വേറിട്ട വഴിയിലൂടെ ഈ ചെറുകാര്‍; '1744 വൈറ്റ് ആള്‍ട്ടോ' റിവ്യൂ

By Web Team  |  First Published Nov 18, 2022, 5:03 PM IST

സാങ്കേതിക മികവില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം ആത്മവിശ്വാസമുള്ള ഒരു സംവിധായകന്‍റെ സാന്നിധ്യം ഓരോ ഫ്രെയ്മിലും അനുഭവിപ്പിക്കുന്നുണ്ട്.


തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് സെന്ന ഹെ​ഗ്‍ഡെ. ഐഎഫ്എഫ്കെയിലൂടെയും പിന്നീട് ഒടിടി റിലീസ് ആയും വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിനു ശേഷം സെന്നയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമ എന്നതാണ് 1744 വൈറ്റ് ആള്‍ട്ടോയ്ക്ക് ആദ്യ ശ്രദ്ധ നേടിക്കൊടുത്തത്. ആക്ഷേപഹാസ്യ സ്വഭാവം തിങ്കളാഴ്ച നിശ്ചയത്തിലേതുപോലെ ഈ ചിത്രത്തിലും തുടരുമ്പോള്‍ ഇവിടെ അസംബന്ധത്തിന്‍റെ (Absurdity) ഒരു മേലാപ്പ് കൂടി അണിഞ്ഞിരിക്കുന്ന കോമഡി ക്രൈം ഡ്രാമയാണ്. ആദിമധ്യാന്ത പൊരുത്തമുള്ള ഒരു കഥയേക്കാള്‍ ഏറെ സ്റ്റൈലൈസ്ഡ് ആയുള്ള അതിന്‍റെ അവതരണത്തിലാണ് സെന്ന ഇക്കുറി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

മേഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന് ടാഗ് ലൈന്‍ ഉണ്ടെങ്കിലും ഉത്തര മലബാറിലെ ഏതോ പ്രദേശം എന്ന മട്ടിലാണ് കഥാപശ്ചാത്തലത്തെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സംസാര ഭാഷയ്ക്കപ്പുറം പ്രദേശത്തിന് സിനിമയില്‍ വലിയ പ്രാധാന്യമില്ല താനും. മറിച്ച് വെസ്റ്റേണുകളെ അനുസ്മരിപ്പിക്കുന്ന ചില പ്രൊഡക്ഷന്‍ ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത് സംവിധായകന്‍ ഒരു സാങ്കല്‍പ്പിക ഭൂമിക ഒരുക്കിയിരിക്കുന്നതുപോലെയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക. അല്ലറ ചില്ലറ തട്ടിപ്പും ഗുണ്ടാപ്പണിയുമൊക്കെയായി നടക്കുന്ന രണ്ടുപേര്‍. രാജേഷ് മാധവനും ആനന്ദ് മന്മഥനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ചൂടനായ കണ്ണന്‍റെ (ആനന്ദ് മന്മഥന്‍) ഓര്‍ക്കാപ്പുറത്തുള്ള ചില നീക്കങ്ങള്‍ മൂലം എപ്പോഴും പ്രതിസന്ധിയിലാവുന്നയാളാണ് രാജേഷിന്‍റെ കഥാപാത്രം. ഒരിക്കല്‍ സമാധാനപരമായി ഒരു ഡീല്‍ ഉറപ്പിക്കാന്‍ പോകവെ കണ്ണന്‍റെ അത്തരമൊരു നീക്കം കാരണം ഈ ഇരുവര്‍ സംഘം പ്രതിസന്ധിയിലാവുകയാണ്. ഒരു വെള്ള ആള്‍ട്ടോ കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്തുന്ന പൊലീസ് അതിന്‍റെ നമ്പറിലെ അക്കങ്ങളും കണ്ടെത്തുന്നു. 1744 ല്‍ അവസാനിക്കുന്ന വെള്ള ആള്‍ട്ടോ കാറും അതില്‍ ഉണ്ടായിരുന്നവരെയും തേടി പൊലീസ് സംഘം നടത്തുന്ന അന്വേഷണമാണ് 1744 വൈറ്റ് ആള്‍ട്ടോ.

Latest Videos

undefined

 

ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന മഹേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ നായക കഥാപാത്രം. ഷറഫിന്‍റെ ഫിലിമോഗ്രഫിയിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായി മഹേഷ് ഉണ്ടാവും. ഭാര്യയ്ക്കും അമ്മയ്ക്കുമിടയിലുള്ള നിരന്തര അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കുടുംബജീവിതത്തില്‍ എപ്പോഴും സംഘര്‍ഷം അനുഭവിക്കുന്നയാളാണ് മഹേഷ്. അതിനിടയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ അതീവ ജാഗ്രത ആവശ്യമുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണം. എന്നാല്‍ നായക കഥാപാത്രത്തിലേക്ക് മാത്രം ചുരുങ്ങാതെ പൊലീസുകാരും അല്ലാത്തവരുമായ മറ്റു കഥാപാത്രങ്ങള്‍ക്കും സ്പേസ് നല്‍കിക്കൊണ്ടാണ് സെന്നയുടെ കഥ പറച്ചില്‍. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ത്തന്നെ താന്‍ ഒരുക്കിയിരിക്കുന്ന സവിശേഷ ലോകം പരിചയപ്പെടുത്തുന്ന സംവിധായകന്‍ പതിയെ സിനിമ മുന്നോട്ടുനീക്കുകയാണ്. സിറ്റ്വേഷനുകളും വന്‍ ലൈനറുകളും പൊട്ടിച്ചിരികള്‍ സമ്മാനിക്കുമ്പോള്‍ത്തന്നെ എന്തോ ഒരു അപ്രതീക്ഷിതത്വം കാത്തുവച്ചിരിക്കുന്നതായ തോന്നലും ചിത്രം സമ്മാനിക്കുന്നുണ്ട്. 1744 വൈറ്റ് ആള്‍ട്ടോ കണ്ടെത്താനുള്ള മിഷനില്‍ പലപ്പോഴും ആശയക്കുഴപ്പത്തില്‍ പെടുന്ന പൊലീസ് സംഘത്തിനൊപ്പം പ്രേക്ഷകരും കൂടുന്നുണ്ട്. 

 

സാങ്കേതിക മികവില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം ആത്മവിശ്വാസമുള്ള ഒരു സംവിധായകന്‍റെ സാന്നിധ്യം ഓരോ ഫ്രെയ്മിലും അനുഭവിപ്പിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനിംഗിന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നത് ഉല്ലാസ് ഹൈദൂര്‍ ആണ്. വിനോദ് പട്ടണക്കാടന്‍ ആണ് കലാസംവിധാനം. വെസ്റ്റേണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ എലമെന്‍റുകള്‍ ചിത്രത്തിന്‍റെ ഫ്രെയ്മുകളില്‍ ഉടനീളം കാണാം. ഛായാഗ്രാഹകന്‍റെ ശ്രീരാജ് രവീന്ദ്രന്‍റെ മികവ് കൊണ്ടുകൂടിയാണ് അതൊന്നും ഏച്ചുകെട്ടലായി തോന്നാത്തത്. അത്തരം ഡിസൈന്‍ എലമെന്‍റുകളില്ലാത്ത വീട്ടകങ്ങളും ചിത്രത്തിലുണ്ട്. അവ തമ്മില്‍ വേറിട്ടുനില്‍ക്കാത്ത ഒറ്റ തുടര്‍ച്ചയായി ഫ്രെയ്മുകള്‍ ഒരുക്കിയിട്ടുണ്ട് ശ്രീരാജ്. സെന്ന ഹെഗ്ഡേയ്ക്കൊപ്പം ശ്രീരാജ് രവീന്ദ്രന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

 

ഉള്ളടക്കവും അവതരണവും നോക്കിയാല്‍ വൈവിധ്യത്തിന്‍റെ പുഷ്കല കാലമാണ് മലയാളത്തില്‍ ഇപ്പോള്‍. അവയില്‍ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രതീക്ഷ നല്‍കുന്ന ആ വിഭാഗം ചിത്രങ്ങളുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് 1744 വൈറ്റ് ആള്‍ട്ടോ.

click me!