ഇന്ത്യന്‍ സാമ്പത്തിക രംഗം അപകടത്തിലേക്കോ? തൊണ്ണൂറുകളിലെ പ്രതിസന്ധി ഓര്‍മ്മപ്പെടുത്തി പോള്‍ ക്രുഗ്മാന്‍

By Web Desk  |  First Published May 26, 2018, 4:09 PM IST
  • 1997 ജൂലൈയില്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത് തായ്‍ലന്‍റിലാണ്
  • 2008 ലെ സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാന ജേതാവാണ് പോള്‍ ക്രുഗ്മാന്‍
  •  2018 മാര്‍ച്ചില്‍  ഇത് സംബന്ധിച്ച സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു

ഇന്ത്യയടക്കമുളള വളരുന്ന വിപണികളെ 90 കളിലെ സാമ്പത്തിക പ്രതിസന്ധി ഓര്‍മ്മപ്പെടുത്തി നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ പോള്‍ ക്രുഗ്മാന്‍റെ ട്വീറ്റ്. 90 കളുടെ ഒടുവിലെ  ഏഷ്യന്‍  സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ അവസ്ഥ ഇന്ത്യയെപ്പോലെയുളള വളരുന്ന സമ്പദ് ഘടനയുളള രാജ്യങ്ങളില്‍ ഉടലെടുക്കാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. 2008 ലെ സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാന ജേതാവായ ക്രുഗ്മാന്‍ വര്‍ഷങ്ങളായി വളരുന്ന സമ്പദ് ഘടനയുളള രാജ്യങ്ങളെപ്പറ്റി പഠനം നടത്തിവരുന്ന വ്യക്തിയാണ്.

1997 ജൂലൈയില്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി തായ്‍ലന്‍റിലാണ് ഉടലെടുത്തത്. വിദേശ നാണയത്തിന്‍റെ കുറവ് പരിഹരിക്കാനായി ഔദ്യോഗിക നാണയമായ ബാത്തിന്‍റെ വിനിമയ നിരക്കില്‍ മാറ്റം വരുത്തിയത് പിന്നീട് തായ്‍ലന്‍റിന്‍റെയും തായ്‍ലന്‍റ് ഉള്‍പ്പെടുന്ന കൂട്ടായ്മയായ ആസിയാനിലെ അംഗരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിരതയെ അട്ടിമറിച്ചു. വിദേശ ബാധ്യത - ജിഡിപി അനുപാതം 180 ശതമാനത്തിനടുത്ത് വരെ ഉയര്‍ന്നു. ഒടുവില്‍ അന്തര്‍ദേശീയ നാണയ നിധിയുടെ സാമ്പത്തിക നയങ്ങളാണ് ആസിയാന്‍ അംഗരാജ്യങ്ങളെയും ഹോങ്കോങ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുത്തിയത്.

Latest Videos

undefined

രാജ്യത്തിന്‍റെ ഔദ്യോഗിക പലിശാ നിരക്കുകള്‍ വളരെ ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നതും ഇന്ത്യയുടെയും ചൈനയുടെയും സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകള്‍ ഉയര്‍ന്ന നിരക്കിലുളള ഇടിവ് വ്യപാരവേളകളില്‍ രേഖപ്പെടുത്തുന്നതും അത്ര ശുഭകരമല്ലന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉയര്‍ന്നുവരുന്ന കോര്‍പ്പറേറ്റ് കടങ്ങള്‍ വളര്‍ന്നുവരുന്ന സമ്പദ് ഘടനകള്‍ക്ക് എന്നും ഭീഷണിയാണ്. ധനകാര്യ സ്ഥാപനങ്ങളടക്കമുളള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തികമായ തളര്‍ച്ച ഇനിയും രൂപ അടക്കമുളള ഇത്തരം രാജ്യങ്ങളുടെ കറന്‍സി മൂല്യം ഇടിയാന്‍ കാരണമാവുമെന്നും കുഗ്മാന്‍ നിരീക്ഷിച്ചു. എന്നാല്‍ ഇത് ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാനുളള സാധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു. 

