ദില്ലി: ഡിജിറ്റല്‍ ലോകത്തുനിന്നു വരുമാനം കണ്ടെത്തുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഗൂഗിള്‍ ടാക്സ് ഇന്നലെ മുതല്‍ ഈടാക്കിത്തുടങ്ങി. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവ വഴിയുള്ള പരസ്യങ്ങള്‍ക്ക് ഇനി മുതല്‍ നികുതി നല്‍കേണ്ടിവരും. ഗൂഗിളും ഫേസ്ബുക്കും ഇന്ത്യയില്‍ വിരിച്ചിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തില്‍നിന്നു പണം കണ്ടെത്തുന്നതിനാണു കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയത്.
ഒരു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയോ അതിനു മേലോ ഉള്ള തുക പരസ്യത്തിനു ചെലവാക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി മുതല്‍ ആറു ശതമാനം നികുതി നല്‍കണം. 2016ലെ ഫിനാന്‍സ് ബില്ലില്‍ ഇക്കാര്യം വ്യവസ്ഥചെയ്യുന്നുണ്ട്. ഡിജിറ്റല്‍ കണ്ടന്റുകള്‍, സിനിമ, സോഫ്റ്റ്‌വെയര്‍ എന്നിവയുടെ ഡൗണ്‍ലോഡിങ്ങിനും ഈ നികുതി ബാധകമാണ്. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവ വഴി പരസ്യം നല്‍കുന്ന ഇടപാടുകാര്‍ക്കാകും പുതിയ നികുതി ബാധ്യതവരുത്തിവയ്ക്കുക.
പുതിയ നികുതി ഫലത്തില്‍ രാജ്യത്തെ ചെറുകിട ബിസിനസുകാരെയാകും ബാധിക്കുകയെന്നാണു വിലയിരുത്തല്‍. നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗൂഗിളും ഫേസ്ബുക്കും അവരുടെ പരസ്യ താരിഫ് വര്‍ധിപ്പിക്കും.