ചോദ്യമിതാണ്, നാലോ അഞ്ചോ വാഹനഷോറൂമുകൾ പൂട്ടിപ്പോയാൽ, അതെങ്ങനെയാണ് നാട്ടിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നത്..? ബസ്സിലും ട്രെയിനിലും ഒക്കെ പോകുന്നവരെ എങ്ങനെയാണ് വാഹനവിപണിയിൽ മാന്ദ്യം ബാധിക്കുക ? പറയാം.
നമ്മളൊക്കെ കഞ്ഞികുടിച്ചു പോവണമെങ്കിൽ അത്യാവശ്യം വേണ്ടുന്ന ഒന്നാണ് പണം... കാശ്...പൈസ... അതുണ്ടാവണമെങ്കിൽ രാജ്യത്തെ സാമ്പത്തികവ്യവസ്ഥ തിന്നും കുടിച്ചും നല്ല ആരോഗ്യത്തോടെ ഇരിക്കണം. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്ന് പണ്ട് പറഞ്ഞുകേട്ടിട്ടില്ലേ..? ആ ചുവരാണ് ഈ സാമ്പത്തിക വ്യവസ്ഥ. സെക്റ്ററേതായാലും സംഗതി ക്ലച്ചുപിടിക്കണമെങ്കിൽ സാമ്പത്തിക വ്യവസ്ഥ 'സ്റ്റെഡി'യായിരിക്കണം. വിപണിയിൽ ഉണർവുണ്ടാകണം. അനുദിനം അത് മുന്നോട്ട് കുതിക്കണം.
ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ സ്ഥിതി തൽക്കാലം അല്പം മോശമാണ്. മുന്നോട്ടുപോകുന്നത് പോയിട്ട് മുഖത്ത് ചിരി പോലും ഇന്ന് വിരിയുന്നില്ല. 2014-15-നു ശേഷം നമ്മുടെ സാമ്പത്തികവളർച്ച അതിന്റെ നെല്ലിപ്പടി തട്ടി നിൽക്കുകയാണ്, 6.8 ശതമാനം. ഈവർഷം ജനുവരിമുതൽ മാർച്ചുവരെയുള്ള ഒന്നാം പാദത്തിൽ അത് അതിലും താഴെയായിരുന്നു 5.6 ശതമാനം. അതായത് നമ്മൾ സാമ്പത്തികമാന്ദ്യത്തിലേക്ക് കടന്നു കഴിഞ്ഞു എന്നർത്ഥം. ആരും ഒന്നും പറയുന്നില്ല എന്നുമാത്രം. ഈ മാന്ദ്യം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഓട്ടോ സെക്ടർ അതായത് വാഹനവിപണിയെയാണ്. സ്‌കൂട്ടർ മുതൽ മൾട്ടി ആക്സിൽ ട്രക്കുകൾ വരെയുള്ള വാഹനങ്ങളുടെ വിപണി ലക്ഷക്കണക്കിനുപേർക്ക് ഉപജീവനം നൽകുന്ന ഒന്നാണ്. ആ ജോലികൾ ഇന്ന് അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറികൾക്കും ഷോറൂമുകൾക്കും പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
undefined
അപ്പോൾ ഉയരുന്ന ചോദ്യമിതാണ്, വണ്ടി വിൽക്കുന്ന നാലോ അഞ്ചോ ഷോറൂമുകൾ പൂട്ടിപ്പോയാൽ അതെങ്ങനെയാണ് നാട്ടിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്നത്..? നമ്മൾ ബസ്സിലും ട്രെയിനിലും ഒക്കെ പോകുന്നവരെ എങ്ങനെയാണ് വാഹനവിപണിയിൽ മാന്ദ്യം ബാധിക്കുക. പറയാം.
