ഗള്‍ഫ് രാ‍ജ്യങ്ങളില്‍ വിലക്ക്; കേരളത്തിലെ വാഴകൃഷി തകര്‍ച്ചയില്‍

By Web Desk  |  First Published Jul 8, 2018, 12:32 PM IST
  • കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തില്‍ നിന്നുളള പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും പൂര്‍ണ്ണ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

നിപ്പാ ഭീതിയെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുളള പഴം- പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സംസ്ഥാനത്തിന് വിനയാവുന്നു. ഇറക്കുമതി നിരോധനത്തെത്തുടര്‍ന്ന് ഏറ്റവും പ്രതിസന്ധിയിലായത് കേരളത്തിന്‍റെ വാഴക്കുല വിപണിയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന പഴ വര്‍ഗ്ഗം വാഴപ്പഴമാണ്. ആകെ കയറ്റുമതിയുടെ 80 ശതമാനം വരും ഇത്.

നിപ്പാ ഭീതി കെട്ടടങ്ങിയെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുളള പഴം - പച്ചക്കറിക്കുളള നിരോധനം തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തില്‍ നിന്നുളള പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും പൂര്‍ണ്ണ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎഇ കേരളത്തോട് തുടര്‍ന്ന് വന്നിരുന്ന വിലക്ക് നീക്കിയെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍, ബെഹ്റൈന്‍, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ വിലക്ക് തുടരുകയാണ്. 

Latest Videos

undefined

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയും കയറ്റിവിടുന്നത്. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദിനംപ്രതി 60 ടണ്ണും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 50 ടണ്ണും കോഴിക്കോട് നിന്ന് 15 ടണ്ണുമാണ് ഗള്‍ഫിലേക്ക് കയറ്റുമതി നടക്കുന്നത്. അതായത് ദിനംപ്രതി ശരാശരി 125 ടണ്‍ കയറ്റുമതി ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കുന്നു. ഇതിലൂടെ സംസ്ഥാന ഖജനാവിന് ശരാശരി 1.25 കോടി രൂപ ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നുളള കയറ്റുമതി വിലക്കിനെത്തുടര്‍ന്ന് ഇത് ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ നടപടികള്‍ കേരളത്തിലെ വാഴക്കുല കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 

തമിഴ്നാട്, കര്‍ണ്ണാടക അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുളള വാഴപ്പഴത്തിന്‍റെ കയറ്റുമതിക്ക് കേരളത്തിന് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് വലിയ തോതില്‍ നേട്ടമുണ്ടായിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് നിപ്പാ വൈറസ് ബാധ സ്ഥരീകരിച്ചപ്പോള്‍ മുതല്‍ പഴം- പച്ചക്കറി സാധനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് തുടരുകയാണ്. വിലക്ക് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തിലേറെയായി. ഇനി ഭാവിയില്‍ വിലക്ക് നീക്കിയാല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാന്‍ കേരളം ഏറെ വിയര്‍ക്കേണ്ടി വരും.         

click me!