ഒരു പെണ്‍വാണിഭ സംഘത്തെ റെയ്ഡ് ചെയ്യുന്ന കെട്ടിടത്തില്‍ ആണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാരായ പുരുഷാരത്തിനും ഇടയില്‍ പെട്ടുപോയ നിമിഷങ്ങളാണ് ഓര്‍മ്മ വരുന്നത്. നാട്ടുകാരുടെ മൊബൈല്‍ ക്യാമറകള്‍ സൂം ചെയ്‌തെടുക്കുന്നത് എന്റെ ശരീരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് തന്നെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ്. എത്ര പെട്ടെന്നാണ് നാട്ടുകാര്‍ എന്നെ വായിച്ചെടുത്തത്!
ഏത് സംഘര്‍ഷാവസ്ഥയിലേക്കും മൈക്കും ക്യാമറയും മറ്റ് ഉപകരണങ്ങളുമെല്ലാം താങ്ങി, മറ്റൊന്നുമോര്‍ക്കാതെയിറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അതുതന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവുമധികം കേള്‍ക്കുന്ന പഴിയും. ഒന്നുമോര്‍ക്കാതെ എല്ലായിടത്തും ഇടിച്ചുകയറുന്നവര്‍. അതാണ് ഞങ്ങളുടെ തൊഴില്‍. ആ തൊഴിലിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് 'നോ'കളില്ല. 'സാധ്യമല്ല'കളില്ല. നടക്കും, അല്ലെങ്കില്‍ നടത്തണം. കാരണം വാര്‍ത്തകള്‍ തേടലും, അത് യഥാസമയം ജനങ്ങളിലേക്കെത്തിക്കലുമാണ് ഞങ്ങളുടെ ജോലി. അതിന് ഞങ്ങള്‍ തയ്യാറല്ലെങ്കില്‍ ഞങ്ങള്‍ക്ക് മറ്റ് തൊഴിലുകള്‍ തേടാം. അതല്ലാത്ത പക്ഷം മറ്റൊന്നുമോര്‍ക്കാതെ ഒഴുക്കിലേക്ക് ഇറങ്ങുകയേ നിവൃത്തിയുള്ളൂ.
ഇതേ പശ്ചാത്തലമാണ് പമ്പയിലും നിലയ്ക്കലിലും രണ്ട് ദിവസങ്ങളായി അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളത്. അത് അവരുടെ തൊഴിലാണ്. സുപ്രീംകോടതിയുടെ ചരിത്രവിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് വാര്‍ത്താ മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ്. ഇത്രയും രൂക്ഷമായ ഒരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തരുടെ സാന്നിധ്യം അനിവാര്യമല്ലേ? അത് വനിതകളായതാണോ ഇത്രയും പ്രകോപനങ്ങള്‍ക്ക് കാരണമായത്?! അപ്പോള്‍ പിന്നെ സുപ്രീംകോടതി വിധിയുടെ പ്രസക്തിയെന്താണ്?
Latest Videos
undefined
ആളിനില്‍ക്കുന്ന ഒരാള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ഐഡി കാര്‍ഡുയര്‍ത്തി തന്റെ ഐഡന്റിറ്റിയെ ഉറപ്പിക്കേണ്ടി വരുന്ന ഏറ്റവും ദാരുണമായ സാഹചര്യത്തെയാണ് അവര്‍ നേരിടുന്നത്
ഇനി ഏത് സാഹചര്യത്തിലും ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറുന്നത് ചട്ടവിരുദ്ധമാണെന്നാണ് മനസ്സിലാക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും മാറ്റിവയ്ക്കാം, ഒരു വ്യക്തിയുടെ ശരീരത്തിന്റെ പേരില്‍ ആ വ്യക്തിയെ അപമാനിക്കാനോ കയ്യേറ്റം ചെയ്യാനോ എന്ത് അധികാരമാണ് മറ്റൊരു വ്യക്തിക്കുള്ളത്. ആരെയും എപ്പോള്‍ വേണമെങ്കിലും കൈ വയ്ക്കാമെന്ന 'സര്‍വ സ്വതന്ത്രമായ' തോന്നല്‍ എവിടെ നിന്നാണ് കിട്ടുന്നത്.
