ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ റിവ്യു.
തിയറ്റര്‍ കാഴ്‍ചകളിലൂടെ മാത്രം കണ്ടനുഭവിക്കേണ്ട സിനിമകള്‍ കാമ്പുള്ള ഉള്ളടക്കവുമുള്ളതാണെങ്കില്‍ ആസ്വാദനം ഭാഷാഭേദമന്യേ പറച്ചിലുകളുടെ വിശേഷണങ്ങള്‍ക്കപ്പുറമാകും. അത്തരത്തില്‍ ഒന്നാണ് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ കാഴ്‍ചാനുഭവവും. കൃത്യമായി പ്ലേസ് ചെയ്‍ത പ്ലോട്ടിനുതകുന്ന ദൃശ്യ പരിചരണവും അജയന്റെ രണ്ടാം മോഷണത്തിന് മാറ്റുണ്ടാക്കുന്നു. പ്രകടനത്തിലും പ്രമേയത്തോട് ചേര്‍ന്നു പോകുന്നതാണ് താരങ്ങള്‍ മിക്കവരുമെന്നതും ആകര്‍ഷകമാണ്.
വടക്കൻ കേരളത്തിലെ പാടിപ്പതിഞ്ഞ വീര കഥാ ഗാഥകളുടെ ശൈലിയാണ് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ പശ്ചാത്തലത്തിന്. മോഹൻലാലിന്റെ ശബ്‍ദാവതരണത്തിലൂടെ കാലത്തിന്റെ വേഷപ്പകര്‍ച്ചകളായാണ് കഥാപാത്രങ്ങളെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ആദ്യം പ്രേക്ഷകൻ പരിചയപ്പെടുക മുത്തശ്ശി കഥയുടെ വാമൊഴികളിലൂടെ കുഞ്ഞിക്കേളുവിനെയാണ്. അതിനുമുന്നേ, ഭൂമിയിലേക്ക് എത്തിയ ശിലാശകലങ്ങളില്‍ കഥയിലെയും ഐതിഹ്യങ്ങളിലെയും കൂട്ടുകളില്‍ പണിതെടുത്ത വിളക്കിനെയും സംവിധായകൻ പരിചയപ്പെടുത്തുന്നുണ്ട്. ആ വിളക്കാണ് നാല് തലമുറകളിലെ കഥയില്‍ കേന്ദ്ര സ്ഥാനത്തുള്ളതും. ചിയോതിക്കാവിലേക്ക് ആ വിളക്ക് എത്തുന്നു. എന്നാല്‍ അതിലെ ഒരു വഴിത്തിരിവാണ് തുടര്‍ന്നുള്ള തലമുറകളില്‍ നിര്‍ണായകമാകുന്നത്.
undefined
വീരനായകനായ കുഞ്ഞിക്കേളുവിന്റെ ഐതിഹാസിക കഥകളിലെ തുടര്‍ച്ച മണിയനെന്ന കള്ളനിലേക്കാണ്. മണിയന്റെ പേരക്കുട്ടി അജയനിലേക്കും കള്ളന്റെ കഥയുടെ പാരമ്പര്യം ചേര്‍ത്തുവയ്‍ക്കപ്പെടുന്നു. ചിയോതിക്കാവിലെ വിളക്ക് കട്ട മണിയന്റെ തുടര്‍ച്ചകളിലുള്ളവര്‍ക്കും ആ മുറ്റത്തേയ്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. കുഞ്ഞിക്കേളുവിന്റെയും മണിയന്റെയും ജീവിതത്തി്നറെ തുടര്‍ച്ചകള്‍ കഥയില്‍ എങ്ങനെയാണ് അജയനിലേക്ക് ചേര്‍ക്കപ്പെടുന്നത് എന്നതാണ് സിനിമയിലെ കൗതുകവും കാഴ്‍ചയും.
വാമൊഴിയായും വായിച്ചും കേട്ടും കൈമാറിയ കഥകളുടെ ഓര്‍മയുടെ പശ്ചാത്തലങ്ങളില്‍ കോര്‍ത്തെടുത്തതിനാല്‍ ടൊവിനോ ചിത്രവും പ്രേക്ഷകനോട് ചേര്‍ന്നുനില്‍ക്കും. സമീപകാലത്ത് ചര്‍ച്ചയായ പ്രാദേശിക പാരമ്പര്യ കഥാ പശ്ചാത്തലം അജയന്റെ രണ്ടാം മോഷണത്തെയും സിനിമ എന്ന നിലയില്‍ സ്വീകാര്യമാക്കുന്നുണ്ട്. പാരമ്പര്യത്തില്‍ ഊന്നിയ ഒരു പ്രാദേശിക കഥാ പരിസരമാകുമ്പോഴും ഭാഷഭേദമന്യേ സംവദിക്കപ്പെടുന്ന ഒരു സിനിമാ ഭാഷയും അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. സമകാലീന കലാ ആവിഷ്‍കാരങ്ങളെ പോലെ കഥയുടെ ഉള്ളെടുത്ത് ചര്‍ച്ച സാധ്യമാക്കുന്ന സൂചനകളും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാര്‍ നീക്കിവെച്ചിട്ടുണ്ട്. സംഭാഷണങ്ങളിലും കയ്യടക്കവും ടൊവിനോ തോമസ് ചിത്രത്തിന് ചാരുതയേകുന്നു. കണ്ണൂരിന്റെ ഭാഷാത്തനിമ അനുഭവപ്പെടുത്തുമ്പോഴും അതിരിടാത്ത സിനിമാ ആസ്വാദനം സാധ്യമാക്കും വിധമാണ് സംഭാഷണങ്ങള്‍. സിനിമയിലെ വിവിധ കാലങ്ങള്‍ കോര്‍ത്തിടുന്നതിലും തിരക്കഥാകൃത്തിന്റെ മിടുക്ക് പ്രകടമാകുന്നുണ്ട്.