വാഹനവിപണിയാണ് സാമ്പത്തിക തകർച്ചയുടെ ആദ്യ സൂചന
ഒരു വാഹനം ഉണ്ടാകുന്നതെങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എല്ലാറ്റിന്റെയും തുടക്കം ഒരു ഖനിയിലാണ്. അവിടെ മണ്ണിനടിയിൽ കിടക്കുന്ന അയിര് കുഴിച്ചെടുക്കുന്നു. അതിനെ ഫാക്ടറികളിലിട്ട് ഇരുമ്പും പിന്നെ ഉരുക്കുമാക്കി മാറ്റുന്നു. ആ സ്റ്റീൽ കൊണ്ട് വാഹനത്തിന്റെ അടിസ്ഥാനഘടകങ്ങൾ നിർമ്മിക്കപ്പെടുന്നു. വാഹനഫാക്ടറികളിലെ കൺവെയർ ലൈനുകളിൽ ഈ ഭാഗങ്ങൾ ഒന്നൊന്നായി ഷാസിയിൽ ഘടിപ്പിക്കപ്പെടുന്നു. അങ്ങനെ ഫാക്ടറിക്കുള്ളിൽ പലവിധ പ്രക്രിയകളിലൂടെ കടന്നുകൊണ്ടാണ് അതാത് കമ്പനികളുടെ ഡീലർഷിപ്പുകളിലൂടെ വാഹനങ്ങൾ നമ്മുടെ മുന്നിലെത്തുന്നത്. നമ്മൾ അത് വാങ്ങി വീട്ടിൽ കൊണ്ടുവരുന്നു. ദൈനംദിനാവശ്യങ്ങൾക്കായി എടുത്തോടിക്കുന്നു. അത് കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുന്നു. വാഹനം കേടായാലോ, അപകടം നടന്നാലോ അതിനെ ശരിയാക്കാൻ വേണ്ടി മെക്കാനിക്കൽ വർക്ക് ഷോപ്പുകളുടെ ഒരു ശൃംഖല തന്നെയുണ്ട് ഓരോ വാഹനക്കമ്പനികൾക്കും. അല്ലാതെ സ്വകാര്യ മേഖലയിലും നിരവധി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സ്പെയർ പാർട്ടുകളുടെ വ്യാപാരവും ഒരു വലിയ ബിസിനസാണ്. വാഹനങ്ങളുടെ ടയറുകളുടെ ബന്ധപ്പെട്ടുകിടക്കുന്നു മറ്റൊരു വിപണി. അതുപോലെ വാഹനത്തിനുള്ളിൽ ഘടിപ്പിക്കുന്ന ആക്സസറീസിന്റെ മറ്റൊരു വ്യാപാരം. വാഹനങ്ങൾ കഴുകാൻ വേണ്ടിയുള്ള സർവീസ് സെന്ററുകൾ മറ്റൊരു ഭാഗത്ത്. ഇതിനൊക്കെപ്പുറമേ, വാഹന ഇൻഷുറൻസ്, വായ്‌പ്പാ രംഗങ്ങളിലും ആയിരക്കണക്കിന് പേര് ജോലിചെയ്യുനുണ്ട്. അങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ വാഹനവിപണി ഇന്ത്യയിൽ തൊഴിൽ നൽകുന്നത് 3.2 കോടി പേർക്കാണ്. അതായത് നമ്മൾ പറഞ്ഞുവരുന്നത് മൂന്നുകോടിയിൽപരം കുടുംബങ്ങളുടെ കാര്യമാണ്.
വാഹനവിപണിയിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 8.3 ലക്ഷം കോടി രൂപയാണ്. അത്രയ്ക്ക് വലിയ സംഖ്യ സങ്കല്പിക്കാൻ പ്രയാസമുണ്ടെങ്കിൽ, വേറൊരു ഉദാഹരണം പറയാം. 830 തവണ ചന്ദ്രയാൻ 2 വിക്ഷേപണം നടത്താനുള്ള പണമുണ്ടത്.ഇന്ത്യ തന്നെ വലിയൊരു വാഹനവിപണിയാണ്. അതിനു പുറമെ പല വിദേശരാജ്യങ്ങളിലേക്കും നമ്മുടെ നാട്ടിൽ നിർമിക്കപ്പെടുന്ന വാഹനങ്ങൾ കയറ്റിയയക്കപ്പെടുന്നുണ്ട്. ഇന്ത്യൻ നിർമ്മാണ രംഗത്തിന്റെ ഏതാണ്ട് നാലിലൊന്നുവരും വാഹനനിർമ്മാണം. അതുകൊണ്ടുതന്നെ, വാഹന വിപണിക്ക് വരുന്ന ഏതൊരു മാന്ദ്യവും ഇന്ത്യൻ സാമ്പത്തിക വിപണിയെ മൊത്തത്തിൽ പിടിച്ചു കുലുക്കും.
