അതിമനോഹരമായ പ്ലോട്ടും മികച്ച പ്രകടനങ്ങളും കൂടിച്ചേർന്നൊരു സൂപ്പർ സിനിമാറ്റിക് അനുഭവം തന്നെയാണ് ഭ്രമയുഗം.
പഴക്കം ചെന്നൊരു മന. അതിന് മുന്നിൽ തീപന്തവുമായി ഒരാൾ നിൽക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ മനയുടെ മുകളിലായി ചില അദൃശ്യ രൂപങ്ങളെയും കാണാം. എന്നാൽ ആരും അധികം ശ്രദ്ധിക്കാത്ത, ആരുടെയും കണ്ണിൽ പെടാത്ത ഒരു മുഖം അതിൽ മറഞ്ഞിരിപ്പുണ്ട്- 'ഭ്രമയുഗ'ത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ആയിരുന്നു ഇത്. ഈ പോസ്റ്റർ പോലെ ആണ് ഭ്രമയുഗം എന്ന രാഹുൽ സദാശിവൻ ചിത്രവും. ഏറെ നിഗൂഢതകൾ നിറഞ്ഞ, സത്യമോ മിഥ്യയോ എന്ന് മനസിലാക്കാൻ സാധിക്കാത്ത, അദൃശ്യമായൊരു മുഖം അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആ മുഖം എന്താണെന്നും ആരാണെന്നും വ്യക്തമാക്കിയാണ് ഭ്രമയുഗം ഇന്ന് തിയറ്ററിൽ എത്തിയത്.
17ാം നൂറ്റാണ്ടിലെ തെക്കൻ മലബാറിൽ നടക്കുന്ന ഫിക്ഷൻ കഥയാണ് ഭ്രമയുഗം. കാടിന്റെ വന്യതയും ഭയവും ഊട്ടി ഉറപ്പിച്ചുകൊണ്ടാണ് തുടക്കം. അക്കാലത്ത് ഒരു ഇല്ലത്തിൽ തമ്പുരാനെ പാടി ഉറക്കിയിരുന്ന പാണൻ ആണ് തേവൻ. എന്നാൽ അപ്രതീക്ഷിതമായി അവിടം വിടേണ്ടി വരുന്ന ഈ ചെറുപ്പക്കാരൻ വഴി തെറ്റി, കൊടുമൻ പോറ്റിയുടെ ഇല്ലത്ത് എത്തുന്നു. വലിയൊരു കാടിനുള്ളിൽ തനിച്ചായി പോയ തനിക്ക് കിട്ടിയൊരു അഭയകേന്ദ്രം ആയിരുന്നു ആ മനയെങ്കിലും, ആ ചെറുപ്പക്കാരനെ കാത്തിരുന്നത് അവിശ്വസിനീയമായ, നിഗുഢതകൾ മാത്രം നിറഞ്ഞ ദിനങ്ങളായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാനായി തേവൻ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
undefined
ഹൊറർ ത്രില്ലർ ആണെങ്കിലും ആവശ്യമില്ലാത്ത ഗിമിക്സുകളൊന്നും ചേർക്കാതെ കഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഹൊറർ എലമെന്റുകൾ രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരെ ബോറഡിപ്പിക്കാതെ ആദ്യമധ്യാന്തം ഇനി എന്ത് ? അയാൾ രക്ഷപ്പെടുമോ ? എന്ന ചോദ്യങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ എൻഗേജിംഗ് ചെയ്യിപ്പിച്ചുള്ള തിരക്കഥയാണ് ചിത്രത്തിന്റെ യുഎസ്പി. അക്കാര്യത്തിൽ ടി ഡി രാമകൃഷ്ണനും രാഹുൽ സദാശിവനും കയ്യടി അർഹിക്കുന്നുണ്ട്. ഭൂതകാലം മുതൽ വ്യത്യസ്തകൾ നേടിപ്പോകുന്ന സംവിധായകൻ ആണ് രാഹുൽ സദാശിവൻ എന്ന് വ്യക്തമായിരുന്നു. ആ വ്യത്യസ്ത ഭ്രമയുഗത്തിലും രാഹുൽ കൊണ്ടുവന്നിട്ടുണ്ട്. അതിൽ വിജയിക്കുകയും ചെയ്തു.
പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ആണ് ഭ്രമയുഗം പ്രേക്ഷർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, സാങ്കേതികതകളുടെ വലിയൊരു വേലിയേറ്റ സമയത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ ഒരുക്കുക എന്നത് ഏറെ ശ്രമകരമായ, പരീക്ഷണാത്മക ദൗത്യമാണ്. ആ ദൗത്യം യാതൊരു കേടുപാടുകളും സംഭവിക്കാതെ തന്നെ ബിഗ് സ്ക്രീനിൽ അണിയറ പ്രവർത്തകർ എത്തിച്ചിരിക്കുന്നു. ബ്ലാക് ആൻഡ് വൈറ്റിൽ തന്നെയാണ് ഈ സിനിമ കാണേണ്ടത് എന്നതും നൂറ് ശതമാനം ഉറപ്പാണ്.
