കഴിഞ്ഞ ബിജെപി സര്‍ക്കാറിന്‍റെ കാലത്താണ് സംസ്ഥാനത്തെ നടുക്കിയ തട്ടിപ്പ് നടന്നത്. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്ത് അനധികൃതമായി വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്.
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള മൂന്ന് സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷണം സിബിഐക്ക് കൈമാറാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. ശ്രീ ഗുരു രാഘവേന്ദ്ര സഹകര ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാർവഭൗമ സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്നിവയിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് സിദ്ധരാമയ്യ സിബിഐക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ അനുമതിയെത്തുടർന്ന്, കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സി.ബി.ഐ.ക്ക് അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ബാങ്കുകളുടെയും ഡയറക്ടർമാർ, ചീഫ് എക്‌സിക്യൂട്ടീവുകൾ, മാനേജ്‌മെന്റ് ബോർഡിലെ സ്റ്റാഫ് അംഗങ്ങൾ എന്നിവരാണ് ആരോപണ വിധേയര്‍.
കഴിഞ്ഞ ബിജെപി സര്‍ക്കാറിന്‍റെ കാലത്താണ് സംസ്ഥാനത്തെ നടുക്കിയ തട്ടിപ്പ് നടന്നത്. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം തട്ടിയെടുത്ത് അനധികൃതമായി വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, അന്വേഷണത്തിന് സിബിഐ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് കര്‍ണാടക സഹകരണ മന്ത്രിയായിരുന്ന എസ് ടി സോമശേഖറും ബിജെപി സര്‍ക്കാറും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. ഗുരു രാഘവേന്ദ്ര ബാങ്കിൽ 1,294 കോടി രൂപയുടെ ക്രമക്കേട് നടന്നതായി അധികൃതർ കണ്ടെത്തി.
ഗുരു സാർവഭൗമ സൊസൈറ്റിക്ക് 284 കോടി രൂപ സാമ്പത്തിക ദുർവിനിയോഗം മൂലം നഷ്ടമായതായും വസിഷ്ഠ സഹകരണ ബാങ്കിൽ 282 കോടി രൂപയുടെ തട്ടിപ്പും നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.