സ്ത്രീയായത് കൊണ്ടുമാത്രം നേരിടുന്ന ആയിരത്തിയൊന്ന് പ്രശ്‌നങ്ങളെയും നിത്യേന അഭിസംബോധന ചെയ്യുന്നവരാണ് ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ട് മാത്രം പുരുഷ മാധ്യമപ്രവര്‍ത്തകരെക്കാളും ഇരട്ടിയിലധികം സമ്മര്‍ദ്ദമാണ് അവര്‍ നേരിടുന്നത്. ആളിനില്‍ക്കുന്ന ഒരാള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ഐഡി കാര്‍ഡുയര്‍ത്തി തന്റെ ഐഡന്റിറ്റിയെ ഉറപ്പിക്കേണ്ടി വരുന്ന ഏറ്റവും ദാരുണമായ സാഹചര്യത്തെയാണ് അവര്‍ നേരിടുന്നത്.
ഒരു പെണ്‍വാണിഭ സംഘത്തെ റെയ്ഡ് ചെയ്യുന്ന കെട്ടിടത്തില്‍ ആണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാരായ പുരുഷാരത്തിനും ഇടയില്‍ പെട്ടുപോയ നിമിഷങ്ങളാണ് ഓര്‍മ്മ വരുന്നത്. നാട്ടുകാരുടെ മൊബൈല്‍ ക്യാമറകള്‍ സൂം ചെയ്‌തെടുക്കുന്നത് എന്റെ ശരീരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് തന്നെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ്. എത്ര പെട്ടെന്നാണ് നാട്ടുകാര്‍ എന്നെ വായിച്ചെടുത്തത്! ഞാനാണ് പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയെന്ന് സൂചിപ്പിക്കുന്ന എന്താണ് അവര്‍ എന്നില്‍ നിന്ന് കണ്ടെടുത്തത്, എന്റെ ശരീരം മാത്രം. അല്ലേ!
ഇതേ വൈകാരിക സമീപനമാണ് ശബരിമലയില്‍ ഭക്തരാണെന്ന് സ്വയം പരിചയപ്പെടുത്തിയ പുരുഷാരം വനിതാ മാധ്യമപ്രവര്‍ത്തകരോട് പുലര്‍ത്തിയതും. ഇത്തരത്തില്‍ അതിക്രമത്തിനിരയായ ആറ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങളിലൂടെ ഒരിക്കല്‍ കൂടി പോകാം.
സരിത.എസ്.ബാലന്‍
ന്യൂസ് മിനുറ്റ്‌സ് ലേഖിക സരിത.എസ്.ബാലന്‍ കെ.എസ് ആര്‍.ടി.സി ബസ്സിനകത്ത് വച്ചാണ് അതിക്രമത്തിനിരയായത്. ഇരുപതിലധികം പേര്‍ ചേര്‍ന്നാണ് സരിതയെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
ജോലിയുടെ ആവശ്യത്തിനായി എത്തിയതാണെന്നും അമ്പലത്തില്‍ കയറാന്‍ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടും അവര്‍ സരിതയെ വെറുതെ വിട്ടില്ല. പൊലീസ് എത്തിയാണ് ഒടുവില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് സരിതയെ രക്ഷപ്പെടുത്തിയത്.
പൂജ പ്രസന്ന
റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന, തന്റെ ടീമിനൊപ്പം കാറില്‍ പമ്പയിലേക്ക് തിരിക്കവേയാണ് തടഞ്ഞുനിര്‍ത്തി അതിക്രമിക്കപ്പെട്ടത്. ഇവരെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, ന്യൂസ് സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളും വാഹനവും ഇവര്‍ നശിപ്പിച്ചു.
പൂജയ്‌ക്കെതിരായ ആക്രമണത്തിന്റെ വീഡിയോ റിപ്പബ്ലിക് ടിവിയുള്‍പ്പെടെയുള്ള ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
രാധിക രാമസ്വാമി
സിഎന്‍എന് ന്യൂസ് 18ന് വേണ്ടിയാണ് രാധിക രാമസ്വാമി പമ്പയിലെത്തിയത്. കാറിനകത്ത് വച്ച് തന്നെയാണ് ഇവരെയും പ്രതിഷേധക്കാര്‍ തടഞ്ഞത്. ഈ സംഭവത്തിന്റെ വീഡിയോയും വൈകാതെ പുറത്തുവന്നിരുന്നു.
A glimpse of how we were heckled by a mob in Nilakkal pic.twitter.com/M00f9fMBcB
— Radhika Ramaswamy (@radhika1705)സ്‌നേഹ കോശി
എന്‍ഡിടിവി റിപ്പോര്‍ട്ടറാണ് സ്‌നേഹ കോശി. ചാനലിന് വേണ്ടി ലൈവായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെയാണ് ഒരു പറ്റം പ്രതിഷേധക്കാര്‍ ഇവരെ വളഞ്ഞിട്ട് കൂവിയതും, അസഭ്യം വിളിച്ചതും.
