റൊമാന്റിക് നായകനായി നിറഞ്ഞാടി പെപ്പെ; ഒപ്പം ആക്ഷനും; 'ഓ മേരി ലൈല' റിവ്യു

By Web Team  |  First Published Dec 23, 2022, 3:23 PM IST

ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറി, പുതിയ രൂപത്തിലും ഭാവത്തിലും എത്തിയ ആന്റണി വർ​ഗീസ് പ്രേക്ഷകരെ രസിപ്പിക്കും എന്ന് തീർച്ച. 


ട്ട മാസും ആക്ഷനുമായി എത്തിയ ആന്റണി വർ​ഗീസ് എന്ന നടനെ മാത്രമെ ജനങ്ങൾ‌ ബി​ഗ് സ്ക്രീനിൽ കണ്ടിട്ടുള്ളു. കലിപ്പ് മോഡിൽ എത്തി പ്രക്ഷകരെ ത്രസിപ്പിച്ച അന്റണി വർ​ഗീസ് കഥാപാത്രങ്ങൾ നിരവധി ആണ്. എന്നാൽ ഇവയിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രവുമായാണ് ഓ മേരി ലൈല എന്ന ചിത്രത്തിൽ പെപ്പെ എത്തിയിരിക്കുന്നത്.  ലൈലാസുരൻ എന്നാണ് ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചെറിയ വായ്നോട്ടവും പ്രേമ നോട്ടങ്ങളും കോമഡിയും ഒക്കെ നിറഞ്ഞാണ് ചിത്രത്തിന്റെ ആദ്യ പകുതി. പെപ്പെയുടെ ഈസിയായിട്ടുള്ള അഭിനയവും ശൈലിയും തന്നെയാണ് ചിത്രത്തിലെ പ്രധാന ഘടകവും. എന്നാൽ മുൻ ചിത്രങ്ങളെ പോലെ തന്നെ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളിൽ ആന്റണി വർ​ഗീസ് കലക്കിയിട്ടുണ്ട്. കോളേജ് ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഓ മേരി ലൈലയുടെ കഥ പറഞ്ഞ് പോകുന്നത്.

Latest Videos

undefined

പുതിയ കോളേജ് യൂണിയൻ ഉദ്ഘാടനത്തോടെയാണ് കഥ തുടങ്ങുന്നത്. അധികം സസ്പെൻസ് ഇടാതെ തന്നെ നായകനെ സ്ക്രീനിൽ എത്തിക്കുന്നുണ്ട് സംവിധായകൻ. യൂണിയൻ ഉദ്ഘാടനത്തിനിടയിൽ നിന്നും പ്രേക്ഷകരെ നേരെ ചിത്രം കൊണ്ടുപോകുന്നത് ഫ്ലാഷ് ബാക്കിലേക്കാണ്. ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരിടൽ ചടങ്ങാണ് പശ്ചാത്തലം. മതാപിതാക്കളോട് കൂടിയാലോചിക്കാതെ ലൈലാസുരൻ എന്ന് അപ്പൂപ്പൻ(ബാലചന്ദ്രൻ ചുള്ളിക്കാട്) ചെറുമകന് പേരിടുന്നു. പിന്നീട് സ്ക്രീനിൽ തെളിയുന്നത് ലൈലാസുരന്റെ വളർച്ചയാണ്. കുട്ടിക്കാലം മുതൽ തന്റെ നായികയെ തേടി നടക്കുന്ന നായകനെ അവിടെ കാണാം. 

