ഏഷ്യയിലെ ഏറ്റവും വേഗതയുള്ള ചിത്രകാരൻ, വിലാസ് നായക്; എളുപ്പമല്ലാത്ത ആ യാത്ര ഇങ്ങനെ

By Web Team  |  First Published Feb 5, 2020, 1:48 PM IST

14 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ അദ്ദേഹത്തിന് 15 മിനിട്ടു കൊണ്ട് വരച്ചിരുന്നു ഛായാചിത്രം വെറും 2.3 മിനിറ്റിൽ  പൂർത്തിയാക്കാൻ സാധിച്ചു.


സംഗീതത്തിന്റെ അകമ്പടിയോടെ പുതിയ വരകളും നിറങ്ങളും വെള്ള ക്യാൻവാസിൽ തെളിയുന്നു... എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകർ തിരിച്ചറിയും മുന്നേ ഞൊടിയിടയിൽ ഏറ്റവും മനോഹരമായ ഒരു ഛായാചിത്രം അദ്ദേഹം പൂർത്തിയാക്കുന്നു. അതാണ് വിലാസ് നായക്! ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു, യാതൊരു മുൻപരിചയവുമില്ലാതെ, ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ചിത്രകാരനായി മാറി അദ്ദേഹം. ഒരുപാട് പേർക്ക് പ്രചോദനമായി, ചിത്രകലയിൽ സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ച ഇന്ത്യയുടെ അഭിമാനമാണ് വിലാസ് നായക്.

ദക്ഷിണ കന്നഡ ജില്ലയിലെ ഉജിരെ എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്.  ചെറുപ്പത്തിൽ അദ്ദേഹത്തിന് ചിത്രരചന പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. "എന്റെ വീട്ടിൽ ടി വി പോലും ഉണ്ടായിരുന്നില്ല. പക്ഷേ, അതൊന്നും എനിക്ക് ഒരു തടസ്സമായിരുന്നില്ല. ഞാൻ സ്വയം പഠിക്കാൻ ആരംഭിച്ചു. പതുക്കെ ഞാൻ വിവിധ ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഒരാൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ആരും ഇല്ലാത്തതിന്റെ പേരിൽ ഇഷ്ടപ്പെട്ട കാര്യം ഉപേക്ഷിക്കേണ്ട ആവശ്യം ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല" വിലാസ് പറഞ്ഞു.  അദ്ദേഹത്തിന്റെ ഈ അഭിനിവേശത്തോടൊപ്പം അദ്ദേഹം വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോയി. മിക്ക മാതാപിതാക്കൾക്കും ഉള്ളൊരു പേടിയാണ് മറ്റ് കലകളിൽ ഏർപ്പെട്ടാൽ പിന്നെ കുട്ടികൾ നന്നായി പഠിക്കില്ലെന്നത്. എന്നാൽ, വിലാസ് പഠിപ്പിലും മിടുക്കനായിരുന്നു.  എല്ലാ വിദ്യാർത്ഥികൾക്കും ഒരു മാതൃകയായിരുന്നു വിലാസ്. ബാച്ചിലർ ഡിഗ്രിക്ക് മംഗലാപുരം യൂണിവേഴ്‌സിറ്റിയിൽ ഏഴാം റാങ്കും, ബിരുദാനന്തര ബിരുദത്തിന് മൈസൂർ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്കും നേടിയ വിലാസ്, കലയെ മികച്ച രീതിയിൽ പഠിക്കാനുള്ള ഒരു പ്രോത്സാഹനമായിട്ടാണ് വിദ്യാഭ്യാസത്തെ കണ്ടത്.

Latest Videos

undefined

മൈസൂരിൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിലാസ് ഒരു കമ്പനിയിൽ ജോലിക്ക് കയറി. ആറ് വർഷത്തോളം എച്ച്ആർ ഓഫീസറായി ഔദ്യോഗിക ജീവിതം നയിച്ചു. അപ്പോഴാണ് ചിത്രരചനയെ പിന്തുടരാൻ വിലാസിന് ആഗ്രഹം തോന്നിയത്. അതിനുശേഷമുള്ള ഓരോ ദിവസവും ജോലി കഴിഞ്ഞു വീട്ടിലെത്തിയ അദ്ദേഹം രാത്രി വളരെ വൈകുംവരെ ചിത്രരചന പരിശീലിക്കാൻ തുടങ്ങി. “തിരക്കേറിയ ഈ യാത്ര ഞാൻ ആസ്വദിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു. ഒരു വർഷത്തെ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾക്കും, അധ്വാനത്തിനും ഫലം കാണാൻ തുടങ്ങി. ഒരു വർഷത്തിനകം "India  Got Talent" എന്ന റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിൽ പ്രവേശിക്കാൻ അദ്ദേഹത്തിനായി.

