ബിറ്റ്കോയിന്‍ ഉള്‍പ്പടെയുളള ക്രിപ്റ്റോകറന്‍സികളെ പടിക്കുപുറത്താക്കി ട്വിറ്റര്‍

By Web desk  |  First Published Mar 19, 2018, 12:39 PM IST
  • ഗൂഗിളില്‍ നിന്നും ഫെയ്സ്ബുക്കില്‍ നിന്നും വ്യത്യസ്തമായി ക്രിപ്റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന ട്വീറ്റുകളും ട്വിറ്റര്‍ നിരീക്ഷിക്കും
  • നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ ട്വിറ്ററില്‍ പ്രതിഫലിക്കും

സാന്‍ഫ്രാന്‍സിസ്കോ: ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തി. ഗൂഗിളില്‍ നിന്നും ഫെയ്സ്ബുക്കില്‍ നിന്നും വ്യത്യസ്തമായി ക്രിപ്റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന ട്വീറ്റുകളും ഇനി ട്വിറ്റര്‍ നിരീക്ഷിക്കും. അവയ്ക്ക് എതിരായി ഉചിതമായ നടപടിയും സ്വീകരിക്കും. 

നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ ട്വിറ്ററില്‍ പ്രതിഫലിക്കും. ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്, ക്രിപ്റ്റോ കറന്‍സിയുടെ ടോക്കണ്‍ വില്‍പ്പനകള്‍, ക്രിപ്റ്റോ കറന്‍സി വാലറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളുടെ ട്വിറ്ററിലെ പ്രവര്‍ത്തനങ്ങളിലും ഇനി പിടിവീഴും. ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റുകള്‍ പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റു ചെയ്യപ്പെടുന്നത്. ഇതിനു വേണ്ടി ആക്റ്റീവായി പ്രവര്‍ത്തിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ട്വിറ്റര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 

Latest Videos

undefined

ലോകത്ത ഒരു രാജ്യത്തിന്‍റെയും അംഗീകാരമില്ലാത്ത കറന്‍സിയായ ബിറ്റ്കോയിനെപ്പോലെയുളള ക്രിപ്റ്റോകറന്‍സികളുടെ ദിവസേനയെന്നവണ്ണം വര്‍ദ്ധിക്കുന്ന പ്രചാരം ആഗോളസമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി വളരുകയാണ്. കൃത്യമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ പലപ്പോഴും മൂല്യം പലമടങ്ങ് വര്‍ദ്ധിക്കുകയും ആളുകള്‍ രഹസ്യമായി ബിറ്റ്കോയിനില്‍ നിക്ഷേപിക്കുകയും ചെയ്തു വരുന്നത് സമാന്തര സമ്പത്ത് വ്യവസ്ഥയുടെ ഉദയത്തിനും കാരണമാകുന്നു. 

ഭീകരവാദം, അഴിമതി തുടങ്ങിയവയ്ക്കായുളള കറന്‍സി കൈമാറ്റ സംവിധാനമായും ക്രിപ്റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യങ്ങളുടെ സുരക്ഷയ്ക്കുപോലും വലിയ ഭീഷണിയാണ്. വാനാക്രൈ പോലെയുളള സൈബര്‍ ആക്രമണങ്ങളിലൂടെ കൈക്കലാക്കുന്ന വിവരങ്ങള്‍ തിരികെ ലഭിക്കാന്‍ ബിറ്റ്കോയിനിലൂടെയായിരുന്നു കൈമാറ്റങ്ങള്‍ നടന്നത്. ഇന്ത്യ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്റ്റോകറന്‍സി ഇടപാടുകളും ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. 

click me!