സമരം നീണ്ടാൽ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ.
മുംബൈ : നാസിക്കിൽ സവാളയുടെ മൊത്ത വ്യാപാരം വ്യാപാരികൾ നിർത്തിവെച്ചു. സവാള കയറ്റുമതിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കർഷകരുടെ നടപടി. സമരം നീണ്ടാൽ രാജ്യത്ത് ഉള്ളി ക്ഷാമം രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തൽ.
സവാളയ്ക്ക് കയറ്റുമതി ചുങ്കം കൂട്ടി കേന്ദ്രസർക്കാർ; ഡിസംബർ 31 വരെയാണ് നടപടി
undefined
നാസിക്കിലേത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വ്യാപാര കേന്ദ്രമാണ്. രാജ്യത്തെ 90 ശതമാനം ഉള്ളിയും ഉത്പാദിപ്പിക്കുന്ന നാസിക്കിൽ ഉള്ളി വ്യാപാരം പൂർണമായി നിർത്തിവെക്കുമ്പോൾ വലിയ വിലക്കയറ്റ ഭീഷണിയാണ് കാത്തിരിക്കുന്നത്. മുംബൈയിൽ ഒരു കിലോ ഉള്ളിയ്ക്ക് ചെറുകിട വിപണയിൽ 40 രൂപ വരെയാണ് വില. സെപ്തംബറിൽ വില ഇനിയും കൂടുമെന്നാണ് കണക്ക് കൂട്ടൽ. തക്കാളിയുടെ അനുഭവം മുന്നിൽ കണ്ടാണ് വിലക്കയറ്റം പിടിച്ച് നിർത്താനെന്ന ന്യായത്തിൽ കേന്ദ്രം ഡിസംബർ 31 വരെ 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. എന്നാൽ കർഷകർക്കും വ്യാപാരികൾക്കും അൽപം നേട്ടം കിട്ടുന്ന സമയത്ത് കേന്ദ്രം കാണിക്കുന്നത് അനീതിയെന്നാണ് വ്യാപാരികളുടെ വാദം. തക്കാളിക്ക് വിലകൂടിയപ്പോൾ നാഫെഡ് വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തിയത് പോലെയോ കേന്ദ്രത്തിന്‍റെ കൈവശമുള്ള ബഫർ സ്റ്റോക്ക് വിപണിയിൽ ഇറക്കിയോ ഇടപെടൽ നടത്താമായിരുന്നു എന്നും വ്യാപാരികൾ പറയുന്നു.