അതുമാത്രമല്ല കാര്യം. ഇന്ത്യയിലെ ശരാശരി മിഡിൽ ക്ലാസ്സ് യുവാവിനോട് ഒരൊറ്റ ചോദ്യം ചോദിച്ചാൽ മതി. എല്ലാം വ്യക്തമാകും. " എന്നാണ് നിങ്ങൾ നിങ്ങളുടെ വാഹനം വാങ്ങിച്ചത്..? " ഒരു വ്യക്തി, അല്ലെങ്കിൽ ഒരു കുടുംബം ഒരു ബൈക്കോ കാറോ ഒക്കെ വാങ്ങിക്കുന്നത് സ്വന്തം ജീവിതത്തിൽ സാമാന്യം അഭിവൃദ്ധിയുണ്ടാകുമ്പോഴാണ്. മറ്റുള്ള പ്രാഥമികമായ ആവശ്യങ്ങളൊക്കെ നിറവേറ്റപ്പെട്ട ശേഷമാണ്. വയറുനിറയെ തിന്നാൻ കിട്ടിയശേഷമാണ്. തിരിച്ചൊന്നാലോചിച്ചാലോ..? ഇന്ത്യയിൽ കാറുകളുടെയും, ബൈക്കുകളുടെയുമൊക്കെ വില്പന ഇടിഞ്ഞു എന്ന് പറഞ്ഞാൽ അതിന്റെ അർഥം ജനങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി ക്ഷയിച്ചു എന്നാണ്. അവരുടെ പ്രാഥമികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല എന്നാണ്. അവർക്ക് എല്ലുമുറിയെ പണിയെടുത്തിട്ടും പല്ലുമുറിയെ തിന്നാൻ കിട്ടുന്നില്ല എന്നാണ്. അവരുടെ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റുന്നുണ്ട് എന്നാണ്.
വാഹനവിപണിക്കിതെന്തു പറ്റി..?
എന്തുപറ്റിയില്ല എന്നാണ് ചോദിക്കേണ്ടത്.. ? സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്വറേഴ്സ് (SIAM)ന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റുവരെ 8 ശതമാനത്തിന്റെ കുറവാണ് ഇന്ത്യൻ വാഹന വിപണി രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി ഇത് എട്ടാമത്തെ മാസമാണ് സ്വകാര്യവാഹനങ്ങളുടെ വില്പനയിൽ ഇടിവ് വന്നിരിക്കുന്നത്. ജൂലൈ മാസത്തെ വില്പനയിടിവ് 30.9 ശതമാനമാണ്. കമേഴ്‌സ്യൽ വാഹനങ്ങളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. 300-ലധികം ഡീലർഷിപ്പുകൾ അടച്ചുപൂട്ടേണ്ടി വന്നു. വാഹനങ്ങളും സ്പെയർ പാർട്ടുകളും ഷോറൂമുകളിലും അലമാരകളിലും വിറ്റുപോകാതെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞവർഷം വരേക്കും ബുക്കുചെയ്താൽ ഡെലിവറി ചെയ്യാൻ നാലും അഞ്ചും മാസം വരെ കാലതാമസം ഉണ്ടായിരുന്ന വണ്ടികൾ ഇന്ന് ബുക്ക് ചെയ്ത അന്നുതന്നെ വേണമെങ്കിൽ കിട്ടുമെന്ന അവസ്ഥയാണ്. നേരിൽ തന്നെ 15000-ലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഓട്ടോമോട്ടീവ് കമ്പോണന്റ്സ് അസോസിയേഷൻ( ACMA) പറയുന്നത്, ഈ പ്രതിസന്ധി സമയസമയത്ത് ഇടപെടൽ നടന്നു പരിഹരിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ ഇനിയും നഷ്ടമാകാൻ പോകുന്നത് പത്തുലക്ഷത്തിലധികം ജോലികളാണ്. അതായത്, വാഹന വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്കും തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വരുമെന്നർത്ഥം.
