നിഗൂഢത നിറച്ച് 'സമാറ', റിവ്യു

By Web Team  |  First Published Aug 11, 2023, 6:22 PM IST

റഹ്‍മാൻ പ്രധാന കഥാപാത്രം അവതരിപ്പിച്ച ചിത്രം 'സമാറ'യുടെ റിവ്യു.


'സമാറ' എന്ന പേരിലുണ്ട് രഹസ്യങ്ങളെല്ലാം. ആ രഹസ്യങ്ങളുടെ നിഗൂഢത ഉദ്വേഗജനകമാക്കുന്ന ചിത്രമാണ് 'സമാറ'. ഒരു കുറ്റാന്വേഷണ കഥയുടെ ആകാംക്ഷയ്‍ക്കപ്പുറത്തേയ്‍ക്ക് ചിത്രം സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തിയണക്കിയിരിക്കുന്നതും പ്രസക്തമാണ്. ത്രില്ലിംഗായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് 'സമാറ'.

'സമാറ'യുടെ പശ്ചാത്തലം ഹിമാലയൻ പ്രദേശങ്ങളാണ്. മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന താഴ്വരയില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. ഒരു ഭീകരൻ രക്ഷപ്പെട്ടതായും കരുതപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ ഭീകരൻ ജീവിച്ചിരിക്കാൻ ഒട്ടും സാധ്യതയില്ല എന്നാണ് കുറ്റാന്വേഷകര്‍ വിചാരിക്കുന്നത്. ഇങ്ങനെ 'സമാറ'യുടെ തുടക്ക രംഗങ്ങളില്‍ തന്നെ പ്രമേയം ഉദ്വേഗജനകമാകുന്നുവെന്ന് അടയാളപ്പെടുത്തുന്നു. സമാന്തരമായി ഒരു കുടുംബത്തിന്റെ വഴിപിരിയിലും മകളെ സ്നേഹിക്കുന്ന അച്ഛന്റെ വിരഹവുമെല്ലാം അവതരിപ്പിച്ചിരിക്കുന്നു. കഥാപരിസങ്ങളിലെ വ്യക്തതോടെയാണ് 'സമാറ' എന്ന സിനിമ പ്രേക്ഷകനെ ചേര്‍ത്തുനിര്‍ത്തുന്നത്.

Latest Videos

undefined

എന്നാല്‍ 'സമാറ' മലയാളത്തിലെ പതിവിനപ്പുറത്തുള്ള സിനിമാ ആഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ആഗോള പ്രമേയത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകനോട് സംവദിക്കും. കഥാപാത്രങ്ങളാകാൻ വിവിധ ശൈലികളിലുടെ ഭാഷാ താരങ്ങളെ ക്ഷണിച്ചിരിക്കുന്നതും ശ്രദ്ധേയം. അങ്ങനെ ആകെ ഒരു ഫ്രഷ്‍നെസ് അനുഭവപ്പെടുത്തുന്ന ചിത്രമാണ് 'സമാറ'.

ഒരു കുറ്റാന്വേഷണ ഴോണറില്‍ തുടങ്ങുന്ന ചിത്രം സയൻസ്- ഫിക്ഷൻ പ്രമേയത്തിന്റെ വിശാലതകളിലേക്ക് വളരുന്നതാണ് പുരോഗമിക്കുമ്പോള്‍ പ്രേക്ഷകൻ കാണുന്നത്. എന്നാല്‍ അതിന്റെ സങ്കീര്‍ണതകളൊട്ടുമില്ലാതെ സംവിധായകൻ ചിത്രം അവതരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തെയാകമാനം ബാധിച്ചേക്കാവുന്ന വിപത്ത് മറികടക്കുന്നതെങ്ങനെയെന്ന് ചിത്രം വ്യാഖ്യാനിക്കുന്നു. സാങ്കല്‍പ്പികമാണെങ്കിലും 'സമാറ'യുടെ പ്രമേയത്തെ ചരിത്രവുമായി വിളക്കിച്ചേര്‍ക്കാൻ ചിത്രത്തില്‍ നടത്തിയ ശ്രമവും പ്രകടമാണ്, വിജയിച്ചിട്ടുമുണ്ട്.

നവാഗതനായ ചാള്‍സ് ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'സമാറ'. ചാള്‍സ് ജോസഫ് ആദ്യ ചിത്രത്തിന്റെ ആഖ്യാനത്തില്‍ കാട്ടിയ കൗശലവും പക്വതയും പരമാര്‍ശമര്‍ഹിക്കുന്നു. ഒരുപക്ഷേ ചിലര്‍ക്കെങ്കിലും ദുര്‍ഗ്രഹമാകുന്ന കഥാവഴികളുള്ള ചിത്രമായിട്ടും ആഖ്യാനത്തിലെ കൗശലും സാമര്‍ഥ്യവുമാണ് പ്രേക്ഷകനെ 'സമാറ'യോട് ചേര്‍ത്തുനിര്‍ത്തുന്നത്. മേയ്‍ക്കിംഗിലെ ചടുലതയും സംവിധായകനെ അടയാളപ്പെടുത്തുന്നു. ചാള്‍സ് ജോസഫ് തന്നെയാണ് തിരക്കഥയും. തിരക്കഥയില്‍ പുലര്‍ത്തിയ ശ്രദ്ധയും ഗവേഷണവും സംവിധായകന് ആഖ്യാനം എളുപ്പമാക്കുന്നു. കഥയെ ചരിത്രവുമായി പാളിച്ചകളില്ലാതെ ബുദ്ധിപൂര്‍വം തിരക്കഥാകൃത്ത് ചേര്‍ത്തിരിക്കുന്നതും ശ്രദ്ധാപൂര്‍വമുള്ള ഗവേഷണത്തിലൂടെയാണ്.

'ആന്റണി' എന്ന കുറ്റാന്വേഷകന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത് റഹ്‍മാനാണ്. സ്റ്റൈലിഷായ മാനറിസങ്ങളാണ് റഹ്‍മാൻ സ്വീകരിച്ചിരിക്കുന്നത്. പ്രമേയം പോലെ 'ആന്റണി' എന്ന കഥാപാത്രവും നിഗൂഢത നിറഞ്ഞാണ്. ആകര്‍ഷകമാംവിധം 'ആന്റണി'യെ റഹ്‍മാൻ അവതരിപ്പിച്ചിരിക്കുന്നു.

'സെന്തില്‍' എന്ന പൊലീസ് ഓഫീസറായി ചിത്രത്തില്‍ ഗോവിന്ദ് കൃഷ്‍ണയും മേക്ക് ഓവറില്‍ വിസ്‍മയിപ്പിച്ച് ബിനോജ് വില്യയും 'ഡോ. സക്കീറാ'യി ഭരതും 'ഡോ. ആസാദാ'യി രാഹുല്‍ മാധവുമൊക്കെ മികവ് കാട്ടിയിരിക്കുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ പ്രമേയത്തോട് ചേര്‍ന്നിരിക്കുന്നു. കുളു- മണാലി സൗന്ദര്യം മാത്രമല്ല ചിത്രത്തിന്റ നിഗൂഢതയും സിനു സിദ്ധാര്‍ഥിന്റെ ഛായാഗ്രാഹണത്തില്‍ അര്‍ഹിക്കുംവിധം അടയാളപ്പെട്ടിരിക്കുന്നു. ആര്‍ ജെ പപ്പന്റെ കട്ടുകളും ചിത്രത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു.

Read More: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ 'ജയിലര്‍', ആദ്യ ദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!