ഇടിയുന്ന രൂപയുടെ മൂല്യവും ഉയരുന്ന ആശങ്കകളും

By Web Desk  |  First Published May 2, 2018, 3:41 PM IST
  • രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നത് രൂപയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു
  • രാജ്യത്ത് പണപ്പെരുപ്പ സാധ്യത
  • കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം സാധനങ്ങളുടെ വില ഉയര്‍ന്നേക്കും
  • ബാങ്കുകളുടെ പലിശ നിരക്കുകളെ മൂല്യത്തകര്‍ച്ച ദോഷമായി ബാധിച്ചേക്കും 

യുഎസ് ഡോളറുമായുളള വിനിമയ നിരക്കില്‍ ആശങ്ക ഉണര്‍ത്തുന്ന രീതിയില്‍ രൂപയുടെ മൂല്യം ഇടിയുന്നു. ഇന്നത്തെ നിരക്കുകളനുസരിച്ച് 66.70 ആണ് ഡോളറിനെതിരായുളള രൂപയുടെ മൂല്യം. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ നാല് പൈസയാണ് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്. രണ്ട് പൊതു അവധി ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രൂപയുടെ മുന്നേറ്റം പലരും പ്രവചിച്ചിരുന്നെങ്കിലും  നേെരെ തിരിച്ചാണ് സംഭവിച്ചത്. 

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് റിക്കോര്‍ഡിലെത്തിയത് 2016 നവംബറിലാണ് അന്ന് ഡോളറിനെതിരായുളള മൂല്യം 68.86 ആയിരുന്നു. കഴിഞ്ഞ ആഴ്ച്ച  രൂപയുടെ മൂല്യം 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 66.90 ലെത്തിയിരുന്നു. പിന്നീട് ചെറിയ മുന്നേറ്റം നടത്തിയെങ്കിലും വീണ്ടും ഇന്ന് മൂല്യം ഇടിയുകയായിരുന്നു.  

Latest Videos

undefined

പ്രധാന കാരണങ്ങള്‍:

രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില നിയന്ത്രണങ്ങളില്ലാതെ ഉയരുന്നത് രൂപയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. എണ്ണ വില ഉയരുന്തോറും ഇന്ത്യന്‍ നാണയത്തിന്‍റെ വിലയിടിവിന് സാധ്യത കൂടിക്കൊണ്ടേയിരിക്കും. ക്രൂഡിന്‍റെ വില ഒരു ഡോളര്‍ വര്‍ദ്ധിച്ചാല്‍ തന്നെ ഇന്ത്യയുടെ ഇറക്കുമതി ചിലവ് 5360 കോടി രൂപ വര്‍ദ്ധിക്കും. എണ്ണ ഉത്പാദന രാജ്യമായ വെനസ്വല ഇന്ത്യയ്ക്ക് കുറഞ്ഞ ചെലവില്‍ എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞെങ്കിലും, ക്രിപ്റ്റോകറന്‍സിയിലൂടെ ഇടപാട് നടത്തണമെന്ന വെനസ്വലയുടെ നിലപാട് ക്രിപ്റ്റോകറന്‍സികളെ നിരോധിച്ചിട്ടുളള ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതകാണുന്നില്ല.  

യുഎസിന്‍റെ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നയമാണ് മറ്റൊരു പ്രധാന പ്രശ്നം. യുഎസ്സിലെ പലിശ വര്‍ദ്ധിപ്പിച്ചാല്‍ കടപ്പത്ര വിപണിയില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും (എഫ്ഐഐ) അവരുടെ ഓഹരികള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കും. ഇത് ഇന്ത്യന്‍ നാണയത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഭീഷണിയാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍:

രൂപയുടെ മൂല്യത്തിലെ ഇടിവ് മുന്നോട്ട് പോയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ അത് ദോഷകരമായി ബാധിക്കും. രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പ സാധ്യത ഉടലെടുക്കാന്‍ സാഹചര്യമൊരുങ്ങും. ഇത് ഏറ്റവും വേഗം ബാധിക്കുക തൊഴില്‍ മേഖലകളെയും ചെറുകിട സംരംഭകരെയുമാവും. കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പെട്രോളിയം സാധനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് എണ്ണവില ഉയരാന്‍ മൂല്യത്തകര്‍ച്ച വഴിവയ്ക്കും. ഇങ്ങനെ സംഭവിച്ചാല്‍ ആവശ്യസാധന വിലവര്‍ധനവിലേക്ക് അത് വഴിതെളിക്കും, സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുമുളള ചരക്ക് ഗതാഗതത്തെ  എണ്ണ വിലവര്‍ദ്ധനവ് താറുമാറാക്കും. കേരളം പോലെയൊരു ഉപഭോക്തൃ സംസ്ഥാനത്തെ ഈ അവസ്ഥ ശ്വസംമുട്ടിച്ചേക്കും. 

വിദേശ നിക്ഷേപം തിരികെ പോയാല്‍ നിക്ഷേപം കൂടുതലായി നടക്കുന്ന സേവന, കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍ മേഖലകളുടെ പുരോഗതി മന്ദഗതിയിലാക്കും. മൂല്യം ഇടിവ് 67 ന് മുകളിലേക്ക് പോയാല്‍ ഇന്ത്യയുടെ ഇറക്കുമതി സംവിധാനങ്ങളെയും അതിലൂടെ ജനജീവിതത്തെയും സാരമായി ബാധിച്ചേക്കാം. വിലയിടിവിനോട് ഇതുവരെ ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. ആര്‍ബിഐ രംഗം നിരീക്ഷിക്കുകയാണെന്ന് വേണം കരുതാന്‍. ഒരു പക്ഷേ മൂല്യം 67 ലേക്ക് വീണ്ടും എത്തുന്നതായി തോന്നിയാല്‍ ആര്‍ബിഐ ശക്തമായി വിപണിയില്‍ ഇടപെട്ടേക്കും.

മൂല്യത്തകര്‍ച്ചയെ പിടിച്ചുനിറുത്താന്‍ തങ്ങളുടെ വായ്പ നയത്തില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തുനിഞ്ഞാല്‍ നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കാനും വായ്പകള്‍ക്ക് പലിശ വര്‍ദ്ധിപ്പിക്കാനും ബാങ്കുകള്‍ക്ക് അത് പ്രേരണനല്‍കും. ഈ അവസ്ഥ നോട്ട് നിരോധനത്തിന് ശേഷം ഉയര്‍ന്നുവരുന്ന സാമൂഹിക സാമ്പത്തിക പുരോഗതിയെ പിടിച്ചുനിറുത്തിയേക്കാം. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റിക്കോര്‍ഡ് നിലവാരത്തിലാണെന്നത് രാജ്യത്തിനും ആര്‍ബിഐക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. എങ്കിലും നാണയപ്പെരുപ്പമെന്ന അവസ്ഥ രാജ്യത്ത് ഉടലെടുത്താല്‍ പ്രശ്ന പരിഹാരം സുഗമമാവില്ല. ഇപ്പോള്‍ തന്നെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സി എന്ന നാണക്കേട് ഇന്ത്യന്‍ രൂപയ്ക്കുണ്ട്.   

click me!