അതിനിപ്പോൾ എന്താണ് പെട്ടെന്നിങ്ങനെ..?
ഒരു കാരണം ബാങ്കിങ്ങ് സെക്ടർ ആണ്. വാഹനവിപണിയുടെ ഒരു പ്രധാനഭാഗം ഇരുചക്ര വാഹനങ്ങളാണ്. ആളുകൾ ഇരുചക്രവാഹനങ്ങൾ പലപ്പോഴും വാങ്ങുന്നത് ലോണെടുത്തുമാണ്. ഇത്തരത്തിലുള്ള ചെറിയ ലോണുകൾ കൊടുത്തിരുന്ന കമ്പനികൾ അഥവാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കൽ വായ്പ നൽകാൻ വേണ്ട കരുതൽ ധനമില്ലാതെ പോയത് വിനയായി. ഇളവുകളോടെ നിരവധിപേർക്ക് വായ്‌പകൾ അനുവദിച്ചുകൊണ്ടിരുന്ന അവർക്ക് ഈ വർഷം അതേ ലാഘവത്തോടെ അത് നൽകാനായില്ല.. അതുകൊണ്ടുതന്നെ പലർക്കും തങ്ങളാഗ്രഹിച്ച ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കാനും സാധിച്ചില്ല.
രണ്ടാമത്തെ കാരണം, മലിനീകരണത്തെ സംബന്ധിച്ചുള്ള സർക്കാരിന്റെ നയമാറ്റമാണ്. 2020 ഏപ്രിൽ മുതൽ പരിസ്ഥിതീകരണവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ സർക്കാർ ഇനിയും കടുപ്പിക്കാൻ പോവുകയാണ്. ഭാരത് സ്റ്റേജ് 6 -മായി ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പിൽ വരുത്താൻ കമ്പനികളോട് ആവശ്യപ്പെട്ടതോടെ അവർക്ക് പല പുതിയ മോഡലുകളും റദ്ദാക്കേണ്ടി വന്നു. അത് അവർക്ക് കടുത്ത സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കി. അതുമാത്രമല്ല, മറ്റുള്ള വ്യാപാര മേഖലകളിലെ നഷ്ടം നിമിത്തം വാഹനങ്ങൾ റെഡി ക്യാഷ് നൽകി വാങ്ങിയിരുന്നവർക്ക് ഇക്കൊല്ലം അതിനുള്ള മൂലധനമില്ലാതെ പോയതും വാഹനവില്പന കുറയാനുള്ള മറ്റൊരു കാരണമാണ്.
ഇനിയിപ്പോൾ എന്തുചെയ്യും..?