ജോലിയും ചിത്രരചനയും ഒരുമിച്ചുകൊണ്ടുപോകാൻ എളുപ്പമായിരുന്നില്ല. ഒരുപാട് ത്യാഗങ്ങൾ വേണ്ടിവന്നു അദ്ദേഹത്തിന് ഇത് മുന്നോട്ടു കൊണ്ട് പോകാൻ. ക്യാൻവാസ് ബോർഡുകളിലും പെയിന്റുകളിലും ധാരാളം പണം ചെലവഴിച്ചു. റിയാലിറ്റി ഷോയ്ക്ക് ശേഷവും പലയിടത്തും പ്രകടനം നടത്താൻ വിലാസിന് ക്ഷണം വന്നു. തുടർന്ന് മലേഷ്യ, സിംഗപ്പൂർ, റഷ്യ തുടങ്ങി നിരവധി സ്ഥലങ്ങളിൽ തന്റെ വരകൾ അവതരിപ്പിക്കാൻ വിലാസ് യാത്ര ആരംഭിച്ചു.

ഒടുവിൽ തന്റെ ജീവിതം ഇതാണെന്ന് തിരിച്ചറിഞ്ഞ വിലാസ് ജോലി ഉപേക്ഷിച്ചു. ഒരു മുഴുവൻ സമയ തൊഴിലായി സ്പീഡ് പെയിന്റിംഗ് ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, ഇത് അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഒന്നായിരുന്നു ഇത്. "ഒരു സ്പീഡ് ചിത്രകാരനാകുമ്പോഴുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി, നിങ്ങൾക്ക് ഒരിക്കലും തെറ്റുകൾ വരുത്താൻ സാധിക്കില്ല എന്നതാണ്. കാരണം ഒരിക്കൽ ചെയ്താൽ പിന്നെ അത് മായ്‌ക്കാൻ സാധിക്കില്ല. സ്റ്റേജിൽ നിൽക്കുമ്പോൾ തെറ്റുകൾ സംഭവിക്കാൻ പാടില്ല. കാരണം ആളുകളുടെ മുന്നിൽ വച്ചാണ് ഞാൻ വരക്കുന്നത്" അദ്ദേഹം പറഞ്ഞു. അത് മാത്രവുമല്ല ഓരോ പ്രാവശ്യവും പുതിയതായി എന്തെങ്കിലും കണ്ടുപിടിക്കുന്നതും ഒരു വെല്ലുവിളിയാണ്. "എനിക്ക് ഒരേ ഛായാചിത്രം വീണ്ടും വീണ്ടും ചെയ്യാൻ കഴിയില്ല. പുതിയ എന്തെങ്കിലും പരിശീലിക്കാനാണെങ്കിൽ ധാരാളം സമയം ആവശ്യമാണ് താനും. ഒരു മാസത്തിൽ കൂടുതൽ സമയവും യാത്ര ചെയ്യുന്ന എനിക്ക് സമയം കണ്ടെത്തുന്നത് ശരിക്കും പ്രയാസമുള്ള ഒരു കാര്യമാണ്. പക്ഷേ, ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി" വിലാസ് പറഞ്ഞു. ഫുട്ബോൾ ഇതിഹാസം പെലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി,  ശ്രീ പ്രണബ് മുഖർജി, ഡോ. എ പി ജെ അബ്ദുൾ കലാം, ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധി പ്രമുഖരാണ് അദ്ദേഹത്തെ അഭിനന്ദിച്ചിട്ടുള്ളത്.

14 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ അദ്ദേഹത്തിന് 15 മിനിട്ടു കൊണ്ട് വരച്ചിരുന്ന ഛായാചിത്രം വെറും 2.3 മിനിറ്റിൽ  പൂർത്തിയാക്കാൻ സാധിച്ചു. എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു ജീവിത യാത്രയാണ് അദ്ദേഹത്തിന്റേത്. നയിക്കാൻ ഒരു ഗുരുവില്ലാതെ, സ്വയം പഠിച്ച്, സ്വന്തം ജോലിയും ജീവിതവും ഇതിനായി മാറ്റിവച്ച് വിലാസ് സ്വന്തമായ ഒരു സ്ഥാനം ചിത്രരചന ലോകത്ത് നേടിയെടുക്കുകയായിരുന്നു.   

click me!