മോസമി സിംഗ്
ഇന്ത്യാ ടുഡെ പ്രത്യേക റിപ്പോര്‍ട്ടറായ മോസമി സിംഗിനെതിരെ വലിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ആന്ധ്രയില്‍ നിന്നുള്ള ഒരു ഭക്തയെ മല ചവിട്ടാന്‍ അനുവദിക്കാതെ തിരിച്ചുവിട്ടതിനെ തുടര്‍ന്ന്, അവരോടൊപ്പം ബസ്സിനകത്ത് നിന്ന് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മോസമി സിംഗ്. ബസ്സിനകത്ത് വച്ചുതന്നെ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
സുഹാസിനി രാജ്
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറായ സുഹാസിനി രാജിനെ മരക്കൂട്ടത്തിന് താഴെ വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. അസഭ്യവും കയ്യേറ്റവും സഹിക്കാതായപ്പോള്‍ അവര്‍ തിരിച്ചിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവരില്‍ ഓരോരുത്തരുടെ അനുഭവങ്ങളിലൂടെയും വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ കേള്‍ക്കുന്നത്, ഒരു വലിയ പുരുഷാരത്തിന്റെ കൂവലാണ്. എന്തിനാണ് ഒരു സ്ത്രീയെ നോക്കി ഇവര്‍ കൂവുന്നത്? എത്രമാത്രം അപമാനകരവും, അപരവത്കരിക്കുന്നതുമായ പെരുമാറ്റമാണത്. എതിര്‍ നില്‍ക്കുന്നത് സ്ത്രീയാണെങ്കില്‍ ലിംഗം കൊണ്ടെതിര്‍ക്കാമെന്ന മനോവ്യവഹാരം എത്ര ദയനീയമാണ്. ശരീരത്തെ മാത്രം അഭിസംബോധന ചെയ്ത്, ശരീരത്തിലേക്ക് മാത്രം നീളുന്ന കൊളുത്തുകള്‍ പോലെ അസഭ്യങ്ങള്‍ തുപ്പി, തൊടാന്‍ ആയും പോലെ കൈകള്‍ നീട്ടി, ആട്ടിപ്പായിച്ച്...
സ്ത്രീകളോടുള്ള അയിത്തം സ്ത്രീകളെക്കൊണ്ട് തന്നെ പറയിക്കാനായിരുന്നു ശബരിമല പ്രതിഷേധക്കാരുടെ ആദ്യ തന്ത്രം. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ അവരുടെ തനിനിറം വെളിപ്പെട്ടു. ഓരോ പുരുഷനും ഉണര്‍ന്നു. എങ്ങനെയാണ് സ്ത്രീയെ അപമാനിക്കേണ്ടതെന്ന് അവര്‍ക്ക് ജന്മനാ അറിയാം. പിറവിക്ക് മുമ്പേ രക്തത്തില്‍ ലയിച്ചുപോകുന്ന പാരമ്പര്യത്തിന്റെ അംശങ്ങളാണത്. വളര്‍ച്ചയിലും, പാകതയിലുമെത്തുമ്പോള്‍ അവ കളയണോ കൊള്ളണോ എന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. അതിനുള്ള രാഷ്ട്രീയ സമ്പത്തൊക്കെ ഇപ്പോഴും ഇന്ത്യക്കുണ്ട്. അതുകൊണ്ടാണല്ലോ സ്ത്രീകള്‍ മല ചവിട്ടണമെന്ന് കോടതി വിധിച്ചപ്പോള്‍ ലിംഗവ്യത്യാസമില്ലാതെ ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കയ്യടിച്ചത്.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ജോലിയെടുത്ത് ജീവിക്കാനുള്ള അവകാശത്തെയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അത് ആരുടെയും ഔദാര്യമല്ല. നോക്കൂ... നിങ്ങള്‍ നേരത്തേ കണ്ട വനിതാ മാധ്യമപ്രവര്‍ത്തകരെല്ലാം ഇപ്പോഴും അവരുടെ ജോലികളില്‍ സജീവമാണ്. അവര്‍ സന്തോഷവതികളാണ്. അവര്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് അന്തര്‍ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന സംഭവത്തിനിടെ, ഇതാണ് ഞങ്ങളുടെ സംസ്‌കാരമെന്ന് വിളിച്ചുപറഞ്ഞ് മുണ്ട് പൊക്കിക്കാണിക്കുന്നവര്‍ക്ക് മാത്രമാണ് നഷ്ടം. ആശയപരമായ ആ നഷ്ടത്തെ തിരിച്ചറിയാനും വേണം ഒരു കുറഞ്ഞ നിലവാരം.