അഞ്ച് കഥാപാത്രങ്ങളാണ് ഭ്രമയുഗത്തിൽ ഉള്ളത്. കോര(മണികണ്ഠന്), തേവൻ(അർജുൻ അശോകൻ), കൊടുമന്‍ പോറ്റി(മമ്മൂട്ടി), സിദ്ധാർത്ഥ് ഭരതൻ(പേരില്ല), അമാൽഡ ലിസ്(പേരില്ല, യക്ഷിയാണെന്ന് കരുതാം) എന്നിവരാണ് അവർ. സമീപകാലത്ത് വ്യത്യസ്തതകൾ തേടി അലയുന്ന മമ്മൂട്ടിയിലെ മറ്റൊരു ഗംഭീര പ്രകടനമാണ് ചിത്രത്തിലേത്. ഫാൻസിന്റെ രീതിയിൽ പറഞ്ഞാൽ 'മമ്മൂക്കയുടെ അഴിഞ്ഞാട്ടം' ആണ് സിനിമ. ആദ്യം മുതൽ രണ്ടാം പകുതി ഏറിയ ഭാഗവും അടക്കിവാണ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു മുഖത്ത് തന്നെ വ്യത്യസ്ത ഭാവങ്ങൾ, ഡെവിളിഷ് ലുക്കിലുള്ള ചിരികൾ, നിരൂഢതകൾ എല്ലാം മമ്മൂട്ടിയിലെ നടനെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു കൊടുക്കുന്നു.
അർജുൻ അശോകന്റെ കരിയറിലെ ബെസ്റ്റ് വേഷമാണ് തേവൻ. ഭ്രമയുഗത്തിലെ നായകൻ എന്ന് വേണമെങ്കിൽ അർജുനെ വിശേഷിപ്പിക്കാം. മനയിൽ കയറിയ ശേഷവും രക്ഷപ്പെടാൻ ഒരു മനുഷ്യൻ നടത്തുന്ന അങ്കലാപ്പുകളും ഭയവും എല്ലാം ഭദ്രമായി തന്നെ അർജുൻ അവതരിപ്പിച്ചു. ബോൾഡ് ആയൊരു വേഷം ആയിരുന്നു സിദ്ധാർത്ഥിന്റേത്. ആദ്യം മുതൽ ചോദ്യചിഹ്നമൊരുക്കിയ ഈ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ്, സംസാര ശൈലി എല്ലാം തന്മയത്വത്തോടെ സിദ്ധാർത്ഥ് ഗംഭീരമാക്കി. നിസാഹായനായ, എന്നാൽ എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഈ വേഷം. ചെറിയ സീനുകളിൽ മാത്രമെ വന്ന് പോകുന്നുള്ളൂ എങ്കിലും അമാൽഡ ലിസും മണികണ്ഠനും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കി. സർപ്രൈസ് ആയൊരു കഥാപാത്രവും രണ്ടാം പകുതിയിൽ ഇവർക്കൊപ്പം ഉണ്ട്. കൊടുമണ്‍ പോറ്റി യഥാര്‍ത്ഥത്തില്‍ ആരാണ് എന്നതും വലിയ ട്വിറ്റ് ആണ്.
ഭ്രമയുഗത്തിന്റെ ഹൈലറ്റുകളിലുള്ള മറ്റൊരു ഘടകം ബാക്ഗ്രൗണ്ട് സ്കോറും പാട്ടുകളും ആണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ, ഭയപ്പെടുത്തന്നതിൽ മുന്നിൽ നിന്നത് സംഗീതം ആണ്. അതുകൊണ്ട് തന്നെ ക്രിസ്റ്റോ സേവ്യർ കയ്യടി അർഹിക്കുന്നുമുണ്ട്. ക്ഷയിച്ച മനയുടെ അകത്തളവും പുറം ലോകവും വന്യതയുമെല്ലാം അതി ഗംഭീരമായി ക്യാമറയിൽ ഒപ്പിയെടുത്ത ഷെഹനാദ് ജലാലും പ്രശംസ അർഹിക്കുന്നുണ്ട്. ആകെ മൊത്തത്തിൽ അതിമനോഹരമായ പ്ലോട്ടും മികച്ച പ്രകടനങ്ങളും കൂടിച്ചേർന്നൊരു സൂപ്പർ സിനിമാറ്റിക് അനുഭവം തന്നെയാണ് ഭ്രമയുഗം. ഉറപ്പായും തിയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രവും.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..