഫീസര്‍മാരുടെ പ്രവര്‍ത്തികളില്‍ തന്നെ 'ജോഷി'യുടെ തുടര്‍ ചെയ്‍തികളിലേക്കുള്ള സൂചനകള്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ നല്‍കുന്നുണ്ട്. നായകന്റെ വീട്ടില്‍ എങ്ങനെ ബൊലേറെ വന്നു എന്ന കാര്യം പതിയെ വെളിപ്പെട്ടുവരുന്നതിനോടൊപ്പം 'ജോഷി' എങ്ങനെയാണ് ഒരു പ്രത്യേക സാഹചര്യം കൈകാര്യം ചെയ്യുന്നത് എന്നതുമാണ് 'ഗോള്‍ഡ്' പറയുന്നത്.

സിനിമയില്‍ 'ജോഷി'യായി നിറഞ്ഞുനില്‍ക്കുന്നത് പൃഥ്വിരാജാണ്. അല്‍ഫോണ്‍സ് പുത്രന്റെ സിനിമാ സംവേദനത്തിന് നിന്നുകൊടുക്കുന്ന തരത്തിലുള്ള പ്രകടനമാണ് 'ഗോള്‍ഡി'ല്‍ പൃഥ്വിരാജിന്റേത്. പതിവ് പൃഥ്വിരാജ് കഥാപാത്രങ്ങളുടെ മാനറിസങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു 'ഗോള്‍ഡി'ലെ 'ജോഷി'. പൊലീസ് ഓഫീസറായ 'രാകേഷാ'യി ബാബുരാജ് പ്രകടനത്തില്‍ സ്വാഭാവികത കാട്ടുന്നു. ഷമ്മി തിലകന്റെയും ലാലു അലക്സിന്റെയും ഡയലോഗ് കോമ്പിനേഷനും രസിപ്പിക്കുന്നു. 'സുമംഗല ഉണ്ണികൃഷ്‍ണൻ' എന്ന കഥാപാത്രമായി എത്തിയ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെ പ്രകടനവും കഥയ്‍ക്ക് പാകപ്പെട്ട തരത്തിലാണ്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ചെമ്പൻ വിനോദ്, സുരേഷ് കൃഷ്‍ണ, ശബരീഷ്, ജഗദീഷ്, പ്രേംകുമാര്‍, സുധീഷ് തുടങ്ങി അഭിനേതാക്കളുടെ വൻനിര തന്നെ ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങളുടെ ബാഹുല്യം സിനിമയുടെ കഥയുടെ ഏകാഗ്രതയെ ബാധിക്കുന്നുവെന്നതും പൊസിറ്റീവ് ഘടകങ്ങള്‍ക്കൊപ്പം പറയേണ്ട കാര്യമാണ്. സുപരിചതരായ അഭിനേതാക്കള്‍ തന്നെ കേന്ദ്ര കഥയ്‍ക്ക് അത്ര അനിവാര്യമല്ലാത്ത കഥാപാത്രങ്ങളായി വരുമ്പോള്‍ കാഴ്‍ചയുടെ തുടര്‍ച്ചയ്‍ക്ക് വിഘാതമാകുന്നു. ലാഗിംഗിനും ചില കഥാ സന്ദര്‍ഭങ്ങള്‍ കാരണമാകുന്നു. ആകെ താരമയമായത് ചിത്രത്തിന് അത്ര ഗുണകരമാകുന്നില്ലെന്ന് വേണം പറയാൻ.

'ഗോള്‍ഡി'നെ കാഴ്‍ചയില്‍ വേറിട്ടുനിര്‍ത്തുന്നത് ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്ത് ഒടുക്കത്തലിന്റേയും ക്യാമറാനോട്ടങ്ങളാണ്. കളര്‍ ടോണിലും 'ഗോള്‍ഡി'നെ സൂക്ഷ്‍മമായി അനുഭവിപ്പിക്കുന്ന തരത്തിലാണ് ഛായാഗ്രാഹണം. 'ഗോള്‍ഡി'നെ പ്രേക്ഷകനോട് ചേര്‍ക്കുന്ന മറ്റൊരു പ്രധാന ഘടകം പശ്ചാത്തല സംഗീതമാണ്. 'ഗോള്‍ഡി'നെ ഒരു സിനിമയെന്ന രീതിയില്‍ അതര്‍ഹിക്കുന്ന സ്വഭാവസവിശേഷതകളോടെ കൃത്യമായി അനുഭവിപ്പിക്കുന്നതാാണ് രാജേഷ് മുരുഗേശ്വരന്റെ പശ്ചാത്തലസംഗീതം.

'ഗോള്‍ഡി'ന്റെ ആഖ്യാനത്തിന്റെ സ്വാഭാവം നിശ്‍ചയിക്കപ്പെട്ടിരിക്കുന്നത് ചിത്രസംയോജകൻ കൂടിയായ അല്‍ഫോണ്‍സ് പുത്രന്റെ സര്‍ഗമാത്മകമായ കട്ടുകളിലൂടെയാണ്.  'ഗോള്‍ഡി'നെ പ്രേക്ഷകനുമായി സംവദിപ്പിക്കാൻ വിവിധ തരം സാധ്യതകള്‍ അല്‍ഫോണ്‍സ് പുത്രൻ തന്റെ എഡിറ്റിംഗ് ടേബിളില്‍ പരീക്ഷിച്ചിരിക്കുന്നു. എന്തായാലും തിയറ്ററില്‍ ആഘോഷിക്കപ്പെടേണ്ട മറ്റൊരു അല്‍ഫോണ്‍സ് പുത്രൻ സിനിമാനുഭവം തന്നെയാണ് 'ഗോള്‍ഡും'. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള മടങ്ങിവരവ് അല്‍ഫോണ്‍സ് പുത്രൻ വെറുതെയാക്കിയില്ല.

Read More: 'ഗോള്‍ഡ്' എത്തുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്

tags
click me!