2018 മാര്‍ച്ചില്‍  ഇത് സംബന്ധിച്ച സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഉല്‍പാദന  രംഗം ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ സകല നിയന്ത്രണങ്ങളും ലംഘിച്ച് മുന്നോട്ട് പോകും. ഇത്തരത്തില്‍ ഉടലെടുക്കുന്ന സാഹചര്യം രാജ്യത്തെ അസ്ഥിരമാക്കും. ജപ്പാന്‍ ഒരിക്കലും ഒരു വന്‍ ശക്തി അല്ല. കാരണം ജപ്പാന്‍റെ തൊഴില്‍ ചെയ്യാന്‍ ശേഷിയുളള മനുഷ്യഗണം കുറഞ്ഞു വരുകയാണ്. ചൈനയുടെയും സ്ഥിതി ഇതിന് തുല്യമാണ്. ഇന്ത്യയ്ക്ക് മാത്രമാണ് ഈ പ്രതിസന്ധിയില്ലാത്ത ഏറ്റവും വലിയ ഏഷ്യന്‍ രാജ്യം. ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ ശേഷിയുളള ജനതയുടെ ശരാശരി മറ്റ് ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഇതിനാല്‍ ഉല്‍പ്പാദന രംഗം വിപുലപ്പെടുത്തി തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഏത് സാമ്പത്തിക പ്രതിസന്ധിയെയും പരിഹരിക്കാം എന്ന് അദ്ദേഹം മാര്‍ച്ചില്‍ ന്യൂസ് 18 ഇവന്‍റില്‍ പരാമര്‍ശിച്ചിരുന്നു. 

ഉല്‍പ്പാദന മേഖലയുടെ ഉണര്‍വ് രാജ്യത്തുണ്ടായാല്‍ രാജ്യത്തിന്‍റെ കോര്‍പ്പറേറ്റ് മേഖലയില്‍ കുമിഞ്ഞുകൂടുന്ന ബാധ്യതകള്‍ കുറയ്ക്കാനാവും. ധനകാര്യസ്ഥാപനങ്ങളുടെ പണം കൈകാര്യ ശേഷിയേയും ഇത് വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദന രംഗത്തിന്‍റെ വളര്‍ച്ച അനുബന്ധ മേഖലളുടെയും വളര്‍ച്ചയാണ്. വ്യവസായിക പുരോഗതിയിലൂടെ കൈവരിക്കുന്ന വളര്‍ച്ച ജിഡിപിയിലും സ്റ്റോക്ക് എക്സ്ചെയ്ഞ്ചുകളിലും ശുഭകരമായ അവസ്ഥ സൃഷ്ടിക്കും 

ക്രുഗ്മാന്‍റെ ഇപ്പോഴത്തെ നിരീക്ഷണം ഉയര്‍ന്നു നില്‍ക്കുന്ന ഡോളര്‍ വിലയില്‍ തളരുന്ന രൂപയുടെ അവസ്ഥയെ കൂടി കണക്കിലെടുത്താണ്. ഇന്ത്യന്‍ സ്റ്റോക്കുകള്‍ ശക്തിപ്പെടുത്തുകയും കോര്‍പ്പറേറ്റ് ബാധ്യത കുറച്ചുനിര്‍ത്തുകയും ചെയ്യുകയെന്നതാണ് മൂല്യത്തകര്‍ച്ചയെ നേരിടാനുളള ഏറ്റവും ഫലപ്രദമായ പ്രതിവിധി. മൂല്യം ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ പരമപ്രധാനമാണ് വളരുന്ന വിപണിയായ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിശ്ചയിക്കുന്ന പലിശാ നിരക്കുകളും നയങ്ങളും. ഇത്തരം നടപടികളില്‍ റിസര്‍വ് ബാങ്കുകള്‍ സജീവമായി ശ്രദ്ധിക്കണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നതിനുളള കാരണങ്ങള്‍ ക്രൂഡിന്‍റെ വിലക്കയറ്റവും, യു.എസ്. ഫെഡറല്‍ റിസര്‍വിന്‍റെ പലിശ വര്‍ദ്ധനയുമാണ്. ഇത് കാരണം ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ധനം രാജ്യത്തിന് വെളിയിലേക്ക് ഒഴുകാന്‍ ഇടയാക്കും.

1997 ലെ തായ്‍ലന്‍റിന് സമാനമായ വിദേശ നാണയ കരുതല്‍ ധനം ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ കുറയാന്‍ ഈ സവിശേഷ സാഹചര്യം  കാരണമയേക്കാമെന്ന  ക്രുഗ്മാന്‍റെ കണ്ടെത്തല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ് കൂടി ഇന്ത്യയ്ക്ക് നല്‍കുന്നു. ക്രുഗ്മാന്‍റെ നിരീക്ഷണങ്ങളും രൂപയുടെ മൂല്യമിടിയുന്നതും സാമ്പത്തികമായി ഇന്ത്യയുടെ അവസ്ഥ മേശമാണെന്ന സൂചനയാണ് നല്‍കുന്നത്. യു.എസ്. ഇക്കണോമിസ്റ്റ് കൂടിയായ ക്രുഗ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ കോളമിസ്റ്റും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര പ്രഫസറാണ്.

click me!