എന്താണ് പ്രശ്നമെന്ന് കണ്ടെത്തുന്നതും, അതേപ്പറ്റി ഉപന്യാസമെഴുതുന്നതും പോലെ അത്ര എളുപ്പമല്ല, അതിനുള്ള പരിഹാരം നിര്ദേശിക്കുന്നതും പഴുതടച്ച് നടപ്പിലാക്കുന്നതും. സർക്കാർ മുൻകൈയെടുത്ത് ചില നികുതിയിളവുകൾ നല്കുക, ലോൺ എളുപ്പത്തിൽ ലഭ്യമാക്കാൻ വേണ്ടത് ചെയ്യുക, മറ്റുള്ള മേഖലകൾക്ക് പുത്തൻ ഉണർവുപകരുക എന്നതൊക്കെയാവും ആദ്യം ചെയ്യാവുന്ന ഉപായങ്ങൾ. എന്നാൽ കാര്യമായൊരു മഠം ദൃശ്യമാവണമെങ്കിൽ സമ്പദ് വ്യവസ്ഥ മൊത്തമായി ഒന്നുണരേണ്ടതുണ്ട്. ഉദാരീകരണത്തിനു ശേഷം വിപണിയെ കാര്യമായി ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ഇന്നത്തെ അവസ്ഥയിൽ, സ്വകാര്യമേഖലയിലെ കമ്പനികൾക്ക് അഭ്യുദയമുണ്ടായാൽ മാത്രമേ വിപണിക്ക് ഉണർവുണ്ടാകൂ, അതുവഴി സമ്പദ് വ്യവസ്ഥക്കും മെച്ചമുണ്ടാകൂ. സമ്പദ് വ്യവസ്ഥയിൽ ഇപ്പോൾ നിലവിലുള്ള അനിശ്ചിതത്വം, പുതിയ നിക്ഷേപങ്ങൾക്ക് മടിക്കുന്ന അവസ്ഥ, അത് മാറണം. കൂടുതൽ നിക്ഷേപങ്ങൾ വിപണിയിലേക്ക് വരണം. കൊടുത്താൽ പേർക്ക് ജോലി കിട്ടണം. പണത്തിന്റെ ക്രയവിക്രയങ്ങൾ സജീവമാകണം. സർക്കാരിന്റെ സ്വന്തം നിലയ്ക്ക് നിക്ഷേപങ്ങൾ നടത്തിക്കൊണ്ടുള്ള, നല്ല രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ രക്ഷയുള്ളൂ എന്നർത്ഥം.
ഇനിയെല്ലാം കേന്ദ്രസർക്കാരിന്റെ കയ്യിൽ
നിക്ഷേപങ്ങളുടെ കാര്യം പറയുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് കേന്ദ്ര സർക്കാരിലേക്കും, ധനമന്ത്രി നിർമലാ സീതാരാമനിലേക്കും ആണ്. എന്നാൽ കേന്ദ്രസർക്കാറിന്റെ ഖജനാവിലെ വേണ്ടത്ര പണമില്ല എന്നതാണ് സത്യം. നികുതി വരുമാനത്തിൽ ആകെയുണ്ടായ വർദ്ധനവ് വെറും 1.4 ശതമാനം മാത്രമാണ്. സർക്കാർ തങ്ങളുടെ പക്കലുള്ള ചില കമ്പനികൾ വിറ്റഴിച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. റിസർവ് ബാങ്കിന്റെ കയ്യിലുള്ള കരുതൽ ധനത്തിലും സർക്കാരിന് കണ്ണുണ്ട്. ഇത് രണ്ടും തന്നെ കാലതാമസമുള്ള വഴികളാണ്. 2017-18 കാലത്തെ NSSO റിപ്പോർട്ടുകൾ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ് എന്ന പരാമർശമുണ്ടായിരുന്നു. തൊഴിലില്ലായ്മയിലെ വർധനവും, വാഹനവിപണിയിൽ വില്പനയിടിവും, മറ്റു പല മേഖലകളിലും ദൃശ്യമായിരിക്കുന്ന മന്ദതയും എല്ലാം തന്നെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഒന്നാകെ ആവേശിച്ചിരിക്കുന്ന ഒരു മാന്ദ്യത്തിന്റെ സൂചനയാണ് എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ പലരും അഭിപ്രായപ്പെടുന്നത്.
സർക്കാരുകൾ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടാലും ഇല്ലെങ്കിലും, അതാത് രംഗങ്ങളിലെ വിദഗ്ദ്ധർ സത്യങ്ങൾ തുറന്നെഴുതി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാലുമില്ലെങ്കിലും, സാമ്പത്തികരംഗം അതിനെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പലയിടങ്ങളിലായി പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പലവീടുകളിലെയും അടുപ്പുകൾ പുകയാതെയായിട്ടുണ്ട്. അടിയന്തരമായ എന്തെങ്കിലുമൊരു 'സർജിക്കൽ സ്‌ട്രൈക്കി'ന് വിധേയമാക്കിയില്ലെങ്കിൽ ഒരുപക്ഷേ, ഈ 'രോഗി മരണപ്പെടാൻ പോലും' സാധ്യതയുണ്ട് എന്ന സത്യം വിസ്മരിച്ചുകൂടാ.