വ്യാപാരയുദ്ധം മുതല്‍ എണ്ണവില വരെ; രൂപയുടെ തകര്‍ച്ചയ്ക്കുളള കാരണങ്ങള്‍

By Web Desk  |  First Published Jun 28, 2018, 12:56 PM IST
  • യു.എസ്. - ചൈന വ്യാപാരയുദ്ധം രൂപ തളര്‍ത്തി
  • രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ 
  • 49 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ രേഖപ്പെടുത്തിയത്

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഡോളറിനെതിരായി രൂപ തളരുന്നതിനെ ഏറ്റവും ഗുരുതര അവസ്ഥയെന്നാണ് വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതികരിച്ചത്. ഡോളറിനെതിരായി രൂപയുടെ മൂല്യം 69 ന് മുകളിലേക്ക് ഉയര്‍ന്നു. ഓഹരി വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഡോളറിനെതിരായി രൂപയുടെ മൂല്യം 69.10 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തില്‍ 49 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനിമയത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇപ്പോള്‍ നേരിടുന്നത്.

Latest Videos

undefined

 

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ഉയര്‍ന്നുനില്‍ക്കുന്നതും, യുഎസ് - ചൈന വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് പ്രകടമാക്കന്‍ ഇടയാക്കിയത്. ജൂണ്‍ 19 ശേഷമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന ഏകദിനം മൂല്യത്തകര്‍ച്ചയാണ് ഇന്ന് രൂപയ്ക്കുണ്ടായത്. ജൂണ്‍ 19 ന് 37 പൈസയായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. യുഎസ്- ചൈന വ്യാപാര യുദ്ധം ശക്തമായതോടെ ഓഹരി വിപണിയില്‍ ഡോളറിന് പ്രിയമേറിയിരിക്കുകയാണ്. ഇതോടെ രൂപ വിപണിയില്‍ തളര്‍ന്നു. 

വ്യാപാര യുദ്ധത്തെത്തുടര്‍ന്ന് ചൈനീസ് കറന്‍സിയായ യുവാന്‍ ദുര്‍ബലമായിത്തുടങ്ങി. ഇതോടെ, ആഗോളതലത്തില്‍ ഉയര്‍ന്ന നിരക്കില്‍ വ്യാപാരം തുടര്‍ന്നിരുന്ന മറ്റ് കറന്‍സികളുടെയും നില പരിങ്ങലിലായി. ഇവിടങ്ങളിലെല്ലാം ഡോളര്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ക്രൂഡ് ഓയിലിന്‍റെ നിരക്ക് ആഗോള തലത്തില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചത് ക്രൂഡിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ദ്ധിക്കാനിടയായത് രൂപയ്ക്ക് വിനയായി. 77.25 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രന്‍റ് ക്രൂഡിന്‍റെ ഇന്നത്തെ നിരക്ക്. 

രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിവച്ച മറ്റൊരു പ്രധാന കാരണം യുഎസ്സിന്‍റെ ഇറാന്‍ ആണവ പദ്ധതിയില്‍ നിന്നുളള പിന്‍മാറ്റമാണ്. യു.എസ്. ഇറാന്‍ ആണവ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി "പൂജ്യം" ശതമാനമാക്കാന്‍ ഇന്ത്യ അടക്കമുളള രാജ്യങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ ഇറാനില്‍ നിന്നുളള ക്രൂഡിന്‍റെ കയറ്റുമതിയെ ഈ നിലപാട് പരിങ്ങലിലാക്കി. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുളള കാലത്ത് 18.4 മില്യണ്‍ ടണ്‍ ക്രൂഡാണ് ഇറാന്‍ കയറ്റുമതി ചെയ്തത്. യുഎസ് ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് കയറ്റുമതി വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇത് ആഗോള തലത്തിലുളള ക്രൂഡ് ലഭ്യതയെ പ്രതികൂലമായി ബാധിച്ചു. ഇറാന് എതിരായുളള യുഎസിന്‍റെ ഈ ഭാഗിക ഉപരോധം എണ്ണവില ഉയരുന്നതിലേക്ക് ലോകത്തെ നയിച്ചു. 


 

click me!