അജയന്റെ രണ്ടാം മോഷണം അക്ഷരാര്‍ഥത്തില്‍ തിയറ്റര്‍ കാഴ്‍ചയ്‍ക്കായുള്ളതാണ്. സംവിധായകൻ ജിതിൻ ലാലിന്റെ ആഖ്യാനത്തികവാണ് സിനിമയെ മികവിലേക്കുയര്‍ത്തുന്നതും. അജയന്റെ രണ്ടാം മോഷണത്തിന്റെ കഥ പറച്ചിലില്‍ കാട്ടുന്ന പക്വത പണിക്കുറവില്ലാത്ത ഒരു മികച്ച സിനിമാ കാഴ്‍ചയാക്കുന്നു അജയന്റെ രണ്ടാം മോഷണത്തെ. അജയന്റെ രണ്ടാം മോഷണത്തിന് മുത്തശ്ശി കഥയുടെ ലാളിത്യം നിലനിര്‍ത്തുമ്പോഴും അര്‍ഹിക്കുന്ന ഗൗരവതരമായ ദൃശ്യ ഭാഷയുടെ പരിചരണവും നല്‍കിയിട്ടുണ്ട്.
പ്രകടനത്തില്‍ കാലത്തിന്റെ വിവിധ വേഷപ്പകര്‍ച്ചകളില്‍ കഥാപാത്രങ്ങള്‍ മൂന്നിനും അതാത് വേറിട്ട സ്വഭാവം സിനിമയില്‍ പകര്‍ന്നിട്ടിട്ടുണ്ട് ടൊവിനോ തോമസ്. കുഞ്ഞിക്കേളുവിന്റെ വീര നായകനില്‍ നിന്ന് തീര്‍ത്തും വേറിട്ട ചടുലതയും ദുരൂഹതയുമാണ് മണിയന്. കള്ളന്റെ പാരമ്പര്യം പേറുന്ന സമകാലീന കഥാപാത്രത്തെ അപകര്‍ഷകതയ്‍ക്കൊപ്പം സ്‍നേഹത്തിന്റെ നൈര്‍മല്യവും അജയനുണ്ട്. കഥാഗതിയില്‍ ഓരോ ഘട്ടത്തിലും വളരുന്ന വീര ഭാവത്തിലേക്ക് അജയനെ ടൊവിനോ ചിത്രത്തില്‍ ഉയര്‍ത്തുന്നുമുണ്ട്. ശാരീരിക ചലനങ്ങളില്‍ യോദ്ധാവിനെ അടയാളപ്പെടുത്തി സ്വന്തം ശരീരത്തെയും പാകപ്പെടുത്തിയിരിക്കുന്നു ടൊവിനോ തോമസ്. വിവിധ താളങ്ങള്‍ ഓരോ കഥാപാത്രത്തിനും ചിത്രത്തില്‍ നല്‍കാനായി എന്നതാണ് ടൊവിനോ തോമസിനെ താരത്തിനപ്പുറം നടനായും അടയാളപ്പെടുത്തിയിരിക്കുന്നത്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവരൊക്കെ മികവ് കാട്ടിയിരിക്കുന്നു.
അജയന്റ രണ്ടാം മോഷണം മികച്ചൊരു സിനിമാ കാഴ്‍ചയാക്കുന്നത് ജോമോൻ ടി ജോണിന്റെ ദൃശ്യങ്ങളുടെ സമ്പന്നതയാലുമാണ്. രാത്രിയും ഫാന്റസിയും വെളിച്ചവുമൊക്കെ പ്രമേയത്തിനൊത്ത് ദൃശ്യ പൊലിമയായൊരുക്കുന്നുണ്ട് ജോമോൻ ടി ജോണ്‍. ധിബു നിനാൻ തോമസിന്റെ പാട്ടുകളുടെ സംഗീതവും പശ്ചാത്തലത്തിന്റെ താളവുമൊക്കെ ഒരു വേറിട്ട സിനിമാ അനുഭവമാക്കുന്നുണ്ട് അജയന്റെ രണ്ടാം മോഷണത്തെ. ഷമീര്‍ മുഹമ്മദിന്റെ കൃത്യവും ചടുലവുമാര്‍ന്ന കട്ടുകളും മിഴിവേകുന്നു.
Read More: ദ ഗോട്ടില്‍ വിജയ്‍യുടെ നായികയാകാൻ ആദ്യം പരിഗണിച്ചത് ആ മലയാളി നടിയെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക