രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐ.ടി കമ്പനിയായ വിപ്രോ ആറുനൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തൃപ്തികരമല്ലെന്ന് കണ്ടെത്തിയവര്‍ക്കാണ് പുറത്തേക്കുള്ള വഴി കാണിച്ചതെന്നാണ് വിശദീകരണം. ഈ വര്‍ഷം തന്നെ രണ്ടായിരത്തോളം പേരെ ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ഐ.ടി ജീവനക്കാര്‍ക്ക് വിസ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുയാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനവും വടക്കേ അമേരിക്കയില്‍ നിന്നാണ്. യൂറോപ്പില്‍ നിന്ന് 20 ശതമാനം വരുമാനം ലഭിക്കുമ്പോള്‍ മറ്റ് വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനത്തില്‍ നിന്നാണ് ബാക്കി വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പോലുള്ളവയുടെ ആവിര്‍ഭാവത്തോടെ ഐ.ടി കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറയ്ക്കുന്നതിനിടെയാണ് വിസ നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയ്ക്ക് 1.79 ലക്ഷം ജീവനക്കാരാണുള്ളത്.