ലൈലാസുൻ എന്ന പേര് കാരണം നായകൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും കളിയാക്കലുകളും ചിത്രം വരച്ചുകാട്ടുന്നുണ്ട്. കോളേജിലേക്ക് എത്തിയ ലൈലാസുരനെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ്. നിനച്ചിരിക്കാതെ വന്നു ചേർന്നൊരു ഫൈറ്റ് ലൈലാസുരനെ കോളേജ് ഭരിക്കുന്ന എസ്എഫ്കെ എന്ന വിദ്യാർത്ഥി സംഘടനയുടെ ഭാ​ഗമാക്കുന്നുണ്ട്. ഒടുവിൽ സഖാവ് ലൈലാസുരൻ കോളേജിലെ മിന്നും താരമായി മാറി. ഇതിനിടയിൽ വന്നു ചേരുന്ന പ്രണയവും കലഹവുമെല്ലാം രസകരമായി തന്നെ സംവിധായകൻ അഭിഷേക് കെ എസ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. നായികമാരിലുള്ള വൻ ട്വിസ്റ്റോടെയാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. കോമഡി നിറച്ച് പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ മുന്നോട്ട് പോകുന്നതാണ് രണ്ടാം പകുതി. ആന്റണി വർ​ഗീസിന്റെ നിഷ്കളങ്കമായ കഥാപാത്രം ഈ ഭാ​ഗത്ത് പ്രേക്ഷനെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. 

നവാഗതൻ ആണെങ്കിലും അതിന്റെ യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ ഓ മേരി ലൈലയെ പ്രേക്ഷകർക്ക് മുന്നിൽ മനോഹരമായി എത്തിക്കാൻ സംവിധായകൻ അഭിഷേക് കെ എസിന് സാധിച്ചിട്ടുണ്ട്. ഒപ്പം ​ഗംഭീരമായ ഷോട്ടുകളും സീനുകളും സമ്മാനിച്ച ക്യാമറ മാൻ ബബ്ലു അജുവും കയ്യടി അർഹിക്കുന്നുണ്ട്. ഇവർക്കൊപ്പം എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ മ്യൂസിക് ആണ്. ചിത്രത്തിലെ ​ഗാനങ്ങളും ബിജിഎമ്മും പ്രേക്ഷകർ സ്വീകരിച്ചു എന്നത് തിയറ്റർ പ്രതികരണത്തിൽ നിന്നും വ്യക്തം. 

ഫിജോ ഫെർണാണ്ടസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുരാജ് ആണ് സിനിമയിൽ എടുത്ത് പറയേണ്ടുന്ന 
ഒരു കഥാപാത്രം. പുതുമുഖമാണെങ്കിലും നായകന്റെ സുഹൃത്തായി അനുരാജ് ​ഗംഭീര പകർന്നാട്ടം നടത്തിയിട്ടുണ്ട്. അനുരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. സോന(ക്ലാര, ലൈല), നന്ദന രാജൻ(സരോജ ദേവി), കോളേജിലെ കായിക അധ്യാപകനായി എത്തുന്ന സെന്തിൽ(പ്രദീപ്), അധ്യാപിക ശിവകാമി അനന്ദനാരയൺ(മേഴ്സി നൈനാൻ), ബാലചന്ദ്രൻ ചുള്ളിക്കാട്(സഖാവ് ചെങ്കോട്ടിൽ ഭദ്രൻ, ലൈലാസുരന്റെ അപ്പൂപ്പൻ), നന്ദു(തോമസ് കുര്യൻ) തുടങ്ങി ചിത്രത്തിലെ ചെറുതും വലുമായ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാ​ഗങ്ങൾ അതി​ഗംഭീരമായി തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. 

ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ഓ മേരി ലൈല നിര്‍മിച്ചിരിക്കുന്നത്.  അങ്കിത് മേനോന്‍ സം​ഗീതം നൽകിയ ചിത്രത്തിന്റെ പാട്ടുകൾക്ക് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍ എന്നിവർ ചേർന്നാണ്. മെലഡി, റാപ്പ് ഉൾപ്പടെയുള്ള ചിത്രത്തിലെ ​ഗാനങ്ങൾ ഓ മേരി ലൈലയുടെ പ്രധാന ആകർഷണമാണ്. എന്തായാലും ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും മാറി, പുതിയ രൂപത്തിലും ഭാവത്തിലും എത്തിയ ആന്റണി വർ​ഗീസ് പ്രേക്ഷകരെ രസിപ്പിക്കും എന്ന് തീർച്ച. 

'അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും'; 'പഠാൻ' വിവാദത്തിൽ പൂനം പാണ്ഡെ

click me!